പട്ടി കുരച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം; കോതമംഗലത്ത് ദമ്പതിമാര്‍ക്ക് കുത്തേറ്റു
1 min read
കോതമംഗലം: നെല്ലിക്കുഴിയില്‍ പട്ടി കുരച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. വീട്ടമ്മയ്ക്കും ഭര്‍ത്താവിനും കുത്തേറ്റ സംഭവത്തില്‍ അമ്മാവനും മരുമകനും അറസ്റ്റില്‍.
മുണ്ടക്കാപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പോണാകുടിയില്‍ ഷറഫ്, ഭാര്യ സൗമ്യ എന്നിവര്‍ക്കാണ് കുത്തേറ്റത്. നെല്ലിക്കുഴി മുണ്ടക്കാപ്പടി തച്ചുകുടിവീട്ടില്‍ മന്മഥന്‍ (50), തച്ചുകുടിവീട്ടില്‍ അഖില്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരിന്നു സംഭവം. മന്മഥനും അഖിലും ചേര്‍ന്ന് ഇരുവരെയും മര്‍ദിക്കുകയും മന്മഥന്‍ കുത്തുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു.
ഷറഫിന്റെ വയറ്റിലും തുടയിലുമാണ് കുത്തേറ്റത്. ഭര്‍ത്താവിനെ കുത്തുന്നതു തടയാനുള്ള ശ്രമത്തിനിടയിലാണ് സൗമ്യയുടെ മുഖത്തും തുടയിലും കൈയിലും കുത്തേറ്റത്. ഇരുവരെയും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഷറഫിന്റെ വീട്ടിലെ പട്ടി ഉച്ചത്തില്‍ കുരയ്ക്കുന്നത് ശല്യമാണെന്നു പറഞ്ഞ് മന്മഥന്‍ മുന്‍പും വഴക്കുണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.