ലോകത്തെ നടുക്കിയ ഭീകര പ്രസ്ഥാനത്തിന്റെ സ്വാധീനം നമ്മുടെ നാട്ടിൽ ഉണ്ടായി എന്ന യാഥാർത്ഥ്യത്തെ മൂടിവയ്ക്കാൻ ശ്രമിക്കുന്നതെന്തിന് : ഫാദർ വർഗീസ് വള്ളിക്കാട്ട്
1 min readലോകത്തെ നടുക്കിയ ഭീകര പ്രസ്ഥാനത്തിന്റെ സ്വാധീനം നമ്മുടെ നാട്ടിൽ ഉണ്ടായി എന്ന യാഥാർത്ഥ്യത്തെ മൂടിവയ്ക്കാൻ ശ്രമിക്കുന്നതെന്തിനെന്ന് ഫാദർ വർഗീസ് വള്ളിക്കാട്ട്. ഈ വിഷയം ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ, സമാധാനത്തോടെ ജീവിക്കുന്ന ആളുകൾ അതിനെതിരെ ഇറങ്ങിത്തിരിക്കുന്നതെന്തിനാണ്. ആരോപണത്തിൽ കഴമ്പില്ലെങ്കിൽ കേരളത്തിന്റെ ഖജനാവിൽ നിന്നും ഡീ-റാഡിക്കലൈസേഷനുവേണ്ടി കോടികൾ ചെലവിട്ടതെന്തിന്. ദ കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഫാദർ വർഗീസ് വള്ളിക്കാട്ട് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ
അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നമ്മുടെ സമൂഹവും രാഷ്ട്രീയ പാർട്ടികളും അവരുടെ രീതികളും മാറുകയാണ്…
ഒരുകാര്യം ഉറപ്പാണ്. ഇന്ത്യയിലായാലും ലോകത്തെവിടെയായാലും തീവ്രവാദ രാഷ്ട്രീയത്തെ, പ്രത്യേകിച്ച് ആഗോളത്തലത്തിൽ അജണ്ടയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളെയും അവയുടെ പ്രത്യയശാസ്ത്രത്തെയും പ്രതിരോധിച്ചുകൊണ്ടല്ലാതെ ഇനി ഒരു രാജ്യത്തിനും ജനതക്കും മുന്നോട്ടുപോകാനാവില്ല!
ഇതു ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു…
അതിന്റെ അലയൊലികൾ എല്ലായിടങ്ങളിലും ദൃശ്യമാണ്! ഏഷ്യയും യൂറോപ്പും മാത്രമല്ല മറ്റു ഭൂഘണ്ഡങ്ങളും ഈ മാറ്റത്തിന്റെ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്…
ഈ വിഷയം ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ, നമ്മുടെ നാട്ടിൽ സമാധാനപരമായി ജീവിക്കുന്ന ആളുകൾ എന്തിനാണ് അതിനെതിരെ ഇറങ്ങിത്തിരിക്കുന്നത്…?
മതത്തെ ഭീകരവാദവുമായി കൂട്ടിക്കെട്ടരുത് എന്നു പറയുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും മത സംഘടനകളും പോലും, ലോകത്തെ നടുക്കിയ ഒരു ഭീകര പ്രസ്ഥാനത്തിന്റെ സ്വാധീനം നമ്മുടെ നാട്ടിൽപോലും ഉണ്ടായി എന്ന യഥാർഥ്യത്തെ, രാഷ്ട്രീയലാക്കോടെ, എന്തിനാണ് മൂടി വയ്ക്കാൻ ശ്രമിയ്ക്കുന്നത്?
ഗ്ലോബൽ ടെററിസത്തിന്റെ സ്വാധീനം കേരളത്തിൽ വർധിച്ചുവരുന്നു എന്ന ആരോപണത്തിൽ കഴമ്പില്ലെങ്കിൽ, പിന്നെയെന്തിനാണ്, കേരളത്തിന്റെ ഖജനാവിൽനിന്നും ‘ഡീ-റാഡിക്കലൈസേഷനു’ വേണ്ടി കോടികൾ ചെലവിട്ടു എന്നു ചുമതലപ്പെട്ടവർ പറയുന്നത്…?
നൂറുപേർ ഹജ്ജിനുപോയി എന്നു പറയുന്ന മനോഭാവത്തോടെയാണോ കേരളത്തിന്റെ നൂറിലേറെ യുവാക്കൾ ഒരു ഭീകര പ്രസ്ഥാനത്തിൽ ചേരാനയി പോയി, അവരിൽ പലരും കൊല്ലപ്പെട്ടു, പലരും ഇപ്പോഴും വിവിധ ജയിലുകളിൽ കഴിയുന്നു, പലരും എവിടെയുണ്ടെന്നോ ജീവിച്ചിരിക്കുന്നോ എന്നുപോലും അറിയില്ല എന്നതും നമ്മൾ കാണേണ്ടത്?
‘ക്രിസ്ത്യാനികളായി ജനിച്ച ജിഹാദികളല്ലേ, പെൺകുട്ടികളെ മതം മാറ്റി സിറിയയിലേക്ക് കൊണ്ടുപോയത്, അതിനു മറ്റൊരു സമുദായത്തെ കുറ്റപ്പെടുത്താണോ’ എന്നൊരു പ്രബുദ്ധൻ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു! ക്രിസ്തീയ കുടുംബങ്ങളിൽ എന്നുമുതലാണ് അയാൾ പറഞ്ഞതരം കുട്ടികൾ ഉണ്ടായിത്തുടങ്ങിയത് എന്ന് ആർക്കെങ്കിലും അറിയുമോ? ക്രിസ്ത്യാനിക്കുട്ടികൾ അയാൾ പറഞ്ഞതരം ആൾക്കാരായി മാറുന്നത്, ഇടവക പള്ളിയിൽ വേദപാഠം പഠിച്ചിട്ടാണോ? വികാരിയച്ചൻമാരുടെ പ്രസംഗം കെട്ടിട്ടാണോ? മാതാപിതാക്കളിൽനിന്നു മതം പഠിച്ചിട്ടാണോ??? എന്തുതരം യുക്തിയിലാണ്, അതിനും ക്രിസ്ത്യാനികൾ ഉത്തരവാദികളകുന്നത്?
മറ്റൊരു പ്രബുദ്ധന്റെ ചോദ്യം ഇങ്ങനെയാണ്: ‘ലവ് ജിഹാദുണ്ട് എന്നു പറയുന്നതല്ലാതെ, അതിന്റെ കൃത്യമായ കണക്കുകൾ നിങ്ങൾ എന്തുകൊണ്ട് സമൂഹത്തിനു മുൻപിൽ വയ്ക്കുന്നില്ല?’ ഇതു വിഷയം, ഡേറ്റയുടെ ആധികാരികതയുടെ തലത്തിലേക്കു തിരിച്ചുവിട്ടു തടിത്തപ്പാനാണെങ്കിൽ, അത്ര കുഴപ്പമില്ല. എന്നാൽ, എൻ ഐ എ പോലുള്ള ഏജൻസികൾ അന്വേഷിച്ചു കൃത്യമായ വിവരങ്ങൾ ശേഖരിക്കേണ്ട ഒരു വിഷയം, സമുദായങ്ങൾ പരസ്പരം കുറ്റാന്വേഷണം നടത്തി, നടപടി സ്വീകരിക്കണമെന്ന അത്യന്തം പ്രകോപനപരമായ തലത്തിലേക്കു തള്ളിവിട്ടു ലാഭമുണ്ടാക്കാമെന്ന രാഷ്ട്രീയ കൗശലമാണെങ്കിൽ, അത് അങ്ങേയറ്റം ഹീനമായ ഒന്നാണ് എന്നു പറയാതെ വയ്യാ.
സാമുദായിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള രാഷ്ട്രീയപ്പാർട്ടികളുടെ കിടമത്സരമാണ്, ഇത്തരം അപകടകരമായ ആവേശത്തിനും പരവേശത്തിനും പിന്നിലുള്ളത് എന്ന് ആർക്കാണ് ഇനിയും അറിയാത്തത്!
രാഷ്ട്രീയ പാർട്ടികളുടെ ആത്മവിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന ഒറ്റകാര്യമാണ് അവരുടെ സമുദായ ധൃവീകരണ ശ്രമങ്ങൾക്കും, പ്രീണന നാടകങ്ങൾക്കും പിന്നിലുള്ളത് എന്നു പറയാതെ വയ്യാ.
ഫാ. വർഗീസ് വള്ളിക്കാട്ട്