മൃതദേഹമെന്ന വ്യാജേന ശവപ്പെട്ടിയിൽ ഒളിപ്പിച്ചു കടത്തിയത് 212 കുപ്പി മദ്യം; 2പേർ അറസ്റ്റിൽ
1 min readപട്ന : ശവപ്പെട്ടിയിൽ മദ്യം കടത്തിയ ആംബുലൻസ്, എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. ശവപ്പെട്ടിയിൽ ഒളിപ്പിച്ചിരുന്ന 212 കുപ്പി മദ്യവും പിടിച്ചെടുത്തു. ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് ബിഹാറിലെ മുസഫർപൂരിലേക്കുള്ള യാത്രക്കിടെ ഗയയിലാണ് ആംബുലൻസിലെ മദ്യക്കടത്തുകാർ കുടുങ്ങിയത്. ശവപ്പെട്ടിയിൽ മൃതദേഹമാണെന്ന വ്യാജേന മദ്യക്കുപ്പികൾ മൂടിവെച്ചിരുന്നു.
ജാർഖണ്ഡുകാരായ ഡ്രൈവർ ലളിത്കുമാർ മഹാതോയെയും സഹായി പങ്കജ് യാദവിനെയും എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആംബുലൻസ് പരിശോധന.
മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണെങ്കിലും യു.പി, ജാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നും നേപ്പാൾ അതിർത്തി വഴിയും ബിഹാറിലേക്ക് മദ്യം എത്തുന്നുണ്ട്. അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന നടക്കുന്നുണ്ടെങ്കിലും ബിഹാറിൽ മദ്യത്തിന് പഞ്ഞമില്ല.