കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ തടഞ്ഞ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
1 min readതിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരിൽ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ പിതാവിനെ പൊലീസ് തടഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശിച്ചു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടിയെടുത്തത്.
ഞായറാഴ്ച വൈകുന്നേരം 6.45ന് എറണാകുളം കാലടിയിലായിരുന്നു സംഭവം. മുഖ്യമന്ത്രിയ്ക്ക് സുരക്ഷയൊരുക്കാനായി കാലടിയിലും മറ്റൂർ ജംഗ്ഷനിലും വൻ പൊലീസ് സന്നാഹമായിരുന്നു. വിദേശത്തേക്കുപോകുന്ന ഭാര്യയെ വിമാനത്താവളത്തിലിറക്കി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശി ശരത്ത് തനിക്കൊപ്പമുണ്ടായിരുന്ന നാല് വയസ്സുള്ള കുഞ്ഞിന് മരുന്നു വാങ്ങാനെത്തിയത്. മെഡിക്കൽഷോപ്പിനു സമീപം വാഹനം നിർത്താൻ ശ്രമിച്ച ശരത്തിനെ പൊലീസ് തടഞ്ഞു. മരുന്നു വാങ്ങി പെട്ടെന്ന് പോകാമെന്നു പറഞ്ഞിട്ടും പൊലീസ് കൂട്ടാക്കിയില്ല. ഒരു കിലോമീറ്ററോളം മുന്നോട്ടുപോയെങ്കിലും മെഡിക്കൽഷോപ്പ് കാണാതെ ശരത് തിരികെ വന്ന് സമീപത്തുള്ള ഹോട്ടൽ വളപ്പിൽ കാർ പാർക്കു ചെയ്തപ്പോൾ പൊലീസ് വീണ്ടും തടയുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതുചോദ്യം ചെയ്ത മെഡിക്കൽഷോപ്പ് ഉടമയെയും പൊലീസ് ഭീഷണിപ്പെടുത്തി. കട പൂട്ടിക്കുമെന്നായിരുന്നു ഭീഷണി. മരുന്ന് വാങ്ങി മടങ്ങിയ ശരത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും പരാതി അയച്ചിരുന്നു.
ഇവിടെ കടകൾക്കു മുന്നിൽ നിന്നിരുന്നവരെയെല്ലാം പൊലീസ് ഒഴിപ്പിച്ചിരുന്നു. കടയിൽ ചായ കുടിച്ചുകൊണ്ടിരുന്നവരെ ഇറക്കി വിട്ടതായും പരാതിയുണ്ട്. കറുത്ത ഷർട്ട് ധരിച്ചിരുന്ന ഇതര സംസ്ഥാനക്കാരനെ ഭീഷണിപ്പെടുത്തി. സ്റ്റാൻഡിലുണ്ടായിരുന്ന ഓട്ടോറിക്ഷകളും ഒഴിപ്പിച്ചു.
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന്റെ അമിതവേഗത്തിനെതിരെ പാലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്‌കോടതി മുൻപ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരനും റോഡിൽ യാത്ര ചെയ്യണ്ടേ എന്നായിരുന്നു കോടതിയുടെ ചോദ്യം. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനെന്ന പേരിൽ വഴിനീളെ ജനത്തെ ബന്ധികളാക്കുന്ന പ്രവണതയാണ് ഇവിടെയുള്ളത്. മരുന്ന് വാങ്ങാനെത്തുന്നവരെ തടയുന്നു. കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരെ അറസ്റ്റു ചെയ്യുന്നു. മീറ്റിംഗുകൾ നിർത്തി വെക്കാനാവശ്യപ്പെടുന്നു. കറുത്ത വസ്ത്രമോ മാസ്‌കോ ധരിച്ചവരെ ഭീഷണിപ്പെടുത്തുന്നു. കേരളമാകെ ഒരുതരം പൊലീസ് രാജാണ് നിലനിൽക്കുന്നതെന്ന് ജനം പഴിക്കുന്നതിനിടെയാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.