ഇന്‍ഡി സഖ്യം നിലവിലുണ്ടോ ? ഉണ്ട് , ഇല്ല
1 min read
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയ നേതാക്കള്‍ പരസ്പരം ചോദിക്കുന്നു. ഇന്‍ഡി സഖ്യം ഉണ്ടോ? പ്രധാനമന്ത്രിയാവാന്‍ വേണ്ടിയാണ് എന്‍.ഡി.എ യില്‍ നിന്ന് ചാടി ലാലുപ്രസാദ് യാദവുമായി സഖ്യം ചെയ്ത നിതീഷ് പ്രതിപക്ഷത്തെ ഒരുമിപ്പിക്കാന്‍ തുടങ്ങിയത്.എന്നാല്‍ തന്റെ സ്വപ്‌നത്തിന്റെ കടയ്ക്കല്‍ മമത കത്തിവെച്ചു എന്നാരോപിച്ച് അദ്ദേഹം ഇന്‍ഡി മുന്നണി വിട്ട് ബി.ജെ.പിയോടൊപ്പം ചേക്കേറി. ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമത ഉയര്‍ത്തിക്കാട്ടി എന്നാണ് ആരോപണം. നിതീഷിനും മുന്‍പു തന്നെ മമതയും ഇന്‍ഡി മുന്നണിയില്‍ നിന്ന് പുറത്തു ചാടി. ഇന്ത്യയില്‍ എവിടെയും ആവാം. ബംഗാളില്‍ മുന്നണി പാടില്ല എന്ന നിലപാടിലാണ് മമത. ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. മോദിയെ തോല്‍പിച്ചേ വിശ്രമമുള്ളൂ എന്ന് ശപഥമെടുത്ത സി.പി.എം ആകട്ടെ കേരളത്തില്‍ സഖ്യത്തിനു പുറത്താണ്. വലിയ വായില്‍ വീമ്പു പറയുമെന്നല്ലാതെ ഇന്ത്യയില്‍ മറ്റെവിടെയും അവരുടെ പൊടിപോലും കാണാനില്ല. ഇതിനിടയിലാണ് ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ് അടുത്ത വെടി പൊട്ടിച്ചത്. തന്റെ ഭാര്യയുള്‍പ്പെടെ 16 സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിച്ചാണ് മോദിയെ തോല്‍പിക്കാനുള്ള നീക്കത്തിന് അദ്ദേഹം ആക്കം കൂട്ടിയത്. കോണ്‍ഗ്രസിന് 11 സീറ്റ് നല്‍കാം അതില്‍ കൂടുതല്‍ കൊടുത്താല്‍ ഗുണകരമാകില്ലെന്നും അഖിലേഷ് പറയുന്നു. ചര്‍ച്ചയൊന്നുമില്ലാതെ തന്നെ അവര്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. ഇനി ഡല്‍ഹിയിലെയും പഞ്ചാബിലും എ.എ.പി കോണ്‍ഗ്രസിനോടൊപ്പമില്ല. പിന്നീടുള്ളത് മഹാരാഷ്ട്രയാണ്. സ്വന്തം പാര്‍ട്ടിയും അണികളും നഷ്ടപ്പെട്ട്, യുദ്ധക്കളത്തില്‍ ആയുധമില്ലാത്തവന്റെ അവസ്ഥയില്‍ നില്‍ക്കുന്ന ഉദ്ദവ് താക്കറെയ്ക്ക് എങ്ങനെ കോണ്‍ഗ്രസിന്റെ രക്ഷകനാവും. ശരത് പവാറും അതേ അവസ്ഥയിലാണ്. ബി.ജെ.പി.യ്‌ക്കെതിരെ മഴവില്‍ സഖ്യമുണ്ടാക്കി ഭരണം പിടിച്ച ശരത്പവാറിന് പാര്‍ട്ടി പിളരുന്നത് കണ്ടു നില്‍ക്കേണ്ടി വന്നു. രാഹുല്‍ ജോഡോ യാത്ര കഴിഞ്ഞ് വരുമ്പോഴേക്ക് ഇന്‍ഡ് മുന്നണി തവിടുപൊടിയാകുമെന്നുറപ്പാണ്.