ഇപിയും ഗോവിന്ദനും നേർക്കുനേർ. മഞ്ഞുരുക്കാൻ പിണറായി
1 min readഇപി ജയരാജൻ മുഖ്വമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽനിന്ന് ഇ.പി.ജയരാജൻ വിട്ടുനിന്നതും അതിന് എം.വി.ഗോവിന്ദൻ നൽകിയ മറുപടിയും പാർട്ടിയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായ ഇ.പി.യുടെ വിട്ടുനിൽക്കൽ പാർട്ടി അണികളിലും ഒട്ടേറെ സംശയങ്ങൾക്ക് ഇടയാക്കി. കോഴിക്കോട് സിപിഎമ്മിന്റെ സെമിനാർ നടക്കുമ്പോൾ തിരുവനന്തപുരത്ത് ഡിവൈഎസ്പി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഇപി.
കഴിഞ്ഞ കുറേക്കാലമായി പാർട്ടിയുമായി അകൽച്ചയിലാണ് ഇപി ജയരാജൻ. തന്നേക്കാൾ ജൂനിയറായ എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായതു മുതലാണ് ഇപി തന്റെ നിസ്സഹകരണം തുടങ്ങിയത്. എംവി ഗോവിന്ദൻ ജനകീയ പ്രതിരോധജാഥ നയിച്ചപ്പോൾ മലബാർ മേഖലയിലൊന്നും പങ്കെടുക്കാൻ ഇപി തയ്യാറായില്ല. ജൂൺ 30ന് നടന്ന സിപിഎം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ജൂലൈ 1, 2 തീയതികളിൽ നടന്ന സംസ്ഥാന കമ്മറ്റികളിലും അദ്ദേഹം വിട്ടു നിന്നു. ചികിത്സയ്ക്കായി പോയിരുന്നു എന്നാണ് അന്ന് കാരണം പറഞ്ഞത്. ഇപ്പോഴിതാ എാകവ്യക്തി നിയമത്തിനെതിരായി സിപിഎം തന്നെ സംഘടിപ്പിക്കുന്ന സെമിനാറിൽ നിന്നും അകന്നു നിൽക്കുന്നു ഇപി ജയരാജൻ. എൽഡിഎഫിന് പുറത്തുള്ള കക്ഷികളും മത-സാമുദായിക സംഘടനകളും പങ്കെടുക്കുന്ന സെമിനാറാണ് ഇടതുമുന്നണി കൺവീനർ ബഹിഷ്‌കരിക്കുന്നത്.
സെമിനാറിലേക്ക് ഇപിയെ പ്രത്യേകമായി ക്ഷണിച്ചതുമില്ല നേതൃത്വം. ചികിത്സാർത്ഥം പാർട്ടിയോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന ആളെ പൊതുയോഗങ്ങളിൽ പങ്കെടുപ്പിക്കേണ്ട എന്ന തീരുമാനത്തിലായിരിക്കാം നേതൃത്വം. ഇപി മനപൂർവം പ്രകോപനമുണ്ടാക്കുകയാണെന്ന വികാരമാണ് നേതൃത്വത്തിനുള്ളത്. ക്ഷണിക്കാതെ തന്നെ വരേണ്ട ആളായിരുന്നു ഇടതുമുന്നണി കൺവീനർ എന്നാണ് ഗോവിന്ദനും പറഞ്ഞുവെക്കുന്നത്.
എന്നാൽ ചിലർ അനാവശ്യമായി വിവാദമുണ്ടാക്കുകയാണെന്ന നിലപാടിലാണ് ഇപി ജയരാജൻ. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയാണ്: ‘പങ്കെടുക്കേണ്ടതായിരുന്നുവെന്നു ചിലരങ്ങു തീരുമാനിക്കുകയാണ്. അവിടെ പ്രസംഗിക്കാൻ നിശ്ചയിച്ചവരുടെ കൂട്ടത്തിൽ എന്റെ പേരില്ല. ഡിവൈഎഫ്ഐ പരിപാടിക്ക് ഒരു മാസം മുൻപേ ക്ഷണിച്ചതാണ്. വെളളിയാഴ്ചവരെ ആയുർവേദചികിത്സയിൽ ആയിരുന്നിട്ടും ഇവരെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ് വന്നത്’.
എൽഡിഎഫ് കൺവീനർ പി ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇങ്ങനെ കൊണ്ടും കൊടുത്തും മുന്നേറുന്നതിനിടയിലാണ് പിണറായി വിജയനുമായി ഇ.പി കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ഇപിയോട് മുഖ്യമന്ത്രി നിർദ്ദേശിച്ചതായാണ് വിവരം. ഈ മാസം 22ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ ഇപി പങ്കെടുക്കുമെന്നും സൂചനയുണ്ട്. പാർട്ടിയിലുണ്ടായ മഞ്ഞുരുക്കത്തിന്റെ സൂചനയാണോ ഇതെന്ന് ഉറ്റുനോക്കുകയാണ് അണികൾ.