എലത്തൂര്‍ തീവയ്പ്: കേരളം വിട്ടാലും എന്‍.ഐ.എ വിടില്ല
1 min readഎലത്തൂര്‍ ട്രെയിന്‍ തീവയ്പില്‍ സംസ്ഥാനത്തിന് ആരെയെങ്കിലും രക്ഷിക്കാനുണ്ടോ
ട്രെയിന്‍ തീവയ്പിനെ തുടര്‍ന്ന് ട്രാക്കില്‍ കണ്ട മൂന്നുപേരുടെ മരണത്തിന് തീവയ്പ് കേസിലെ പ്രതി ഷാരൂഖുമായി ബന്ധമില്ലേ. അങ്ങനെ പ്രചരിപ്പിക്കേണ്ടത് ആരുടെയെങ്കിലും ആവശ്യമാണോ. പ്രതിയെയും ഇതിലെ ഭീകര പ്രവര്‍ത്തനത്തെയും രക്ഷിച്ചെടുക്കാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ടോ. ഇപ്പോഴത്തെ രീതി കണ്ടാല്‍ സ്വാഭാവികമായും ഒരാള്‍ക്ക് തോന്നാവുന്ന സംശയമാണിത്. അതേ സമയം പരമാവധി ഉഴപ്പാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോഴും കേന്ദ്ര ഏജന്‍സികള്‍ ഇതിലെ ഗൂഡാലോചന സംബന്ധിച്ച അന്വേഷണത്തില്‍ വളരെയധികം മുന്നോട്ട് പോയിക്കഴിഞ്ഞു.
ഏപ്രില്‍ രണ്ടിന് രാത്രി ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ ഡി.വണ്‍ കോച്ചിലെ യാത്രക്കാരെയാണ് പ്രതി തീയിട്ടു കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ തൊട്ടടുത്തുള്ള ഡി. ടു കോച്ചും തീയിടാന്‍ പ്രതിക്ക് പരിപാടിയുണ്ടായിരുന്നുവെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. 2002ല്‍ ഗോധ്രയില്‍ നടന്നതിന് സമാനമായ സംഭവം. ഒടുവില്‍ തീവണ്ടിയിലെ ഏതെങ്കിലും യാത്രക്കാരനില്‍ അബദ്ധത്തില്‍ തീപിടിച്ചതാണെന്ന വ്യാഖ്യാനവും വരുത്താമായിരുന്നു എന്നാണ് പ്ലാനെന്നാണ് മനസ്സിലാക്കുന്നത്. തീ പടര്‍ന്ന ഉടന്‍ ഡി വണിലെ യാത്രക്കാരൊക്കെ ഡി ടു കോച്ചിലേക്കാണ് ഓടിക്കയറിയത്. എതിര്‍വശത്തുള്ള എസി കോച്ചിന്റെ അകത്തേക്കുള്ള വാതിലിനിടുത്തേക്കും ചിലര്‍ ഓടി. യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്നതിനിടയിക്ക് ഇയാളുടെ ബാഗ് ട്രെയിനില്‍ നിന്ന വീണത് ഡി.ടു കോച്ചില്‍ കൂടി ആക്രമണം നടത്താനുള്ള പദ്ധതി ഉപേക്ഷിക്കുന്നതിന് കാരണമായെന്നാണ് കരുതുന്നത്. രണ്ട ലിറ്റര്‍ കുപ്പിയിലുള്ള പെട്രേളാണ് താഴെ വീണ ബാഗിലുണ്ടായിരുന്നത്. ആദ്യത്തെ ആക്രമണത്തില്‍ ഇയാള്‍ കുപ്പിയില്‍ നിന്ന് പെട്രോള്‍ സ്‌പ്രേ ചെയ്യുകയാണ് ഉണ്ടായത്. തങ്ങളുടെ ശരീരത്തിലേക്ക് ഇയാള്‍ പെട്രോള്‍ സ്‌പ്രേ ചെയ്തപ്പോള്‍ എന്താണെന്ന് യാത്രക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിന് മുമ്പ് തീ കൊളുത്തുകയും ചെയ്തു. ട്രെയിനിലെ സീറ്റിലിരുന്നു പലരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരുന്നതിനാല്‍ പെട്ടെന്ന് ഇയാളുടെ നീക്കം മനസ്സിലാക്കാനുമായില്ല.
സംഭവം ഭീകര ആക്രമണമെന്നു തന്നെയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എന്‍.ഐ.എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. കേന്ദ്രം ഇത് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായത്തിനയച്ചിരിക്കുയാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് മറുപടി നല്‍കുന്നത് നീട്ടിക്കൊണ്ടുപോകുകയാണ്. ഇതൊരു കേന്ദ്ര സംസ്ഥാന തര്‍ക്കമായി മാറേണ്ട എന്നു കരുതിയാണ എന്‍.ഐ എ ഉടന്‍ കേസേറ്റെടുക്കാത്തത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വലിച്ചിഴയ്ക്കല്‍ തുടര്‍ന്നാല്‍ എന്‍.ഐ എ കേസ് ഏറ്റെടുക്കും. ഇപ്പോള്‍ തന്നെ എന്‍.ഐ.എയുടെ കൊച്ചി, ചെന്നൈ യൂണിറ്റുകള്‍ സംഭവത്തില്‍ വിശദമായ വിവര ശേഖരണം നടത്തുകയാണ്. ഡല്‍ഹിയിലും ഷഹീന്‍ബാഗിലുമുള്ള ഷാരൂഖിന്റെ സുഹൃത്തുക്കളെയും പരിചയക്കാരെയുമൊക്കെ ചോദ്യം ചെയ്തുവരികയാണ്. ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചുകഴിഞ്ഞു.
ഈ കേസിന്റെ തുടക്കത്തില്‍ തന്നെ അന്വേഷണത്തെ വഴി തിരിച്ചുവിടാന്‍ ചില മാദ്ധ്യമങ്ങള്‍ ബുദ്ധിപൂര്‍വം ശ്രമിച്ചിരുന്നതാണ്. അതിനനുസരിച്ച ഒരു നെറേറ്റീവ് സൃഷ്ടിക്കാനും ശ്രമിച്ചു. ഷാരൂഖിന്റെ വീട്ടുകാരും അതിനനുസൃതമായാണ് പ്രതികരിച്ചത്. എന്നാല്‍ ഒന്നര വര്‍ഷത്തിലധികമായി ഷാരൂഖിന് മതമൗലികവാദികളുമായി ബന്ധമുണ്ടെന്നാണ് മനസ്സിലാകുന്നത്. അത് ഡിജിറ്റല്‍ മാത്രമല്ല ഫിസിക്കലായും ഉണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് മനസ്സിലായിക്കഴിഞ്ഞു. ഒന്നര വര്‍ഷത്തോളമായി ഇയാളില്‍ കാര്യമായ മാറ്റമാണ് കണ്ടുവന്നത്. ഇത് സ്വാഭാവികമായും ബന്ധുക്കള്‍ക്കറിയാമായിരുന്നു. അവരത് ഒളിച്ചുവയ്ക്കുകയാണ് ചെയ്തത്. കുറച്ചുകാലമായി മതപരമായ കാര്യങ്ങളില്‍ കുടുതല്‍ ശ്രദ്ധ നല്‍കുന്ന ഇയാള്‍ ഡയറി എഴുതുന്ന സ്വഭാവവും തുടങ്ങിയിരുന്നു. ഡയറിക്കുറിപ്പുകളും രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താമസ സ്ഥലത്തു നിന്നും മറ്റും ലഭിക്കാന്‍ ശാസ്ത്രീയമായ അന്വേഷണ മാര്‍ഗങ്ങളും അവലംബിക്കുന്നുണ്ട്. ഭീകര ഗ്രൂപ്പുമായി ഇയാള്‍ക്കുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചനകളും ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് മുമ്പ് ഇതുവരെ ഷാരൂഖ് കേരളത്തിലേക്ക് പോയിട്ടില്ല എന്നാണ് പ്രതിയും ബന്ധുക്കളും അവകാശപ്പെടുന്നതെങ്കിലും ഇയാള്‍ കേരളത്തില്‍ ഇതിന് മുമ്പും വന്നിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇതുവരെ കേരളത്തില്‍ പോകാത്ത ആള്‍ ഇത്രയധികം ദൂരം യാത്ര ചെയ്ത് എന്തിന് ട്രെയിനില്‍ ആക്രമണം നടത്തി. അതും തനിക്ക് നേരിട്ട് യാതൊരു വിധ പരിചയമോ വിദ്വേഷമോ ഇല്ലാത്തവര്‍ക്ക് നേരെ എന്നതാണ് പ്രസക്തമായ ചോദ്യം. എന്നാല്‍ തന്നെ ആരും സഹായിച്ചില്ല എന്നും തനിക്ക് അങ്ങനെ തോന്നിയതുകൊണ്ട് ആക്രമണം നടത്തി എന്നുമാണ് ഷാരൂഖ് പറയുന്നത്.
ആക്രമണം നടത്തുന്ന ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ സമ്പര്‍ക്ക ക്രാന്തി ട്രെയിനിലാണ് ഇയാള്‍ ഷൊര്‍ണ്ണൂരില്‍ എത്തിയതെന്നാണ് പൊലീസിനോട് പറഞ്ഞത്. ഷൊര്‍ണൂര്‍-പട്ടാമ്പി റോഡിലുള്ള ചില സ്ഥലങ്ങളില്‍ നിന്ന് ഇയാള്‍ക്ക് സഹായം ലഭിച്ചതായും വിവരമുണ്ട്. രണ്ടുകാനുകളിലായാണ് കുളപ്പുളളിയിലുള്ള പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങിയത്. റെയില്‍വേ സ്റ്റേഷന് സമീപത്ത് രണ്ട് പെട്രോള്‍ പമ്പുകളുണ്ടായിട്ടും കൊളപ്പുള്ളിയില്‍ പോയി പെട്രോള്‍ വാങ്ങിയതും ഇതാണ് സൂചിപ്പിക്കുന്നത്.ഇതിനെല്ലാം കൃത്യമായ സഹായം തദ്ദേശീയമായി ലഭിച്ചിട്ടുണ്ട്. ഇവിടെയെത്തി ഇയാള്‍ വിളിച്ച നമ്പരുകളിലെ മൊബൈല്‍ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളുടെ ബാഗില്‍ നിന്നു ലഭിച്ച ഭക്ഷണ പദാര്‍ത്ഥം പരിശോധിച്ചപ്പോള്‍ അത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വാങ്ങിയതാണെന്നാണ് ഷാരൂഖ് വിശദീകരിച്ചത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് പോലീസ് പറയുന്നത്. ഷോര്‍ണൂരിലെയോ പരിസര പ്രദേശങ്ങളിലെയോ വീടുകളില്‍ നിന്നുണ്ടാക്കി നല്‍കിയതാണോ എന്ന സംശയവുമുണ്ട്. ട്രെയിനിലെ തീവയ്പിന് ശേഷം ട്രെയിന്‍ ചങ്ങല പിടിച്ചു നിര്‍ത്തുകയായിരുന്നു. എലത്തൂരില്‍ നിന്ന വീണ്ടും പുറപ്പെട്ട ശേഷം കൊയിലാണ്ടിയിലും വടകരയിലും അല്‍പ സമയം കൂടി നിര്‍തിയിട്ടിരുന്നു. രാത്രി 11.30 നാണ് എക്‌സിക്യൂട്ടീവ് കണ്ണൂരിലെത്തിയത്. കൊയിലാണ്ടിയിലും വടകരയിലും കണ്ണൂരിലും ട്രെയിനില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. എന്നിട്ടും ഇയാളെ പിടിക്കാന്‍ കഴിഞ്ഞില്ല. രണ്ടര മണിക്കൂര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തങ്ങിയ ശേഷമാണ് ഇയാല്‍ ജയപ്പൂരിലെക്കുള്ള മരുസാഗര്‍ എക്‌സ്പ്രസ്സില്‍ കയറിയത്. കണ്ണൂരില്‍ ഇയാളെ വസ്ത്രം മാറാന്‍ സഹായിക്കാനും അത്രയും സമയം ഒളിപ്പിക്കാനുമായി പ്രാദേശികമായ സഹായം കിട്ടിയിട്ടുണ്ടെന്നാണ് സൂചന. ആക്രമണം നടത്തുമ്പോള്‍ ധരിച്ച വസ്ത്രമല്ല രത്‌നഗിരിയില്‍ പിടിയിലാകുമ്പോള്‍ ധരിച്ചിരുന്നത്.
തന്റെ വീടായ ഷഹീന്‍ബാഗില്‍ നിന്ന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കേരളത്തിലേക്ക് വരാന്‍ ടിക്കറ്റ് എടുത്തത്. ഏത് സ്‌റ്റേഷനിലേക്കാണ് ടിക്കറ്റ് എടുത്തത്, കൂടെയാരെങ്കിലും ഉണ്ടായിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. ഷഹിന്‍ ബാഗില്‍ മലയാളികള്‍ക്ക് നേതൃത്വമുള്ള മുസ്ലിംഭീകര സംഘടനകളുടെ പങ്കാളിത്തത്തോടെ മുമ്പ് സമരം നടന്നിരുന്നു. ഷാരൂഖിനും മലയാളികളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും എന്‍.ഐ.എ ശേഖരിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇതിന് മുമ്പ് നടന്ന പല ഭീകര ആക്രമണങ്ങള്‍, ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കെതിരെ രാഷ്ടീയ കാരണങ്ങളാല്‍ പലപ്പോഴും ശക്തമായ നടപടി എടുത്തിരുന്നില്ല. എലത്തൂര്‍ ആക്രമണവും ഈ പട്ടികയിലേക്ക് മാറുമോ എന്ന ഭീതി സമാധാന കാംക്ഷികള്‍ക്കുണ്ട്. എന്നാല്‍ എന്‍.ഐ.എയും മറ്റ് കേന്ദ്ര ഏജന്‍സികളും ഈ സംഭവത്തില്‍ ജാഗ്രതയോടെ രംഗത്തുള്ളതാണ് ഒരാശ്വാസം. ഇതൊരു തീവ്രവാദ പ്രവര്‍ത്തനമായിട്ടും യു.എ.പി.എ ചുമത്താത്തതും സംസ്ഥാന സര്‍ക്കാരിന്റെ മനോഭാവത്തെ വ്യക്തമാക്കുന്നതാണ്. ഒരാഴ്ച പിന്നിട്ടിട്ടും കേസന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതിനാല്‍ എന്‍.ഐ.എ കേസേറ്റെടുത്തേക്കുമെന്ന് സൂചനയുമുണ്ട്. എന്‍.ഐ.എ സംഘം നേരത്തെ കോഴിക്കോടെത്തിയിരുന്നെങ്കിലും പ്രതിയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.