അയല്‍വാസിയുടെ നായയുടെ ആക്രമണം, ആറ് വയസ്സുകാരന് രക്ഷകനായി സ്വന്തം വീട്ടിലെ നായ

1 min read

മനുഷ്യനോട് ഏറ്റവും അധികം കൂറ് ഉള്ളതും വളരെ വേഗത്തില്‍ ഇണങ്ങുന്നതുമായ വളര്‍ത്തുമൃഗമാണ് നായ. അതുകൊണ്ടുതന്നെ നായ്ക്കള്‍ മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ ആണെന്ന് പറയാം. അപകടങ്ങളില്‍ നിന്ന് നായകള്‍ മനുഷ്യനെ രക്ഷിച്ചതിന്റെ നിരവധി വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. സമാനമായ രീതിയില്‍ ഒരു നായ തന്റെ യജമാനന്റെ ആറു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ മറ്റൊരു നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

ഫ്‌ലോറിഡയില്‍ ആണ് സംഭവം. കുട്ടിയുടെ രക്ഷകനായ നായയുടെ പേര് ടാങ്ക് എന്നാണ്. ജര്‍മ്മന്‍ ഷെപ്പേഡിനത്തില്‍പ്പെട്ട ഈ നായക്കൊപ്പം കുട്ടി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതാണ് വീഡിയോയുടെ ആദ്യഭാഗങ്ങളില്‍ നമ്മള്‍ കാണുന്നത്. വളരെ സന്തോഷത്തോടെ ഇരുവരും ഓടി കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലേക്കാണ് തൊട്ടടുത്ത വീട്ടില്‍ നിന്നും മറ്റൊരു നായ ഓടിവരുന്നത്. കുട്ടിയെ ലക്ഷ്യം വച്ചായിരുന്നു നായ പാഞ്ഞെത്തിയത്. നായ വരുന്നത് കണ്ട് കുട്ടിയെ രക്ഷിക്കാനായി വീട്ടുകാര്‍ പുറത്തേക്ക് ഓടി വന്നെങ്കിലും അതിനു മുന്‍പേ ടാങ്ക് പണി തുടങ്ങിയിരുന്നു.

ആക്രമിക്കാന്‍ എത്തിയ നായക്ക് നേരെ കുരച്ചു ചാടിക്കൊണ്ട് ടാങ്ക് അതിനെ തുരത്താന്‍ ശ്രമിക്കുകയും കുട്ടിയെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു. അപ്പോഴേക്കും വീട്ടുകാര്‍ പുറത്തെത്തി കുഞ്ഞിനെ കയ്യിലെടുത്തു. ആ സമയം കൊണ്ട് തന്നെ അയല്‍ വീട്ടിലെ നായയുടെ ഉടമസ്ഥനും അവിടെയെത്തി ആക്രമിക്കാന്‍ എത്തിയ നായയെ പിടികൂടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ നിരവധി ആളുകളാണ് നായകളുടെ യജമാന സ്‌നേഹത്തെക്കുറിച്ച് വാചാലരാകുന്നത്. യജമാനനോട് സ്‌നേഹമുള്ള ഒരു നായ കൂടെയുണ്ടെങ്കില്‍ മറ്റൊന്നിനെയും പേടിക്കേണ്ട എന്നാണ് വീഡിയോ കണ്ട ചിലര്‍ അഭിപ്രായപ്പെട്ടത്.

Related posts:

Leave a Reply

Your email address will not be published.