വിജിലന്‍സ് പരിശോധനക്കിടെ അഴിമതിക്കേസില്‍ പ്രതിയായ ഡി.വൈ.എസ്.പി മുങ്ങി
1 min readതിരുവനന്തപുരം: വിജിലന്‍സ് പരിശോധനക്കിടെ അഴിമതിക്കേസില്‍ പ്രതിയായ ഡി.വൈ.എസ്.പി മുങ്ങി. പരിശോധന നടക്കുന്നതിനിടെ വീട്ടിന്റെ പിന്നിലൂടെയാണ് രക്ഷപ്പെട്ടത്. ഡി.വൈ.എസ്.പി വേലായുധനാണ് പരിശോധനക്കിടെ മുങ്ങിയത്. വേലായുധന്റെ ഫോണും ബാങ്ക് രേഖകളും ഇന്നലെ വിജിലന്‍സ് പിടിച്ചെടുത്തിരിന്നു. വിജിലന്‍സ് കഴക്കൂട്ടം പൊലീസിനെയും രേഖാമൂലം അറിയിച്ചിരുന്നു. വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ലെന്ന് കഴക്കുട്ടം പൊലീസ് വ്യക്തമാക്കി.
അഴിമതിക്കേസ് അട്ടിമറിക്കാന്‍ 50,000 രൂപ പ്രതിയില്‍ നിന്നും ഡിവൈഎസ്പി കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഡിവൈഎസ്പിയാണ് വേലായുധന്‍. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനില്‍ നിന്നാണ് പണം വാങ്ങിയത്. നാരായണനെതിരെയുണ്ടായിരുന്ന സ്വത്ത് കേസ് അവസാനിപ്പിക്കാനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.
നാരായണന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കേസൊതുക്കാന്‍ കൈക്കൂലി നല്‍കിയതിന്റെ തെളിവ് ലഭിച്ചത്. സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ്പി യുടെ മകന്റെ അക്കൗണ്ടിലേക്ക് 50000 നാരായണന്‍ കൈമാറി. സ്വത്ത് സമ്പാദന കേസ് തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിടുകയായിരുന്നു.