കാൻസറിനുളള മരുന്നാണ് ഇന്നസെന്റ് – ഡോ.വി.പി.ഗംഗാധരൻ

1 min read

തൃശൂർ : ജീവിതത്തെ എന്നും എപ്പോഴും ചിരിച്ചുകൊണ്ടാണ് ഇന്നസെന്റ് നേരിട്ടത്. കാൻസർ എന്ന പേരു കേൾക്കുമ്പോഴേ ആളുകൾ ഭയചകിതരായിത്തീരുന്ന സമയത്താണ് രോഗത്തെ അദ്ദേഹം തമാശയോടെ കണ്ടത്. രോഗബാധിതനായി ചികിത്സയിലിരിക്കുമ്പോഴും തമാശകൾ പറയാനും സന്ദർശകരെ ചിരിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കാൻസർ ബാധിച്ച കാലയളവിലെ അനുഭവങ്ങളെക്കുറിച്ച് ഇന്നസെന്റ് എഴുതിയ കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം പിന്നീട് സ്‌കൂൾ വിദ്യാർത്ഥികളുടെ പാഠപുസ്തകമായി മാറി. ആ പുസ്തകത്തെക്കുറിച്ചും ഇന്നസെന്റിനെക്കുറിച്ചും വ്യക്തമാക്കുകയാണ് കാൻസർ രോഗ വിദഗ്ധനായ ഡോ.വി.പി.ഗംഗാധരൻ

”ഇന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണ്.
ഒരു ഡോക്ടർ പറയുന്നതിനെക്കാൾ ഫലമുണ്ടായിരിക്കും ഇന്നസെന്റ് തന്റെ പവൻമാറ്റുള്ള ഫലിതത്തിലൂടെ കാൻസറിനെക്കുറിച്ചു പറഞ്ഞാൽ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇന്നസെന്റിന്റെ കാര്യത്തിൽ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂർണമായ സമീപനം ചികിത്സയെക്കാൾ ഗുണം ചെയ്തിട്ടുണ്ടെന്ന് എനിക്ക് ആധികാരികമായി പറയാൻ സാധിക്കും. രോഗപ്രതിരോധത്തിന്റെ ഒരുപാട് രാസപ്രവർത്തനങ്ങൾ അതുണ്ടാക്കിയിട്ടുണ്ട്. മരുന്നുകളുടെ പാർശ്വ ഫലങ്ങൾ ഇല്ലാതാക്കിയിട്ടുണ്ട്. തന്റെ അതേ മനോഭാവമാണ് ഇന്നസെന്റ് ഇപ്പോൾ ഈ ഓർമ്മക്കുറിപ്പുകളിലൂടെ സമാനാവസ്ഥയിലുള്ളവർക്ക് പകർന്നു കൊടുക്കുന്നത്. അതുകൊണ്ടാണ് ഞാൻ ആദ്യം പറഞ്ഞത്, ഇന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണെന്ന്. എല്ലാവിധത്തിലുള്ള രോഗികളോടും ഈ മരുന്ന് കഴിക്കാൻ ഞാൻ ഡോക്ടർ എന്ന നിലയിൽ ആധികാരികമായി ശിപാർശ ചെയ്യുന്നു.”ഡോ.വി.പി.ഗംഗാധരൻ

Related posts:

Leave a Reply

Your email address will not be published.