ക്രിക്കറ്റർ ധോണിയുടെ വാഹനശേഖരം കണ്ട് അന്തം വിട്ട് വെങ്കിടേഷ്
1 min readഇതെന്താ ബൈക്ക് ഷോറൂമോ? ധോണിയുടെ ബൈക്ക് ശേഖരം കണ്ടാൽ ആരുടെയും കണ്ണ് തള്ളും.
വാഹനക്കമ്പക്കാർ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടിൽ. വാഹനങ്ങൾ ശേഖരിക്കുന്നതിലും പരിപാലിക്കുന്നതിലും അതീവ ശ്രദ്ധാലുക്കളായിരിക്കും അവർ. കായികതാരങ്ങളും സിനിമക്കാരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ വാഹനശേഖരമാണ് ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇതിന് വഴിവെച്ചതാകട്ടെ ക്രിക്കറ്റ് താരമായ വെങ്കിടേഷ് പ്രസാദിന്റെ ട്വിറ്റർ പോസ്റ്റും.
എന്തൊരു മനുഷ്യനാണ് മഹേന്ദ്ര സിങ്ങ് ധോണി, എന്തൊരു ശേഖരമാണ് അദ്ദേഹത്തിന്, ഞാൻ ഒരു വ്യക്തിയിൽ കണ്ട ഏറ്റവും വലിയ അഭിനിവേശമാണിത്. അദ്ദേഹത്തിന്റെ റാഞ്ചിയിലെ ഫാം ഹൗസിലെ ബൈക്കുകളുടെയും കാറുകളുടെയും ശേഖരങ്ങളുടെ കാഴ്ചയാണിത്. എന്ന കുറിപ്പോടെയാണ് ധോണിയുടെ വാഹനശേഖരത്തെക്കുറിച്ചുള്ള വീഡിയോ വെങ്കിടേഷ് പങ്കു വെച്ചിരിക്കുന്നത്. മോട്ടോർ സൈക്കിളുകളാണ് ധോണിയുടെ ശേഖരത്തിൽ എാറെയുള്ളത്. പഴയതും പുതിയതുമായ ബൈക്കുകളുടെ നീണ്ടനിര. പതിറ്റാണ്ടുകൾ പഴക്കമുള്ള വിന്റേജ് ബൈക്കുകൾ മുതൽ നിരത്തുകളിൽ ചീറിപ്പായുന്ന സൂപ്പർ ബൈക്കുകൾ വരെ അതിലുണ്ട്. ധോണിയുടെ ഫാംഹൗസ് നിറഞ്ഞ് നിരന്നിരിക്കുകയാണ് ബൈക്കുകൾ. നൂറിലധികം ബൈക്കുകളുണ്ടാകുമെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ഞാൻ റാഞ്ചിയിൽ എത്തുന്നത് ആദ്യമായല്ല, ഇത് നാലാം തവണയാണ് ഞാൻ റാഞ്ചി സന്ദർശിക്കുന്നത്. പക്ഷെ ഈ സ്ഥലം എന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം
വീഡിയോയിൽ ധോണിയുടെ ഭാര്യയോട് പറയുന്നത്. ധോണിയുടെ വാഹനശേഖരം സംബന്ധിച്ച് മുൻ ക്രിക്കറ്റ് താരമായ സുനിൽ ജോഷിക്കും ഇതേ അഭിപ്രായം തന്നെയാണ്. റാഞ്ചിയിൽ
ആദ്യമായല്ലെങ്കിലും ഒരു ലെജന്റിനൊപ്പം ആദ്യമാണ്. അതുപോലെ ഇത്തരത്തിലുള്ള ഒരു സെറ്റപ്പിലും ആദ്യമായാണെന്നാണ് വാഹനശേഖരത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
എന്തിനാണ് ഇത്രയും ബൈക്കുകൾ എന്ന് ധോണിയുടെ ഭാര്യ സാക്ഷി ചോദിക്കുന്നുണ്ട്. എല്ലാം നീയല്ലേ എടുക്കുന്നത്. എനിക്ക് എന്തെങ്കിലും എന്റേതായി വേണ്ടേ …
എന്നാണ് ധോണി നൽകുന്ന മറുപടി. നിങ്ങൾ അനുവദിക്കുന്ന ഒരേയൊരു കാര്യം ഇത് മാത്രമാണെന്നും അദ്ദേഹം പറയുന്നു.