എസ്ബിഐ ബാങ്കില്‍ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ സംഘത്തിലെ അഞ്ചുപേര്‍ കൂടി പിടിയില്‍
1 min readകായംകുളം (ആലപ്പുഴ) : നഗരത്തിലെ എസ് ബി ഐ ബാങ്കില്‍ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയില്‍ കീരിക്കാട് വില്ലേജില്‍ കണ്ണമ്പള്ളിഭാഗം മുറിയില്‍ വലിയ പറമ്പില്‍ വീട്ടില്‍ നൗഫല്‍ (38), കായംകുളം വില്ലേജില്‍ കായംകുളം മുറിയില്‍ പുത്തേത്ത് ബംഗ്ലാവില്‍ ജോസഫ് (34), കരുനാഗപ്പള്ളി താലൂക്കില്‍ ഓച്ചിറ വില്ലേജില്‍ ചങ്ങന്‍ കുളങ്ങര മുറിയില്‍ കോലേപ്പള്ളില്‍ മോഹനന്‍ (66) ആലപ്പുഴ പടിഞ്ഞാറ് വില്ലേജില്‍ സക്കറിയാ ബസാര്‍ ഭാഗത്ത് യാഫി പുരയിടം വീട്ടില്‍ ഹനീഷ് ഹക്കിം( 35), കരുനാഗപ്പള്ളി താലൂക്കില്‍ ഓച്ചിറ വില്ലേജില്‍ ചങ്ങന്‍ വവ്വാക്കാവ് പൈങ്കിളി പാലസ് വീട്ടില്‍ അമ്പിളി എന്ന് വിളിക്കുന്ന ജയചന്ദ്രന്‍ (54) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ഇവരെയും ഇവരുടെ വീടുകളും പരിശോധന നടത്തിയതില്‍ നിന്ന് 2,32,500 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഒന്നാം പ്രതി സുനില്‍ ദത്തിനെയും രണ്ടാം പ്രതി അനസിനേയും നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ഉള്‍പ്പെടെ ആകെ 2,69,000 രൂപയുടെ കള്ളനോട്ട് ഇതു വരെ കണ്ടെത്തിയിട്ടുണ്ട്. പ്രതിയായ ജോസഫാണ് രണ്ടര ലക്ഷം രൂപ മുടക്കി അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ട് വാങ്ങിയത്. ആലപ്പുഴ സ്വദേശിയായ ഹനീഷ് ഹക്കിം ആണ് ഈ കള്ളനോട്ടുകള്‍ വയനാട് കല്പറ്റ സ്വദേശിയില്‍ നിന്ന് വാങ്ങി നല്‍കിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വയനാട് സ്വദേശിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും കള്ളനോട്ട് ലഭിച്ച മാര്‍ഗ്ഗം കണ്ടെത്താനും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കായംകുളം സി ഐ മുഹമ്മദ് ഷാഫി അറിയിച്ചു.