മധു വധക്കേസില്‍ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി; പ്രതികളെ തവനൂര്‍ ജയിലിലേക്ക് മാറ്റും
1 min readപാലക്കാട്: മധു വധക്കേസില്‍ പതിമൂന്ന് പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് ഇന്നലെ വിധിച്ചിരുന്നു.
ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിധി വന്നിരിക്കുന്നത്. ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് ഇന്ന് വിധി പറഞ്ഞത്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ കൂറ് മാറി. ഇതില്‍ മധുവിന്റെ ബന്ധുവടക്കം ഉള്‍പ്പെടുന്നു.
2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസില്‍ 16 പ്രതികളാണ് ഉണ്ടായിരുന്നത്.
അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തില്‍ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നല്‍കിയവര്‍ വരെ കൂറുമാറി. മജിസ്റ്റീരിയില്‍ റിപ്പോര്‍ട്ടിന് മേല്‍ തെളിവ് മൂല്യത്തര്‍ക്കം ഉണ്ടായി. ഒടുവില്‍ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു.