കോണ്‍ഗ്രസ് ഈ രാജ്യത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: അനുരാഗ് താക്കൂര്‍
1 min read
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടന്‍ സന്ദര്‍ശന വേളയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. രാഹുലിന്റെ ഹാജര്‍നില പാര്‍ലമെന്റിലെ എംപിമാരുടെ ശരാശരി ഹാജര്‍ നിലയെക്കാള്‍ കുറവാണെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാക്കളുടെ മൈക്കുകള്‍ പലപ്പോഴും നിശബ്ദമാക്കപ്പെടാറുണ്ടെന്നായിരുന്നു ലണ്ടനില്‍ വച്ച് രാഹുല്‍ പറഞ്ഞത്.
രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എത്തി രാജ്യത്തോട് മാപ്പ് പറയണമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ‘ ഇന്ത്യ ഇന്ന് ഒരു ആഗോള ശക്തിയായി ഉയര്‍ന്നുവന്നു കൊണ്ടിരിക്കുകയാണ്. ജി20യുടെ അദ്ധ്യക്ഷപദം വഹിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയുടെ പുരോഗതിയെ ആണ് ഇതെല്ലാം അടയാളപ്പെടുത്തുന്നത്. എന്നാല്‍ മറുവശത്തോ വിദേശ രാജ്യങ്ങളിലെത്തി ഇന്ത്യയെ അപമാനിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്.
പാര്‍ലമെന്റിലെത്തി രാഹുല്‍ ഈ രാജ്യത്തോട് മാപ്പ് പറയണം. പാര്‍ലമെന്റില്‍ തനിക്ക് സംസാരിക്കാന്‍ അനുമതി ഇല്ലെന്നാണ് രാഹുലിന്റെ വാദം. പക്ഷേ പാര്‍ലമെന്റ് എംപിമാരുടെ ശരാശരി ഹാജറിനെക്കാള്‍ കുറവാണ് രാഹുലിന്റെ ഹാജര്‍നില. കോണ്‍ഗ്രസിന് അറിയാവുന്നത് അഴിമതിയുടെ കലയാണ്. സ്വന്തം രാജ്യത്തിനെതിരായാണ് അവര്‍ പ്രചാരണം നടത്തുന്നത്. ഈ രാജ്യത്തോട് മാപ്പ് പറയാന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥരാണെന്നും’ അനുരാഗ് താക്കൂര്‍ പറഞ്ഞു.