കോൺറാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രി; കൂടെ 11 മന്ത്രിമാരും
1 min readഷില്ലോങ് : മേഘാലയ മുഖ്യമന്ത്രിയായി എൻപിപി നേതാവ് കോൺറാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ 11 മന്ത്രിമാരും ചുമതലയേറ്റു. എൻപിപി നേതാക്കളായ പ്രസ്‌റ്റോൺ ടിൻസോങ്, സ്നിയാവ്ഭലാങ് ധറുംഎന്നിവർ ഉപമുഖ്യമന്ത്രിമാരായി.
അലക്സാണ്ടർ ലാലു ഷെക് (ബിജെപി),പോൾ ലിങ്‌ദോ, കിർമെൻ ഷില്ല (യുഡിപി), ഷക്ലിയാർ വാർജ്രി (എച്ച്എസ്പിഡിപി) എന്നിവർ മന്ത്രിമാരിൽ പ്രമുഖരാണ്. ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. മേഘാലയയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ കോൺറാഡ് സാങ്മ സർക്കാരിനു കഴിയട്ടെ എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രണ്ടാം തവണയാണ് സാങ്മ മുഖ്യമന്ത്രിയാകുന്നത്.
മുഖ്യമന്ത്രിയുൾപ്പെടെ എൻപിപിക്ക് 8 മന്ത്രിമാരുണ്ട്. യുഡിപിക്ക് രണ്ടും എച്ച്എസ്പിഡിപി, ബിജെപി എന്നിവർക്ക് ഒന്നു വീതം മന്ത്രിമാരാണുള്ളത്. മുഖ്യമന്ത്രി ഉൾപ്പെടെ 4 മന്ത്രിമാർ ഗാരോ ഹിൽസിൽ നിന്നും 8 പേർ ഖാസി-ജയന്റിയ ഹിൽസിൽ നിന്നുമാണ്. യുഡിപി (11), പിഡിഎഫ് (2) എന്നീ കക്ഷികൾ കൂടിചേർന്നതോടെ സാങ്മ സർക്കാരിന് 45 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നീ കക്ഷികളുമായി ചേർന്ന് യുഡിപി സർക്കാർ രൂപീകരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടയിലാണ് അവർ മലക്കം മറഞ്ഞ് എൻപിപിക്കൊപ്പം ചേർന്നത്.