പ്രതിപക്ഷം ഒത്തുശ്രമിച്ചാൽ 2024ൽ സ്റ്റാലിനെ പ്രധാനമന്ത്രിയാക്കാമെന്ന് ഫാറൂഖ് അബ്ദുള്ള

1 min read

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ 2024ൽ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് നാഷണൽ കോൺഫറൻസ്‌ നേതാവും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. ബിജെപിയെയും നരേന്ദ്രമോദിയെയും താഴെയിറക്കാൻ പ്രതിപക്ഷം ഒന്നിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘ആദ്യം നാം ഒരുമിച്ച് നിന്ന് വിജയിക്കുകയാണ്‌ വേണ്ടത്. ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കാം. അക്കൂട്ടത്തിൽ സ്റ്റാലിനും മികച്ച സാധ്യതയാണുള്ളത് ‘ഫാറൂഖ് അബ്ദുള്ള മാധ്യമങ്ങളോടു പറഞ്ഞു. എം.കെ.സ്റ്റാലിന്റെ 70-ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഡിഎംകെ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിന് ചെന്നൈയിലെത്തിയതായിരുന്നു അദ്ദേഹം.
കാശ്മീർ മുതൽ കന്യാകുമാരി വരെ ഇന്ത്യയെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന നേതാവാണ് സ്റ്റാലിൻ. അദ്ദേഹത്തെ ദേശീയ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിൽ പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നതായും അബ്ദുള്ള പറഞ്ഞു.
പ്രധാനമന്ത്രി മോഹവുമായി നടക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ഇരുവരുടെയും പ്രതികരണമറിയാനുള്ള ആകാംക്ഷയിലാണ് മറ്റ് പാർട്ടികൾ. ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാറും എൻഡിഎ വിട്ടത് പ്രധാനമന്ത്രി മോഹവുമായാണ് എന്ന് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.