ഹിറ്റ്‌ലർ ഉണ്ടാക്കിയ വിവാദം
1 min readകളക്ഷനിൽ സർവകാല റെക്കോർഡാണ് ഹിറ്റ്‌ലർ നേടിയത്
ലാലുമായി വേർപിരിഞ്ഞതിനു ശേഷം സിദ്ദീഖ് സ്വന്തമായി സംവിധാന ചെയ്ത ആദ്യത്തെ ചിത്രമായിരുന്നു ഹിറ്റ്‌ലർ. മമ്മൂട്ടിയെ നായകനാക്കി 1996ൽ റിലീസ് പുറത്തിറങ്ങിയ ചിത്രം നിർമ്മിച്ചത് ലാലും. ലാൽ ആദ്യമായി നിർമ്മാതാവിന്റെ കുപ്പായമണിഞ്ഞതും ഹിറ്റ്‌ലറിലൂടെയാണ്. സൂപ്പർ ഹിറ്റായ ചിത്രം ചില വിവാദങ്ങളിലും ചെന്നു പെട്ടു.
ചിത്രത്തിലെ നായകനായ ഹിറ്റ്‌ലർ മാധവൻകുട്ടിയെ സിദ്ദീഖ് കണ്ടെത്തിയത് സ്വന്തം നാടായ പുല്ലേപ്പടിയിൽ നിന്നായിരുന്നു. അവിടെ വാടകക്കാരായി വന്ന ഒരു കുടുംബം. സുന്ദരിയായ ഒരു പെൺകുട്ടിയും അവളുടെ മുതിർന്ന സഹോദരനും അച്ഛനമ്മമാരും. അന്ന് പുല്ലേപ്പടിയിലുള്ള ഒട്ടുമിക്ക പയ്യന്മാരും സൈക്കിളുമായി ഈ പെൺകുട്ടിയുടെ വീട്ടിനു മുന്നിലെത്തും. വീടിനു മുന്നിലെത്തുമ്പോൾ പലരുടെയും സൈക്കിൾ പഞ്ചറാകും. ഇരുഭാഗത്തുനിന്നുമായി നടന്നുവരുന്ന ചെറുപ്പക്കാർ ഈ വീടിനു മുന്നിൽ നിന്നു സംസാരിക്കും. പെൺകുട്ടി ടെറസിലിരുന്ന് പഠിക്കുന്ന സമയം നോക്കിയാണ് ഇഈ കസർത്തുകളെല്ലാം. പെൺകുട്ടിയെ കാണുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. താഴത്തെ ജനാലയിലൂടെ ഇതെല്ലാം നോക്കിനിന്ന് പല്ലിറുമ്മുന്ന അവളുടെ സഹോദരനെയും സിദ്ദീഖ് കണ്ടിരുന്നു. ഇതിൽ നിന്നാണ് ഹിറ്റ്‌ലർ മാധവൻകുട്ടിയുടെ ത്രെഡ് സിദ്ദീഖ് കണ്ടെത്തിയത്. ഈ സഹോദരൻ പ്രേക്ഷകരിൽ ചിരിയുണർത്തും എന്ന് സിദ്ദീഖ് മനസ്സിലാക്കി. ഒന്നിനു പകരം നാലു സഹോദരിമാരെക്കൂടി കൊടുത്തു. ഒരു സഹോദരിയുള്ള ആങ്ങളയുടെ ആകുലത ഇത്രയും വലുതാണെങ്കിൽ അഞ്ചു സഹോദരിമാരുണ്ടെങ്കിൽ എന്തായിരിക്കും സ്ഥിതി എന്ന ചിന്തയിൽ നിന്നാണ് സിദ്ദീഖ് മാധവൻകുട്ടിയെ സൃഷ്ടിച്ചത്. അയാൾക്ക് ഹിറ്റ്‌ലർ എന്നൊരു ഇരട്ടപ്പേരും നൽകി.
ഹിറ്റ്‌ലർ മാധവൻകുട്ടിയെ പ്രേക്ഷകർ ഒന്നടങ്കം എാറ്റെടുത്തു. ഇതുമായി ബന്ധപ്പെടുത്തി ഒരു മമ്മൂട്ടി ആരാധകൻ ഒരു കാർട്ടൂണും വരച്ചു. ക്രൂരനായ അഡോൾഫ് ഹിറ്റ്‌ലറും ഹിറ്റ്‌ലർ മാധവൻകുട്ടിയും പരസ്പരം കൈകൊടുക്കുന്ന ചിത്രം. കൂട്ടത്തിൽ ”നീ എന്റെ ചിത്തപ്പേര് കുറച്ചു” എന്ന് അഡോൾഫ് ഹിറ്റ്‌ലർ പറയുന്ന വാചകവും. ഇത് തമാശയായി തോന്നിയ സിദ്ദീഖും ലാലും സിനിമയുടെ പരസ്യത്തിനായി ഈ കാർട്ടൂൺ ഉപയോഗിച്ചു. എന്നാൽ ഇത് ചർച്ചയായി. ഒരു മുഖ്യധാരാ മാധ്യമത്തിൽ അത് എഡിറ്റോറിയലായി പ്രത്യക്ഷപ്പെട്ടു. സംഭവം എാറെ വിവാദമായി. ഇങ്ങനെയൊക്കെയാണെങ്കിലും കളക്ഷനിൽ സർവകാല റെക്കോർഡിട്ടാണ് ഹിറ്റ്‌ലർ മാധവൻകുട്ടിയും സഹോദരിമാരും ജൈത്രയാത്ര അവസാനിപ്പിച്ചത്.
ReplyForward |