ക്രിക്കറ്റ് ഒളിമ്പിക്‌സിന്റെ ഭാഗം

1 min read

പ്രതികരിച്ച് പ്രധാനമന്ത്രിയും ക്രിക്കറ്റ് താരങ്ങളും

2028 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിൽ ബേസ്‌ബോൾ/സോഫ്റ്റ്‌ബോൾ, ക്രിക്കറ്റ്, ഫ്‌ലാഗ് ഫുട്‌ബോൾ, ലാക്രോസ്, സ്‌ക്വാഷ് എന്നിവ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിൽപോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുന്നത്. ”ബേസ്‌ബോൾ/സോഫ്റ്റ്‌ബോൾ, ക്രിക്കറ്റ്, ഫ്‌ലാഗ് ഫുട്‌ബോൾ, ലാക്രോസ്, സ്‌ക്വാഷ് എന്നിവ @LA28ൽ അവതരിപ്പിക്കപ്പെടുന്നതിൽ തീർത്തും സന്തോഷമുണ്ട്. കായിക താരങ്ങൾക്ക് ഇതൊരു വലിയ വാർത്തയാണ്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരു രാഷ്ട്രമെന്ന നിലയിൽ, ഈ അത്ഭുതകരമായ കായിക വിനോദത്തിന്റെ വർദ്ധിച്ചുവരുന്ന ആഗോള ജനപ്രീതി പ്രതിഫലിപ്പിക്കുന്ന, ക്രിക്കറ്റിനെ ഉൾപ്പെടുത്തുന്നതിനെ ഞങ്ങൾ പ്രത്യേകം സ്വാഗതം ചെയ്യുന്നു.” ഇതായിരുന്നു എക്‌സിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പ്.

സന്തോഷത്തോടെയാണ് ക്രിക്കറ്റ് താരങ്ങളും ഈ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുന്നത്. ക്രിക്കറ്റ് ഉൾപ്പെടുത്തിയതിലുള്ള സന്തോഷമറിയിച്ച് എക്‌സിൽ സച്ചിൻ തെണ്ടുൽക്കർ കുറിച്ചത് ഇങ്ങനെയായിരുന്നു. ”ഒരു നൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ, ഞങ്ങളുടെ പ്രിയപ്പെട്ട കായികവിനോദം ഒളിമ്പിക് വേദിയിൽ തിരിച്ചെത്തിയിരിക്കുന്നു. ക്രിക്കറ്റിന്റെ പുതുയുഗമാണിത്. വളർന്നുവരുന്ന ക്രിക്കറ്റ് രാജ്യങ്ങളിൽ നിന്ന് പുതിയ പ്രതിഭകളെ പരിപോഷിപ്പിക്കാനും പ്രദർശിപ്പിക്കാനുമുള്ള സുവർണാവസരമാണിത്”.

ഇന്ത്യൻ താരം സൂര്യകുമാർ യാദവ് പ്രതികരിച്ചത് ഇപ്രകാരമാണ് ”ഒളിമ്പിക് ഗെയിംസിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയ വാർത്ത കേട്ടതിൽ സന്തോഷവും ആവേശവും തോന്നുന്നു. ആഗോള തലത്തിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള മറ്റൊരു സുവർണാവസരം”.

തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസ്. ”കൂടുതൽ രാജ്യങ്ങളിലേക്ക് ക്രിക്കറ്റിന് ഉയരാൻ കഴിയും. ക്രിക്കറ്റിനെക്കുറിച്ച് അറിയാത്ത രാജ്യങ്ങളിൽ കൂടി ക്രിക്കറ്റിന് പ്രചാരം ലഭിക്കും.” അദ്ദേഹം പറയുന്നു.

ലോസ് ആഞ്ജലസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയതിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് നന്ദിയറിയിക്കുന്നു, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ഗ്രെഗ് ബാർക്‌സി.

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിന് ഔദ്യോഗികമായ അംഗീകാരമായത് തിങ്കളാഴ്ചയാണ്. മുംബൈയിൽ നടന്ന ഐ.ഒ.സി യോഗത്തിലെ വോട്ടെടുപ്പിന് ശേഷമായിരുന്നു അന്തിമ തീരുമാനം. ഐഒസി പ്രസിഡന്റ് തോമസ് ബാക്കാണ് തീരുമാനം പ്രഖ്യാപിച്ചത്. 99 അംഗങ്ങളിൽ 2 രാജ്യങ്ങൾ തീരുമാനത്തെ എതിർത്തു.

മത്സരം ട്വന്റി 20 ഫോർമാറ്റിലായിരിക്കും. പുരുഷ-വനിതാ വിഭാഗങ്ങളിൽ ക്രിക്കറ്റ് മത്സരമുണ്ടാകും. ഒളിമ്പിക്‌സിലെ ടീമുകളുടെ എണ്ണം, തെരഞ്ഞെുടുപ്പിനുള്ള യോഗ്യത, ടീമംഗങ്ങളുടെ പ്രായപരിധി തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം പിന്നീടുണ്ടാകും.

ക്രിക്കറ്റിനെ കൂടാതെ 5 മത്സരയിനങ്ങൾ കൂടി 2028ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബേസ്‌േബാൾ ിി സോഫ്റ്റ്‌ബോൾ, ഫഌഗ് ഫുഡ്‌ബോൾ, ലാക്രോസ്, സ്‌ക്വാഷ് എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് മത്സരയിനങ്ങൾ. മുൻപ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് മത്സരം നടന്നത് 123 വർഷങ്ങൾക്കു മുൻപാണ്. കൃത്യമായി പറഞ്ഞാൽ 1900ലെ പാരിസ് ഒളിമ്പിക്‌സിൽ. ബ്രിട്ടനും ഫ്രാൻസുമായിരുന്നു അന്ന് പരസ്പരം ഏറ്റുമുട്ടിയത്. 128 വർഷം പിന്നിട്ട് ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് തിരിച്ചെത്തുമ്പോൾ ആവേശക്കൊടുമുടിയിലാണ് ആരാധകർ.

ലോസ് ആഞ്ജലസിനു ശേഷം 2032ൽ ബ്രിസ്‌ബെൻ ഒളിമ്പിക്‌സിലും ക്രിക്കറ്റ് ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ലോക ക്രിക്കറ്റിലെ പ്രധാന ശക്തിയായ ഇന്ത്യക്ക് ഏറെ പ്രതീക്ഷ നൽകുന്ന തീരുമാനമാണിത്. ക്രിക്കറ്റിലെ ആദ്യ ഒളിമ്പിക് സ്വർണം തന്നെയാണ് അവരുടെ ലക്ഷ്യം.

Related posts:

Leave a Reply

Your email address will not be published.