വേഷം പലത് , ഭാഷകള്‍ പലത് പക്ഷേ ഭാരതമൊന്നാണ്.
1 min read
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളുടെ കേരള സന്ദര്‍ശനമൊരുക്കി എ.ബി.വി.പി
ദേശീയോദ്ഗ്രഥനത്തിന്റെ സന്ദേശവുമായി അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തിയ 31 അംഗ വിദ്യാര്‍ത്ഥി സംഘം നഗരത്തിലെ വീടുകളിലാണ് താമസിച്ചത്. സംസ്ഥാനന്തര ജീവിതത്തില്‍ വിദ്യാര്‍ഥികളടെ അനുഭവം എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ കേരളത്തിലെത്തിയത്. വിധ്വംസക ശക്തികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടന വാദത്തിന്റെ വിത്തുകള്‍ വിതച്ചപ്പോഴാണ് ദേശീയതയുടെയും ദേശീയോദ്ഗ്രഥനത്തിന്റെയും സന്ദേശവുമായി സീല്‍( സ്റ്റുഡന്റ്‌സ് എക്‌സിപീരിയന്‍സ് ഇന്‍ ഇന്റര്‍സ്റ്റേറ്റ് ലിവിംഗ് )എന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഇത്തവണ 15 ഗ്രൂപ്പുകളിലായി 480 വിദ്യാര്‍ഥികളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മണിപ്പൂര്‍,ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മിസോറാം, മേഘാലയ എന്നിവിടങ്ങളില്‍ നിന്നായ ഭാരതത്തിന്റെ മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഇതേ പരിപാടിയുടെ ഭാഗമായി കഴിഞ്ഞയാഴ്ച ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അഞ്ചു ദിവസം കോഴിക്കോട് തങ്ങിയിരുന്നു.
കേരളം തങ്ങള്‍ക്ക് സ്വന്തം ഭവനം പോലെയാണെന്ന് പെണ്‍കുട്ടികളുള്‍പ്പെടുന്ന സംഘാംഗങ്ങള്‍ പറഞ്ഞു.
അസമായാലും കേരളമായാലും ഭാരതം നമുക്കെല്ലാം ഒന്നാണ്. കണ്ണൂര്‍ യാ ഗോഹാതി അപനാ ദേശ് അപനാ മീഠി എന്നവര്‍ മുദ്രാവാക്യം വിളിച്ചു.
കൊച്ചുവേളിയില്‍ ട്രെയിനിറങ്ങിയ വിദ്യാര്‍ഥികളെ എ.ബി.വി.പി സംസ്ഥാന ജോയിന്റെ സെക്രട്ടറി കല്യാണി, മേഖലാ കണ്‍വീനര്‍ മനോജ് എം ജില്ലാ സെക്രട്ടറി സ്‌റ്റെഫിന്‍ ്‌സറ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഭാരതത്തിലെമ്പാടും ഐക്യബോധം വളര്‍ത്താനും ദേശീയോദ്ഗ്രഥനം സൃഷ്ടിപരമായി നടത്താനും സീല്‍ പോലുള്ള നിരവധി പരിപാടികള്‍
എ.ബി.വി.പി നടത്തുന്നുണ്ടെന്ന് മനോജ് പറഞ്ഞു.

മൂന്നുദിവസം തിരുവനന്തപുരത്ത് തങ്ങിയ സംഘാങ്ങള്‍ തിങ്കളാഴ്ച പോണ്ടിച്ചേരിയിലേക്ക് തിരിച്ചു. ഞായറാഴ്ച വൈകിട്ട് കോട്ടയ്ക്കകം രംഗവിലാസ് കൊട്ടാരത്തിലെ സാംസ്‌കാരിക പരിപാടിയിലും സംഘാംഗങ്ങള്‍ പങ്കെടുത്തു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രാദേശിക കലാരൂപങ്ങള്‍ അവതരിപ്പിച്ചു. പലരും തങ്ങളുടെ തനത് വേഷത് വിധാനങ്ങളുമായാണ് എത്തിയത്. രംഗവിലാസ് പാലസിലെ ചടങ്ങില്‍ എ.ബി.വി.പി മിസോറാം സംസ്ഥാന സംഘടനാ സെക്രട്ടറി മഞ്ചുനാഥ്, മണിപ്പൂര്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശിവാനന്ദസിംഗ്, മിസോറാം സംസ്ഥാന സമിതി അംഗം ലാല്‍രംഗ് ചൂംഗി, മണിപ്പൂരില്‍ നിന്നുള്ള ഗേഥാംലോംഗ് കമായി, കേരള ഘടകം വൈസ് പ്രസിഡന്റ് ഡോ.വൈശാഖ് സദാശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരളത്തിലെ തനത് കലാരൂപമായ കളരിപ്പയറ്റും പ്രദര്‍ശിപ്പിച്ചു.