വിവാഹ വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കവേ മോഷണം; പണവും സ്വര്‍ണ്ണവും നഷ്ടമായി
1 min read
മലപ്പുറം: കല്‍പകഞ്ചേരി ചെറവന്നൂര്‍ പാറമ്മലങ്ങാടിയിലെ കല്യാണ വീട്ടില്‍ വന്‍മോഷണം. മണ്ണുതൊടുവില്‍ അബ്ദുല്‍ കരീമിന്റെ വീട്ടില്‍ നിന്നാണ് 16 പവന്‍ സ്വര്‍ണവും എട്ടു ലക്ഷവും കവര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് മോഷണം. ദേഹത്തണിഞ്ഞ മൂന്നര പവന്റെ ചൈന്‍, പത്ത് പവന്റെ പാദസരം, രണ്ടര പവന്റെ കൈ ചെയിന്‍ എന്നിവയും ബാഗില്‍ സൂക്ഷിച്ചിരുന്ന എട്ട് ലക്ഷം രൂപയുമാണ് മോഷണം പോയത്.
ശനിയാഴ്ച ഇരിങ്ങാവൂര്‍ മീശപ്പടി ഓഡിറ്റോറിയത്തില്‍ നടന്ന മകളുടെ വിവാഹ സത്കാരം കഴിഞ്ഞ് അബ്ദുല്‍ കരീമും ഭാര്യ ഹാജറയും മകനും വീട്ടില്‍ വന്ന് വിശ്രമിക്കുമ്പോഴാണ് സംഭവം. ഹാജറയുടെ കാലിലെ പാദസരവും കൈ ചെയിനും മോഷ്ട്ടിച്ച ശേഷം കഴുത്തിലെ ചൈന്‍ പൊട്ടിക്കുന്നതിനിടെ ശബ്ദം കേട്ട് ഇവര്‍ ഉറക്കം ഉണര്‍ന്നു. ഇതോടെ അതുവരെ കൈവശമാക്കിയ സ്വര്‍ണവും പണവുമായി മോഷ്ട്ടാവ് രക്ഷപ്പെടുകയായിരുന്നു.
ചെയിന്‍ പൊട്ടിക്കുന്നതിനിടയില്‍ ഹാജറയുടെ കഴുത്തില്‍ മുറിവേറ്റു. കിടപ്പ് മുറിയുടെ ഒരു ഭാഗത്ത് തുറന്ന ഷെല്‍ഫിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ആസൂത്രിത മോഷണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറിപ്പറ്റിയ മോഷ്ട്ടാവ്, വാതിലുകള്‍ തുറക്കുമ്പോള്‍ ശബ്ദമില്ലാതിരിക്കാനായി വാതിലില്‍ ഓയില്‍ പുരട്ടിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് മോഷ്ട്ടാവ് വീട്ടില്‍ തന്നെ ഒളിച്ചു നിന്നാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
കല്‍പകഞ്ചേരി എസ് ഐ. ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് ഷംസാദ്, സി പി ഒ. വിനീഷ് വിജയന്‍, മലപ്പുറത്ത് നിന്നെത്തിയ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. സമീപത്തെ സി സി ടി വി ക്യാമറയില്‍ മോഷ്ട്ടാവിന്റെ ദ്യശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല. കല്‍പകഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.