അനില്‍ ചാടിയത് എ.കെ.ആന്റണി പറഞ്ഞിട്ടോ?

1 min read

എ.കെ.ആന്റണിയുടെ പെട്ടെന്നുള്ള ഞെട്ടല്‍ തട്ടിപ്പോ

എ.കെ.ആന്റണിയുടെ മുഖം കണ്ടിരുന്നില്ലേ. പെസഹാ വ്യാഴാഴ്ച വൈകിട്ട് കെ.പി.സി.സി ആസ്ഥാനത്ത്. ആകെ വിവശനായി അദ്ദേഹം പറഞ്ഞതെന്താണ്. 82 വയസ്സായി. അങ്ങോട്ടെടുത്താല്‍ മതി. ജീവിച്ച് മടുത്തു. മരിച്ചാലും ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുകാരനായിരിക്കും.എന്തൊരു കരച്ചിലായിരുന്നു. പൊട്ടിക്കരഞ്ഞില്ലെന്നേയുള്ളു. ഇതുകണ്ടാല്‍ തോന്നും ഇന്നലെ വരെ സജീവ കോണ്‍ഗ്രസുകാരനായ മകന്‍ ഒരു ദിവസം പെട്ടെന്ന് ആരോടും പറയാതെ ബി.ജെ.പിയിലേക്ക് ഒളിച്ചോടിയതാണെന്ന്. എന്താണ് എ.കെ ഇങ്ങനെ.

മകന് സ്വന്തം കാര്യം നോക്കാനറിയില്ലേ. ശരിയാണെന്ന് തോന്നുന്ന തീരുമാനം എടുക്കാനറിയില്ലേ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ എല്ലാ കോണ്‍ഗ്രസുകാരും നെഹറു കുടുംബത്തോട് അചഞ്ചലമായ കൂറു കാണിക്കണം എന്ന് എഴുതിയിട്ടുണ്ടോ. താങ്കള്‍ പണ്ട് അങ്ങനെയായിരുന്നില്ലല്ലോ.

താങ്കളുടെ മകന്‍ കുടുംബാധിപത്യത്തെയല്ലെ എതിര്‍ത്തത്. എന്നാല്‍ താങ്കള്‍ എന്താ ചെയ്തിരുന്നത്. അടിയന്തരാവസ്ഥ കാലഘട്ടം ഓര്‍മയുണ്ടല്ലോ. എല്ലാ ജനാധിപത്യവകാശങ്ങളും അടിച്ചമര്‍ത്തി. ഭരണഘടനയെ ഹൈജാക്ക് ചെയ്തു. പ്രതിപക്ഷ നേതാക്കളെ ജയിലിട്ടു. ഇന്ദിരയും മകന്‍ സഞ്ജയുമായിരുന്നു രാജ്യഭരണം നടത്തിയിരുന്നത്. അന്ന് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ അംബികാ സോണിയായിരുന്നെങ്കിലും സഞ്ജയ് ഗാന്ധിക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ് നിയന്ത്രണം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദേവകാന്ത ബറുവ. അസംകാരന്‍. വെറും ബറുവയല്ല ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര എന്നു പറഞ്ഞ ഡി.കെ ബറുവ. അദ്ദേഹത്തിന്റെ നാടായ ഗൗഹത്തിയിലായിരുന്നു 1976ലെ എ.ഐ.സി.സി സമ്മേളനം. വേദി മുഴുവന്‍ നിറഞ്ഞു നിന്നത് യുവരാജാവായ സഞ്ജയ് ഗാന്ധി. എല്ലാം സ്തുതി പാഠകര്‍. പരിപാടിയുടെ ഇവന്റ് മാനേജ്‌മെന്റ് വരെ നടത്തിയത് ആകാശവാണിയും അതിലെ കലാകാരന്മാരും. പക്ഷേ അന്ന് താങ്കള്‍ ഒരാണ്‍ കുട്ടിയായിരുന്നു. കെ.പി.സി.സി പ്രസിഡന്റ്. ഗോഹട്ടി എ.ഐ.സി.സിയില്‍ ആരാണ് ഈ സഞ്ജയന്‍ എന്ന് ചോദിക്കാന്‍ ധൈര്യം കാണിച്ചയാള്‍. അന്ന് താങ്കള്‍ കുടുംബാധിപത്യത്തിന് എതിരായിരുന്നു. അന്ന് എ.ഐ.സി.സിയില്‍ താങ്കളെ അനുകൂലിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അരസമ്മതം മാത്രമുണ്ടായിരുന്നത് ബംഗാളില്‍ നിന്നുള്ള പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി മാത്രം. അന്ന് കെ.കരുണാകരനൊക്കെ ഇന്ദിരയുടെ മൂട് താങ്ങിയായിരുന്നു. അതേ ആന്റണിയുടെ മകന്‍ രാഹുലിന്റെ കുടുംബാധിപത്യത്തെ ചോദ്യം ചെയ്താലെന്താണ് തെറ്റ്.

ഇനിയും പറയാനുണ്ട്. 1978 ജനുവരിയില്‍ താങ്കള്‍ ഇന്ദിരയുടെ കോണ്‍ഗ്രസില്‍ നിന്നിറങ്ങി വന്നു. വൈ.ബി.ചവാനും ദേവരാജ് അര്‍സും ബ്രഹ്മാനന്ദ റെഡ്ഡിയുമൊക്കെയായിരുന്നു താങ്കളുടെ നേതാക്കള്‍. താങ്കളുടെ കൂടെയുണ്ടായിരുന്ന കെ.പി.ഉണ്ണികൃഷ്ണന്‍ ഇന്ദിര നുണച്ചിയാണെന്ന് പറഞ്ഞു. ഇന്ദിരയ്‌ക്കെതിരെ ചിക്ക്മംഗളൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ഥിയെ നിറുത്താത്തതില്‍ പ്രതിഷേധിച്ച് താങ്കള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സി.പി.ഐയിലെ പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി. പിന്നെ താങ്കള്‍ സി.പി.എമ്മിന്റെ കൂടെ കൂടി. അവരെ കേരളം ഭരിപ്പിച്ചു. പിന്നെ സി.ഐ.ടി.യുക്കാര്‍ ഡി.സി.സി ഓഫീസ് ആക്രമിച്ചു എന്നു പറഞ്ഞ് ഇടതുമുന്നണി വിട്ടു. ഇതൊക്കെ താങ്കള്‍ പിതാവിനോട് ചോദിച്ചാണോ ചെയ്തത്. അത് താങ്കളുടെ വ്യക്തി സ്വാതന്ത്ര്യമല്ലായിരുന്നോ?

എന്നാല്‍ നേരത്തെ പറഞ്ഞതുപോലെയല്ല കാര്യങ്ങള്‍ എന്നാണ് ഇപ്പോഴറിയുന്നത്. സാമാന്യ ബുദ്ധിയുള്ളവര്‍ക്കും അങ്ങനെയല്ലെ മനസ്സിലാകൂ. ജനുവരിയില്‍ ബി.ബി.സി പ്രശ്‌നത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച അനില്‍ ആന്റണി ബി.ജെ.പിയിലേക്കാണ് പോകുന്നത് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അതിന്റെ പേരില്‍ ഇപ്പോള്‍ ഒരു ഞെട്ടല്‍ ആവശ്യമില്ലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത് കേട്ടില്ലേ. എ.കെ.ആന്റണിയുടെ അറിവോടെയാണ് അനില്‍ ആന്റണി ബി.ജെ.പിയില്‍ പോയതെന്ന്. അതങ്ങനെ തന്നെയാവാനാണ് സാദ്ധ്യത. ആന്റണിയെപ്പോലുള്ള ഒരാള്‍ക്ക് രാഹുലിന്റെ കുടുംബാധിപത്യ പ്രവണത അംഗീകരിക്കാന്‍ കഴിയുമോ. തനിക്ക് ചെയ്യാന്‍ കഴിയാത്തത് തന്റെ മകന്‍ ചെയ്യട്ടെ എന്നദ്ദേഹം കരുതിക്കാണും. കോണ്‍ഗ്രസ് ഇന്ത്യയില്‍ ഇനി അധികാരത്തില്‍ തിരിച്ചുവരില്ലെന്ന് ആന്റണിക്ക് മനസ്സിലായിക്കാണും. പിന്നെ മകന്‍ ബി.ജെ.പിയില്‍ പോകുന്നെങ്കില്‍ പോയിക്കോട്ടെ. അവനെങ്കിലും പോയി രക്ഷപ്പെടട്ടെ എന്നു കരുതിക്കാണും. ബാക്കി തിരുവനന്തപുരത്ത് കണ്ടതൊക്കെ ഒരു നാടകം.

പിന്നെ ചില മാദ്ധ്യമങ്ങള്‍ ഇതിനെയൊരു വൈകാരിക പ്രശ്‌നമാക്കി മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നത്. ഇതോടെ നിങ്ങള്‍ അപഹാസ്യരാവുകയാണ് ചെയ്യുന്നത്. കേരള മുഖ്യമന്ത്രിയും പത്ത് വര്‍ഷം കേന്ദ്ര പ്രതിരോധ മന്ത്രിയുമൊക്കെയായ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ എതിര്‍പാര്‍ട്ടിയില്‍ പോകുമ്പോല്‍ മാദ്ധ്യമങ്ങള്‍ അച്ഛനോട് അഭിപ്രായം ചോദിക്കുന്നതില്‍ വലിയ കാര്യമില്ലെങ്കിലും അതില്‍ തെറ്റില്ല എന്നു പറയാം. എന്നാല്‍ രാഷ്ട്രീയത്തിലേ ഇല്ലാത്ത, ആര്‍ക്കും അറിയാത്ത അദ്ദേഹത്തിന്റെ സഹോദരന്‍ അജിത് ആന്റണിയുടെ മുന്നില്‍ അഭിപ്രായം പറയാന്‍ മൈക്ക് പിടിക്കുന്നത് ഏത് നിലവാരത്തിലുള്ള പത്രപ്രവര്‍ത്തനമാണ്. അനില്‍ ആന്റണി ബി.ജെ.പിയിലോ കോണ്‍ഗ്രസിലോ ചേര്‍ന്നാല്‍ ഇവര്‍ക്കെന്താണ് പ്രശ്‌നം. ഇവരെന്താണ് ഇതിനെ വികാര തരംഗ ക്യാമ്പയിനാക്കാന്‍ നോക്കുകയാണോ.

Related posts:

Leave a Reply

Your email address will not be published.