അഗ്നിപഥിനെതിരായ ഹർജികൾ തള്ളി ഡൽഹി ഹൈക്കോടതി

1 min read

ന്യൂഡൽഹി : ഇന്ത്യൻ സായുധസേനയുമായി ബന്ധപ്പെട്ട അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. അഗ്നിപഥ്‌ ദേശീയ താത്പര്യം മുൻനിർത്തിയുള്ള പദ്ധതിയാണെന്നും ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി തള്ളിയത്. ‘പ്രതിരോധവുമായി ബന്ധപ്പെട്ട്‌ കോടതിക്ക് ഇടപെടാനാകില്ല. നമ്മുടെ സൈന്യം മികച്ചതാണെന്ന് ഉറപ്പു വരുത്തേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്’. ഹൈക്കോടതി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫയൽ ചെയ്യപ്പെട്ട ഹർജികൾ സുപ്രീംകോടതി ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു. കേരളം, പഞ്ചാബ്, ഹരിയാന, പട്ന, ഉത്തരാഖണ്ഡ് ഹൈക്കോടതികളോട് അഗ്നിപഥിനെതിരായ ഹർജികൾ ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും അല്ലെങ്കിൽ ഡൽഹി ഹൈക്കോടതി തീരുമാനം വരും വരെ വിധി പറയരുതെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. അഗ്നിപഥ് പദ്ധതി നിയമവിരുദ്ധമാണെന്നും നേരത്തെ നടത്തിയ റിക്രൂട്ട്‌മെന്റുകൾ ഒറ്റയടിക്ക് നിർത്തലാക്കിയ നടപടി തെറ്റാണെന്നും ഹർജിക്കാർ വാദിച്ചു. ഹർജികൾ തള്ളണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.
2022 ജൂണിലായിരുന്നു കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി ആവിഷ്‌കരിച്ചത്. തുടർന്ന് പല സംസ്ഥാനങ്ങളിലും പദ്ധതിക്കെതിരെ എതിർപ്പുകൾ ഉയർന്നു. അൻപതിനായിരം യുവാക്കളെ ഓരോ വർഷവും സൈന്യത്തിലെടുക്കുന്നതാണ് അഗ്നിപഥ് പദ്ധതി. ടൂർ ഓഫ് ഡ്യൂട്ടി മാതൃകയിലുള്ള സൈനികസേവനത്തിലൂടെ 17ഉം 21ഉം വയസ്സിനിടയിലുള്ളവർക്ക് സൈന്യത്തിൽചേരാൻ അവസരം ലഭിക്കും. ഇവർ അഗ്നിവീർ എന്നാകും അറിയപ്പെടുക. നാലു വർഷത്തേക്കാണ് നിയമനം.

Related posts:

Leave a Reply

Your email address will not be published.