ഇ.ഡി പേടിയില്‍ വിരണ്ട് സി.പി.എം;നേതാക്കന്മാരും അകത്താകും

1 min read

കരുവന്നൂര്‍ അങ്ങനെ തീരില്ല, മറ്റ് കള്ളപ്പണ ഇടപാടുകളും വായ്പ തട്ടിപ്പുകളും പുറത്തുവരുന്നു

ഇത്തവണ സി.പി.എം ശരിക്കും ആടിയുലഞ്ഞു. സഖാവ് എം.വി ഗോവിന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ സി.പി.എമ്മിന് ഇങ്ങനെ പോയാല്‍ അധികം മുന്നോട്ട് പോകാന്‍ കഴിയില്ല. അപ്പോഴും അദ്ദേഹം കക്കരുതേ എന്നല്ല ഒറ്റരുതേ എന്നാണ് സഖാക്കളോട് അപേക്ഷിച്ചത്. കരുവന്നൂരിലെ കോടികളുടെ വെട്ടിപ്പിന്റെ വിവരങ്ങളെല്ലാം വെടിപ്പായി ഇ.ഡിക്ക് കൊടുത്തത് സഖാക്കള്‍ തന്നെയായിരുന്നു. ഇതുവരെ തങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത പാര്‍ട്ടിയുടെ നേതാക്കള്‍ ഇങ്ങനെ ചതിക്കുമെന്ന് സഖാക്കളും കരുതിക്കാണില്ല. അത്രയ്ക്ക് കൊടിയ വഞ്ചനയാണ് പാര്‍ട്ടി നേതൃത്വം അവരോട് കാട്ടിയത്. ഗള്‍ഫിലും മറ്റ് വിദേശ നാടുകളിലും പോയി ചോര നീരാക്കി സമ്പാദിച്ചതും കിടപ്പാടം വിറ്റതും ജീവിത കാലം മുഴുവന്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചതിന്റെ ആനുകൂല്യങ്ങളുമെല്ലാ സഹകരണ ബാങ്കില്‍ സ്ഥിരനിക്ഷേപമാക്കിയവരും മക്കളുടെ കല്യാണത്തിനായി കരുതി വെച്ചതുമൊക്കെ സഖാക്കള്‍ അടിച്ചുകൊണ്ടുപോയപ്പോള്‍ അവര്‍ എല്ലാം വിളിച്ചുപറഞ്ഞു.

കള്ളപ്പണക്കാരെ കുരുക്കാന്‍ കൊണ്ടുവന്ന നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണുണ്ടായതെന്നാണ് പാര്‍ട്ടി നേതൃത്വം അവരെ പഠിപ്പിച്ചു വിട്ടത്. അന്ന് ക്യൂ നിന്നതൊക്കെ അവരോട് നേതാക്കള്‍ പര്‍വതീകരിച്ചു പറഞ്ഞു. ഇപ്പോള്‍ നിക്ഷേപിച്ച പണം കിട്ടാന്‍, കിട്ടുമെന്നുറപ്പുണ്ടെങ്കില്‍ കുഴപ്പമില്ലായിരുന്നു. അവര്‍ ക്യൂ നില്‍ക്കുകയാണ്. ഇപ്പോഴവര്‍ പാര്‍ട്ടി നേതാക്കളെ ശപിക്കുന്നു.

പ്രാദേശിക തലത്തിലുളള നേതാക്കള്‍ക്കുളള അധികാരങ്ങളാണ് സി.പി.എമ്മിനെ ഇത്രകാലം പിടിച്ചുനിറുത്തിയത്. അതുവരെ ചൈനയെയും റഷ്യയെയും നോക്കി നിന്നവരുടെ സൈദ്ധാന്തിക വാചോടാപങ്ങളെല്ലാം 80 കളുടെ അവസാനവും 90 കളുടെ ആദ്യവും കൊണ്ടേ ഇല്ലാതായിരുന്നു. കമ്യൂണിസ്റ്റ് കോട്ടകളെല്ലാം, റഷ്യയിലെയും കിഴക്കന്‍ ജര്‍മ്മനിയിലും പോളണ്ടിലെയും ഒക്കെ, ജനങ്ങള്‍ തകര്‍ത്തപ്പോഴും ഇവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിലനിന്നത് ആശയാദര്‍ശങ്ങളുടെ പേരിലായിരുന്നില്ല. വികേന്ദ്രീകരിക്കപ്പെട്ട അധികാരങ്ങളെല്ലാം പ്രാദേശിക കമ്യൂണിസ്റ്റുകളുടെ കയ്യിലായിരുന്നു. സഹകരണ സംഘങ്ങളും ബാങ്കുകളും പാല്‍ സൊസൈറ്റികളും മുതല്‍ എല്ലാ അധികാര കേന്ദ്രങ്ങളും കമ്യൂണിസ്റ്റുകളുടെ പിടിയിലായിരുന്നു. ലോകത്തിലെ വന്‍ശക്തിയായി വളര്‍ന്ന റഷ്യയിലെ കേന്ദ്രീകൃത അധികാരത്തിന് തകരാമെങ്കില്‍ ഇവിടെയും ഇത് തകരുമെന്ന് ബുദ്ധിയുള്ള കമ്യൂണിസ്റ്റുകാര്‍ക്ക് അല്ല കമ്യൂണിസ്‌ററ് പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ അത് തകരുന്നതുവരെ ഊറ്റിയടെുക്കാമെന്ന് അവര്‍ കരുതി. മുകള്‍ മുതല്‍ താഴെ വരെ അവരത് ചെയ്തു. 300 കോടി നിക്ഷേപ സമാഹരണമുള്ള ഒരു സഹകരണ സംഘത്തിന് ഇനി പൊതുജനങ്ങളില്‍ കിട്ടാനുള്ളത് 60 കോടി മാത്രം. കേരളത്തിലെ എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള ഒരു ബാങ്കിന്റെ സ്ഥിതിയാണിത്. ബാങ്കിന്റെ പണം ഒരേ ഈടില്‍ പലര്‍ക്ക് വായ്പയായി കൊടുക്കുന്നു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രസിഡന്റായ പാല്‍ സൊസൈറ്റിക്ക് ലക്ഷങ്ങള്‍ വായ്പ നല്‍കുന്നു. ഇങ്ങനെ ഒന്നല്ല പത്തല്ല നൂറുകണക്കിന് സഹകരണ സംഘങ്ങളെയാണ് സഖാക്കള്‍ കൊള്ളയടിച്ചിരിക്കുന്നത്. ഈ കൊള്ളയ്ക്ക് വേണമെങ്കില്‍ സൈദ്ധാന്തിക പരിവേഷം നല്‍കാന്‍ എം.എ ബേബിയെ പോലുള്ളവര്‍ ശ്രമം നടത്തിക്കളയും. ഇപ്പോള്‍ സഹകരണ മേഖലയെ തകര്‍ക്കുന്നേ എന്ന ആരോപണവുമായാണ് സി.പി.എം വരുന്നത്.

കേരള പാര്‍ട്ടിയുടെ ചെലവില്‍ കഴിയുന്ന സി.പി.എം കേന്ദ്രനേതൃത്വവും സഹകരണ മേഖലയെ കേന്ദ്രനിയമങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കുന്നു എന്നാണ് പറയുന്നത്. സഖാക്കള്‍ തട്ടിക്കൊണ്ടുപോയ നിക്ഷേപകരുടെ കോടികളെക്കുറിച്ചൊന്നും ഡല്‍ഹിയിലിരിക്കുന്ന കേന്ദ്രസഖാക്കള്‍ക്ക് ഒട്ടും ആശങ്കയില്ല.

ഈ പാര്‍ട്ടിക്ക് ഒരു പ്രത്യയശാസ്ത്രവും ആദര്‍ശവും ഇല്ലെന്നും കൊളള മാത്രമാണെന്നും അവസാന നിമിഷം വരെ പരമാവധി ഊറ്റിക്കൊണ്ടുപോകുക മാത്രമാണെന്നും രക്ഷ എന്നും മനസ്സിലാക്കിയവരാണ് ഈ തീവെട്ടിക്കൊള്ള നടത്തുന്നത്. ഇതിന് ഇരയായ നിക്ഷേപകരില്‍ ഭൂരിഭാഗവു പാര്‍ട്ടി അനുഭാവികളായിരുന്നവരോ മുന്നണിക്ക് വോട്ട് ചെയതവരോ ആണെന്നതാണ് യാഥാര്‍ഥ്യം.

എല്ലാ തവണയും പല ന്യായങ്ങള്‍ പറഞ്ഞ് സി.പി.എം ഇത്തരം കുടുക്കുകളില്‍ നിന്നൊക്കെ താത്കാലികമായെങ്കിലും രക്ഷപ്പെടാറുണ്ട്. സ്വരണക്കള്ളക്കടത്തിലും ലൈഫ് മിഷന്‍ തട്ടിപ്പിലുമെല്ലാം പാര്‍ട്ടിയുടെ പങ്ക് നാട്ടുകാര്‍ക്കൊക്കെ അറിയാമെങ്കിലും ചിലരെ ബലിയാടാക്കി സി.പി.എം തത്കാലം രക്ഷപ്പെട്ടിരിക്കുകയായിരുന്നു. ഇത്തവണ രക്ഷപ്പെടുന്ന ലക്ഷണമില്ല.

കരുവന്നൂരില്‍ ഇതുവരെ അകത്തായ രണ്ടുപേര് ബാങ്ക് ജീവനക്കാരനും ഇടനിലക്കാരനുമായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി നേതാവിനെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരിക്കുന്നു. മുന്‍ മന്ത്രി എ.സി മൊയ്തീന്‍ കുറെ ദിവസങ്ങളായി ഇ.ഡിയില്‍ നിന്ന ്ഒഴിഞ്ഞുമാറി നടക്കുകയാണ്. അധിക നാള്‍ ഈ ഒളിച്ചുകളി നടക്കില്ലെന്ന് മൊയ്തീനും പാര്‍ട്ടിക്കും അറിയാം. മറ്റൊരു സമുന്നത നേതാവ് സഖാവും സംസ്ഥാന സഹകരണ ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണനെ ഏത് നിമിഷവും അറസ്റ്റ് ചെയ്യാം. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാംഗവുമായ ഒരു പി.ആര്‍ അരവിന്ദാക്ഷനുമാത്രം ഒറ്റയ്ക്ക് ഈ തട്ടിപ്പുനടത്താനാകില്ലെന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.
ചോദ്യം ചെയ്യാന്‍ വിളിപ്പിക്കപ്പെട്ട തന്നെ ഇ.ഡി തല്ലി എന്നൊരു കള്ളക്കഥ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഉണ്ടാക്കിയ അരവിന്ദാക്ഷനെകൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത് പാര്‍ട്ടിയാണെന്ന് ആര്‍ക്കാണറിയാത്തത്. സപ്തംബര്‍ 12 നായിരുന്നു ഇ.ഡി അവസാനമായി അരവിന്ദാക്ഷനെ ചോദ്യം ചെയ്തത്. എന്നാല്‍ 19നാണ് 12ന് ഇ.ഡി തന്നെ തല്ലി എന്ന പരാതി കൊടുക്കുന്നത്. 18ന് ഇയാള്‍ ്‌ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പോയിരുന്നത്രെ. അന്നും ഡോക്ടറോട് ഇ.ഡി തല്ലി എന്ന കാര്യം പറഞ്ഞില്ല. അങ്ങനെ പറയാന്‍ അന്നുവരെ പാര്‍ട്ടി പറയാതെങ്ങിനാ അരവിന്ദാക്ഷന്‍ പറയുന്നേ. ഏതായാലും ഈ ഗെയിം നടന്നില്ല എന്നുമാത്രം . അരവിന്ദാക്ഷന്‍ അകത്തായി. കേസിലെ ഒന്നാം പ്രതിയും കണ്ണൂരിലെ സി.പി.എം സഹയാത്രികനുമായ സതീഷാണ് ഈ കേസിലെ മുഖ്യപ്രതി. സതീഷ് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് രണ്ടാം പ്രതി കിരണ്‍ വഴി തട്ടിയ 14 കോടിയില്‍ 50 ലക്ഷം അരവിന്ദാക്ഷന് കിട്ടിയെന്നും അത് കരുവന്നൂര്‍ ബാങ്കില്‍ തന്നെ സ്ഥിരനിക്ഷേപമായി അരവിന്ദാക്ഷന്‍ ഇട്ടുവെന്നും ഇ.ഡി. കണ്ടെത്തി. ഇതേ ബാങ്കില്‍ സര്‍ക്കാരിനെയും അധികൃതരെയും ബോധിപ്പിക്കാന്‍ ഒരു കണക്കും ശരിക്കുളള മറ്റൊരു കണക്കും ഉണ്ടത്രെ. 150 കോടി രൂപയാണ് ബിനാമികളുടെ പേരില്‍ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയത്. ബാങ്കിന്റെ മുന്‍ സീനിയര്‍ അക്കൗണ്ടന്‍്ര സി.കെ.ജില്‍സിനെയും ഇ.ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജില്‍സും മുന്‍ മാനേജര്‍ ബിജുകരിമും കമ്മിഷന്‍ഏജന്റ് എ.കെ.ബിജോയിയും ഉള്‍പ്പെട്ട അച്ചുതണ്ട് മറ്റ് പ്രതികളുടെ സഹായത്തോടെയാണ് കരുവന്നൂരിലെ തട്ടിപ്പ് നടത്തിയതെന്നാണ് നേരത്തെ ക്രൈബ്രാഞ്ച് കണ്ടെത്തിയത്. സഹകരണ ഇന്‍സെപ്കടര്‍മാര്‍ ആദ്യം നടത്തിയ പരിശോധനയില്‍ തന്നെ ഈ സംഘം 52 കോടി രൂപ ചട്ടവിരുദ്ധ വായ്പയായി പാസ്സാക്കിയെന്ന് കണ്ടെത്തിയിരുന്നു. അതായത് കുറച്ചു ഉദ്യോഗസ്ഥരെ ബലിയാടാക്കി ഇതിനെല്ലാം നേതൃത്വം കൊടുത്ത രാഷ്ട്രീയ നേതൃത്വത്തെ രക്ഷിച്ചെടുക്കുകയായിരുന്നു ക്രൈം ബ്രാഞ്ച് ദൗത്യം.

ഏതായാലും ഇനി സി.പി.എമ്മിന് കരുവന്നൂരില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. പ്രമുഖ നേതാക്കളൊക്കെ അകത്താകും. തട്ടിപ്പ് ഇവിടെ ഒതുങ്ങാത്തിടത്തോളം അവിടേക്കും അന്വേഷണം വരും. കാര്യങ്ങള്‍ കരുവന്നൂരില്‍ ഒതുങ്ങില്ല, തിരുവനന്തപുരത്തെ കണ്ടല, തൃശൂരിലെ അയ്യന്തോള്‍, പുല്‍പ്പള്ളി, വെള്ളൂര്‍, മാവേലിക്കര. ഈ പട്ടിക നീളുകയാണ്. സി.പി.എം നേതാക്കളെ നിറയ്ക്കാന്‍ കേരളത്തിലെ ജയിലറകള്‍ മതിയാവില്ല.

Related posts:

Leave a Reply

Your email address will not be published.