കേരളം വീണ്ടും പനിക്കിടക്കയില്‍; ആരോഗ്യ പ്രശ്നങ്ങള്‍ കൂടുന്നു
1 min readതിരുവനന്തപുരം: സാധാരണ ഓഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ കേരളത്തില്‍ പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്താറുണ്ടെങ്കിലും കോവിഡാനന്തര ആരോഗ്യ കേരളത്തില്‍ പനി അത്ര നിസാരമായി കണേണ്ട ഒന്നല്ലെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. കേരളം വീണ്ടും പനിക്കിടക്കയിലാണെന്ന് കണക്കുകള്‍ പറയുന്നു. മഴക്കാലത്തിന്റെ തുടക്കം മുതല്‍ കേരളത്തില്‍ പനി ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു. മഴ കുറഞ്ഞ സമയത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു പനിക്കാലം രേഖപ്പെടുത്തിയെങ്കിലും പിന്‍വാങ്ങിയ പനി അടക്കമുള്ള രോഗങ്ങള്‍ ഇപ്പോള്‍ വീണ്ടും തലപൊക്കിത്തുടങ്ങിയെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ കാണിക്കുന്നു. പനി പിടിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് രേഖപ്പെടുത്തുമ്പോഴും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നത്.
ഈ മാസം 24 ാം തിയതി ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കേരളത്തില്‍ 14 ജില്ലകളിലായി 14,053 പനി ബാധിതര്‍ സര്‍ക്കാര്‍ ആശുപത്രികളെത്തി ചികിത്സതേടിയിരുന്നു. ഏറ്റവും കുടുതല്‍ പനി രേഖപ്പെടുത്തിയത് കോഴിക്കോട് (2490), മലപ്പുറം (1804), തിരുവനന്തപുരം (1193), എറണാകുളം (1124), കണ്ണൂര്‍ (1124), പാലക്കാട് (1217) ജില്ലകളിലാണ്. അതേ ദിവസം കേരളത്തില്‍ 1448 പേര്‍ക്ക് കൊവിഡ് ബാധിച്ചതായും രേഖപ്പെടുത്തി. തൊട്ടടുത്ത ദിവസം ഞായറാഴ്ച ആയതിനാല്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയ ആളുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 6713 പേരാണ് ഞായറാഴ്ച ആശുപത്രികള്‍ പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയത്.
എന്നാല്‍, തിങ്കയാഴ്ച വീണ്ടും പനി ബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഏഴ് ജില്ലകളില്‍ ആയിരത്തിന് മേലെയാണ് പനിബാധിതര്‍. തിരുവനന്തപുരം (1431), കോട്ടയം (1099), എറണാകുളം (1188), പാലക്കാട് (1336), മലപ്പുറം (1534), കോഴിക്കോട് (1758), കണ്ണൂര്‍ (1098) എന്നിങ്ങനെയാണ് ആ കണക്കുകള്‍. അതേ സമയം ഡങ്കിപ്പനിയും എലിപ്പനിയും ബാധിച്ചെത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായെന്നും കണക്കുകള്‍ കാണിക്കുന്നു. ചൊവ്വാഴ്ചയും പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച എട്ട് ജില്ലകളില്‍ പനി ബാധിതരുടെ എണ്ണം ആയിരം കടന്നു. തിരുവനന്തപുരം (1295), കൊല്ലം (1018), എറണാകുളം (1109), പാലക്കാട് (1186), മലപ്പുറം (1828), കോഴിക്കോട് (1696), കണ്ണൂര്‍ (1101), കാസര്‍കോട് (1146) എന്നിങ്ങനെയാണ് ആ കണക്കുകള്‍.
ഇതോടൊപ്പം കേരളത്തില്‍ ഇപ്പോഴും പ്രതിദിനം 15,000 കൊവിഡ് കേസുകളും രേഖപ്പെടുത്തുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു.. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം രേഖപ്പെടുത്തിയ കണക്കാണ് ഇവ. കേരളത്തിലൊട്ടുക്കുമുള്ള സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ സംഖ്യകള്‍ ഏറെ ഉയരത്തിലെത്തും. എന്നാല്‍, കേരളത്തിലിപ്പോഴും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് കേരളത്തിലെ പനിയുടെ സ്വഭാവത്തില്‍ ഏറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പലര്‍ക്കും പനി വിട്ട് പോകാതെ ആഴ്ചകളോളും തുടരുന്നതായും അതോടൊപ്പം മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പനി ബാധിച്ചവരില്‍ പ്രതിരോധ ശേഷി കുറവ് ശക്തമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പലര്‍ക്കും ദിവസങ്ങളുടെ ഇടവേളകളില്‍ പനി ആവര്‍ത്തിച്ച് പിടിപെടുന്നു. വീട്ടില്‍ ഒരാള്‍ക്ക് പനി വന്നാല്‍ തൊട്ട് പിന്നാലെ വീട്ടിലുള്ള എല്ലാവര്ക്കും പകരുന്ന സാഹചര്യമാണുള്ളത്. സ്ക്കൂള് തുറന്നതിനാല്‍ കുട്ടികളാണ് പനി ബാധിതരില്‍ അധികവും. പനി മാറിയാലും ചുമയും കഫക്കെട്ട് അടക്കമുള്ള ശാരീരിക അസ്വസ്ഥതകള്‍ ആഴ്ചകള്‍ നീണ്ടു നില്ക്കുന്നതായി രോഗികളും പറയുന്നു.
ഇടയ്ക്കിടയ്ക്കുള്ള മഴയോടൊപ്പം പെട്ടെന്ന് കാലാവസ്ഥയില്‍ ഉണ്ടായ മാറ്റം പനി ബാധിതരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. മഴ മൂലം പലയിടക്കായി കെട്ടിക്കിടക്കുന്ന ജല സാന്നിധ്യം ഡെങ്കിപ്പനിയുടെ എണ്ണം കൂട്ടിയപ്പോള്‍ എലിപ്പനിയും ശക്തമായ സാന്നിധ്യമായി സംസ്ഥാനത്ത് തിരിച്ചെത്തി. തെരുവ് നായ്ക്കളോടൊപ്പം കേരളത്തിലെ തെരുവുകളില്‍ എലികള്‍ വ്യാപകമായതും എലിപ്പനിയുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കി. പനി ബാധിച്ചവരില്‍ രണ്ടാഴ്ചയോളം അതിന്റെ ശാരീരികാസ്വാസ്ഥങ്ങള്‍ നീണ്ടു നില്ക്കുന്നു. അത് കഴിഞ്ഞാലും ശരീരം വേദന. സന്ധി വേദന, ക്ഷീണം, തലചുറ്റല്‍ പോലുള്ള ശാരീരികാസ്വാസ്ഥതകള്‍ നിലനില്ക്കുന്നു. കുട്ടികളില്‍ ക്ഷീണം, കഫക്കെട്ട്, ചുമ തുടങ്ങിയ പ്രശ്നങ്ങളും സാധാരണമായി. നിലവില്‍ കൊവിഡ് പരിശോധനയിലുണ്ടായ കുറവ് കൊവിഡ് രോഗികളുടെ എണ്ണത്തിലും കാണാം.
പലരും സ്വയം ചികിത്സയ്ക്ക് നടത്തുന്നതും പരിശോധനയ്ക്ക് തയ്യാറാകാത്തതും രോഗികളുടെ എണ്ണം കുറയാന്‍ കാരണമാകുന്നു. എന്നാല്‍, ഇപ്പോഴത്തെ പനിയുടെ സ്വഭാവം തിരിച്ചറിയാതെയുള്ള ഇത്തരം സ്വയം ചികിത്സകള്‍ രോഗിയുടെ ആരോഗ്യ വഷളാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ ഓപികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. അതോടൊപ്പം രോഗം വളരെ വേഗത്തില്‍ പടരുകയും ചെയ്യുന്നു. കൃത്യമായ മരുന്നും വിശ്രമവും ഇല്ലെങ്കില്‍ ഇപ്പോഴത്തെ പനി കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്നും അതിനാല്‍ പനി ബാധിച്ചാല്‍ സ്വയം ചികിത്സിക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ സമീപിക്കണമെന്നും ഡോക്ടര്‍മാരും ആവശ്യപ്പെടുന്നു. ഒരു തവണയോ അതില്‍ കൂടുതലോ തവണ കൊവിഡ് ബാധിച്ചവരില്‍ പനി കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. പേ വിഷബാധയ്ക്കെതിരെയുള്ള യജ്ഞം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ ഏറ്റെടുത്തെങ്കിലും തെരുവുകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജം പോലുള്ള അടിസ്ഥാന പ്രശ്നങ്ങളില്‍ ഇപ്പോഴും തോടാതെ നില്‍ക്കുന്നത് എലിപ്പനി. ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവാധികളെ സജീവമായി നിലനിര്‍ത്തുന്നു.