കണ്ണീരോടെ കര്‍ഷകര്‍; അപ്രതീക്ഷിത മഴയില്‍ പാടങ്ങള്‍ വെള്ളക്കെട്ടില്‍, നെല്‍കൃഷി നശിച്ചു
1 min readആലപ്പുഴ: അപ്രതീക്ഷിത മഴയില്‍ പാടങ്ങള്‍ വെള്ളക്കെട്ടില്‍. അപ്പര്‍കുട്ടനാട്ടിലെ മാന്നാര്‍, ചെന്നിത്തല ബ്ലോക്കുകളിലെ പാടങ്ങളാണ് വെള്ളക്കെട്ടിലായത്. 110 ഏക്കറുള്ള ചെന്നിത്തല 14ാം ബ്ലോക്കില്‍ വിത കഴിഞ്ഞ പാടം ഇപ്പോള്‍ വെള്ളക്കെട്ടിലാണ്. വെള്ളക്കെട്ടില്‍ വിതച്ച നെല്‍വിത്തുകള്‍ പഴുത്തുപോകാനിടയുണ്ട്. കാലപ്പഴക്കമേറിയ രണ്ട് മോട്ടോറുകളില്‍ ഒന്ന് പ്രവര്‍ത്തനരഹിതമായിട്ട് രണ്ട് വര്‍ഷമായി. പാടങ്ങളിലെ വെള്ളം വറ്റിക്കാന്‍ മാസങ്ങള്‍ വേണ്ടിവരും. 25,000 രൂപയില്‍ കൂടുതല്‍ ചെലവഴിച്ചാണ് ഓരോ കര്‍ഷകനും നിലമൊരുക്കിയത്. കഴിഞ്ഞ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഒരുമണി നെല്ലുപോലും വീടുകളിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്ന് കര്‍ഷകരായ കുന്നേല്‍ ബിജു, എട്ടുപറയില്‍ പുത്തന്‍വീട്ടില്‍ ഉത്തമന്‍ എന്നിവര്‍ പറഞ്ഞു.
മാന്നാര്‍ പടിഞ്ഞാറന്‍ പ്രദേശത്തെ 1400 ഏക്കര്‍ പാടശേഖരങ്ങളില്‍ ബലക്ഷയമേറിയ രണ്ട് പുറംബണ്ടുകളാണുള്ളത്. പമ്പാനദിയിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയരുന്നത് പുറംബണ്ടിന് ഭീഷണിയാണ്. ഇലമ്പനംതോട്ടിലെ സംരക്ഷണഭിത്തികള്‍ ഏതുനിമിഷവും നിലംപൊത്താം. ബണ്ടുകള്‍ പുനര്‍നിര്‍മിക്കണമെന്ന ആവശ്യം കര്‍ഷകരില്‍ ശക്തമാണ്. സജി ചെറിയാന്‍ എംഎല്‍എയുടെ വികസനഫണ്ടില്‍നിന്ന് പുറംബണ്ട് നിര്‍മാണത്തിന് തുക അനുവദിച്ചിട്ടുണ്ട്.
മുക്കംവാലേ ബണ്ട് റോഡിന് 7.70 കോടി, മൂര്‍ത്തിട്ട മുക്കത്താരി ബണ്ട് റോഡിന് 5.50 കോടി രൂപയുമാണ് അനുവദിച്ചത്. ടെന്‍ഡര്‍ നടത്തിയെങ്കിലും ആരും ഏറ്റെടുത്തില്ല. കഴിഞ്ഞ വിളവെടുപ്പ് സമയത്ത് നാല് തവണയുണ്ടായ മടവീഴ്ചയില്‍ ഏക്കറുകണക്കിന് നെല്‍കൃഷി നശിച്ചു. നേന്ത്രവേലി 110 ഏക്കര്‍ വിസ്തീര്‍ണമുള്ള പാടത്തെ നെല്‍കൃഷി പൂര്‍ണമായി നശിച്ചു. കുരട്ടിശേരി നാലുതോട് പാടത്തും മടവീഴ്ചയുണ്ടായി. ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചും പലിശയ്ക്ക് പണം വാങ്ങിയുമാണ് നെല്‍കൃഷി ചെയ്തത്.