വിധികളൊക്കെ മുന്‍ വിധിയോടെയോ ?ലോകായുക്ത കേസില്‍ വീണ്ടും വിവാദം
1 min readമുഖ്യന്ത്രിയുടെ ദുരിതാശ്വാസനിധി കേസ് നീളുന്നതിന്റെ ഗുണമാര്‍ക്ക് ?
അഴിമതിക്കാര്‍ക്കൊക്കെ സുഖം. നീതി ഏതായാലും ഉടന്‍ നിങ്ങളെ തേടി വരില്ല. തനിക്കെതിരെ പെട്ടെന്ന് വിചാരണ നടത്തി വിധി പറഞ്ഞു എന്നായിരുന്നല്ലോ മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ ആരോപണം. ഇനിയേതായാലും ലോകായുക്ത നടപടികള്‍ നീണ്ടുകൊണ്ടേയിരിക്കും. തനിക്കെതിരെ ലോകായുക്തയില്‍ നിന്ന് വന്ന വിധി നിയമവിരുദ്ധമാണെന്ന് കരുതി ലോകായുക്തയുടെ വരുന്ന എല്ലാ വിധിയും അങ്ങനെയാകുമെന്ന കരുതേണ്ട. ഇതും നമ്മുടെ കെ.ടി.ജലീല്‍ സാഹിബിന്റെ വാക്കുകളാണിത്. ബന്ധു നിയമനത്തിന്റെ പേരില്‍ ലോകായുക്ത വിധി വന്നപ്പോഴാണ് ജലീലിന് മന്ത്രി സ്ഥാനം പോയത്. അദ്ദേഹം എന്തോ കണ്ടിട്ടുണ്ടെന്നര്‍ഥം. തന്റെ അടുത്ത ബന്ധു കെ.ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന് ജനറല്‍ മാനേജറായി നിയമിച്ച കേസിലാണ് ജലീല്‍ കുടുങ്ങിയത്. അന്ന് വാദം പൂര്‍ത്തിയായെങ്കിലും വിധി പറയാന്‍ വൈകിയത് ഇടതുമുന്നണി രക്ഷപ്പെട്ടു. തിരഞ്ഞെടുപ്പിന് മുമ്പ് അഴിമതിക്കേസില്‍ മന്ത്രി രാജിവയ്ക്കേണ്ടി വന്നിരുന്നെങ്കില്‍ അത് ഇടതുമുന്നണിക്ക് തിരിച്ചടിയായേനേ.
ഒരേ സമയം വരാന്‍ പോകുന്ന ലോകായുക്ത വിധി നല്ലതാകുമെന്നു കരുതുന്നു. മുമ്പ് തങ്ങള്‍ക്കെതിരെ വിധിച്ചത് നിയമവിരുദ്ധമാണെന്നും പറയുന്നു. ലോകായുക്ത തന്നെ പരാതിക്കാരനെ ഭംഗ്യന്തരേണ പേപ്പട്ടിയോടുപമിക്കുന്നു. ഇതേ ലോകായുക്തയെയാണ് മുമ്പ് കെ.ടി ജലീല്‍ പരസ്യമായി ആക്ഷേപിച്ചത്. ലോകായുക്തയിലെ ഒരു ജഡ്ജിയെ വ്യക്തിപരമായി ആക്ഷേപിച്ചുകൊണ്ടായിരുന്നു അത്. സുപ്രീംകോടതിയില്‍ മൂന്നര കൊല്ലത്തിനിടെ 6 കേസില്‍ മാത്രം വിധി പറഞ്ഞയാള്‍ തനിക്കെതിരായ കേസ് 12 ദിവസം കൊണ്ട് വാദം കേട്ടെന്നും എതിര്‍കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തേക്കാള്‍ വേഗതയില്‍ വിധി പറഞ്ഞു ചരിത്രം കുറിച്ചെന്നും ജലീല്‍ ഫെയ്സ്ബുക്കിലൂടെ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ലോകായുക്ത ജസറ്റിസ് സിറിയക് ജോസഫിനെതിരെയായിരുന്നു ഈപരസ്യ വിമര്‍ശനം. സഹോദര ഭാര്യയ്ക്ക് അനര്‍ഹമായ പദവി നേടിയെടുത്തെന്നും അഭയക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ജസ്റ്റിസ് സിറിയ്ക്ക് ജോസഫിനെതിരെ ജലീല്‍ വിമര്‍ശനമുന്നയിച്ചിരുന്നു. യോഗ്യതയുള്ളവര്‍ പദവിയേറ്റെടുക്കാന് വിസമ്മതിച്ചപ്പോള്‍ മറ്റു മാര്‍ഗമില്ലാതെയാണ് ജസ്റ്റിസ് സിറിയക്ക് ജോസഫിനെ ലോകായുക്തയായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചതെന്നും ജലീല്‍ അന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ജലീല്‍ പറയുന്നു എല്ലാവിധിയും നിയമവിരുദ്ധമാകുമെന്ന് കരുതേണ്ട. അതാണ് എല്ലാവരിലും സംശയം ജനിപ്പിക്കുന്നത്.
വിമര്‍ശനവും ആരോപണവും വരുമ്പോള്‍ വിമര്‍ശകര്‍ക്കെതിരെ നിയമത്തിന്റെ പരിധിയില്‍ നിന്ന് നടപടിയെടുക്കുകയോ സംരക്ഷണത്തിന് അഭ്യര്‍ത്ഥിക്കുകയോ ചെയ്യുന്നതിന് പകരം വിമര്‍ശകര്‍ക്ക് മുമ്പില്‍ മുട്ടുമടക്കാന്‍ നീതി പീഠത്തിന് കഴിയുമോ.
തിരിച്ച് ഇപ്പോള്‍ ജഡ്ജിമാരും വിമര്‍ശനമുന്നയിക്കുന്നു. വിമര്ശിച്ചവരെയല്ല എന്നു മാത്രം. വഴിയില്‍ പേപ്പട്ടിയെ കണ്ടാല്‍ ഒഴിഞ്ഞുമാറിപ്പോവുകയല്ലെ നല്ലതെന്നാണ് ലോകായുക്ത പറഞ്ഞത്. പരാതിക്കാരനായ ആര്.എസ്.ശശികുമാറിനെ പേപ്പട്ടിയോടുപമിച്ചതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡിസതീശനും രംഗത്തു വന്നിട്ടുണ്ട്. അതേ സമയം ഇത് ശശികുമാറിനെ തന്നയൊണോ അതേ തന്നെ നേരത്തെ വിമര്‍ശിച്ചവര്‍ക്കുള്ള ഇന്‍ഡയറക്ട് മറുപടിയാണോ എന്നും പറയാനാകില്ല. ലോകായുക്തക്കെതിരെ നിരന്തരം ആക്ഷേപമുന്നയിച്ച മുന്‍ മന്ത്രി കെ.ടി.ജലീലിനെതിരെ ഒരക്ഷരം ഉരിടായാത്ത ലോകായുക്തയാണ് ഇപ്പോള്‍ പരാതിക്കാരനായി ആര്.എസ്.ശശികുമാറിനെ പേപ്പട്ടിയോടുപമിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. ഉണ്ട വിരുന്നിനുള്ള നന്ദിയാണ് ലോകായുക്തയുടെ പുതിയ വിധിയെക്കുറിച്ച് കെ.പി.സിസി പ്രസിഡന്റ് കെ.സുധാകരന് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ വിരുന്നില്‍ ലോകായുക്തമാര്‍ പങ്കെടുത്തതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതോടെ തന്നെ കേസിന്റെ സ്ഥിതി എന്താകുമെന്ന് പലരും ചോദിച്ചിരുന്നു. പ്രതിയുടെ വിരുന്നില്‍ ജഡ്ജിക്ക് പങ്കെടുക്കാമോ എന്നതായിരുന്നു പൊതുവെ ഉയര്‍ന്ന ചോദ്യം.
ഏതായാലും നീതിയും വൈകും. നീതി ഇപ്പോള്‍ തന്നെ കിട്ടണമെന്ന് വാശിപിടിക്കാനാകില്ലല്ലോ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം സ്വന്തക്കാര്‍ക്ക് ക്രമം വിട്ട് നല്കിയതിനെതിരെയുള്ള പരാതിയിലാണ് ലോകായുക്ത പുനപരിശോധന ഹര്‍ജി തള്ളിയത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂണ്‍ ഉള് റഷീദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ഫുള്‍ ബെഞ്ചിന് വിടുന്നതിനെ എതിര്‍ത്ത് ദുരൂഹമാണെന്ന് പറഞ്ഞത്. ഇനി ഏതായാലും ജൂണാകുമ്പോള്‍ കേസ് ഫുള്‍ ബെഞ്ച് പരിഗണിക്കും.
ഭിന്നാഭിപ്രായമുള്ളതുകൊണ്ടാണ് രണ്ടംഗ ബെഞ്ചിന്റെ കേസ് ഫുള്‍ ബെഞ്ചിന് വിട്ടതെന്നും അന്തിമ ഉത്തരവ് ഇല്ലാതെ പുനപരിശോധന ഹര്‍ജി നിലനില്ക്കിലെന്നുമായിരുന്നു ലോകായുക്ത പറഞ്ഞത്. ലോകായുകതയില്‍ നിന്നനുകൂല വിധിയുണ്ടാകില്ലെന്നുറപ്പിച്ച മട്ടിലാണ് പരാതിക്കാരനുള്ളത്. ഇപ്പഴത്തെ പിണറായി വിജയന് സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെയുള്ള കേസല്ലിത്. ഒന്നാം പിണറായി സര്‍ക്കാരിനെതിരെയാണ് കേസ്. 2018ലാണ് കേസ് തുടങ്ങിയത്. കേസ് നീണ്ടു നീണ്ടു 2023 ആയി. ഇനി എപ്പോഴാണ് ഒരു തീരുമാനം വരിക.
ലോകായുക്ത തങ്ങള്‍ക്കെതിരെ തിരിഞ്ഞാലുളള പരിഹാരവും കണ്ട സര്‍ക്കാരാണിത്. പിണറായി വിജയനെതിരെ കേസ് വന്നതുകാരണം ലോകായുക്ത നിയമം തന്നെ മാറ്റി ലോകായുക്തയെ കടിഞ്ഞാണിടാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാരാണിത്. എന്നാല്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല. ഇനി ഒപ്പിടുമോ എന്നു പറയാനാവില്ല. അങ്ങനെയാണെങ്കില്‍ വിധിക്ക് തന്നെ പ്രസക്തി ഇല്ലാതാവും.