ശ്രീനാഥ് ഭാസിക്കെതിരായ പരാതിയില്‍ നടനെ തിങ്കളാഴ്ച ചോദ്യം ചെയ്യും,

1 min read

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. തിങ്കളാഴ്ച ഹാജരാകാന്‍ നടനോട് ആവശ്യപ്പെടും. ഇതിനിടെ കേസും വിവാദങ്ങളും തങ്ങളുടെ സിനിമയെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കി ‘ചട്ടമ്പി’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

കൊച്ചിയില്‍ ‘ചട്ടമ്പി’ സിനിമയുടെ പ്രൊമോഷന്‍ ഷൂട്ടിനിടെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കഴിഞ്ഞ ദിവസം മരട് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകയുടെ പരാതി. ഈ പരാതിയില്‍ നടനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. തിങ്കളാഴ്ച ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനാണ് തീരുമാനം. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം സംഭവത്തെ കുറിച്ച് വ്യത്യസ്ത നിലപാടാണ് പരാതിക്കാരിയും നടനുമായി ബന്ധപ്പെട്ടവരും സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. പരാതിയില്‍ പറയും പോലെ ശ്രീനാഥ് ഭാസിയില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെങ്കില്‍ അത് അംഗീകരിക്കില്ലെന്ന് ‘ചട്ടമ്പി’ സിനിമയുടെ സംവിധായകന്‍ അഭിലാഷ് എസ്.കുമാര്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ തന്റെ സിനിമയെ മോശമാക്കാന്‍ മനഃപൂര്‍വമായ ശ്രമം നടക്കുന്നുന്നതായും സംവിധായകന്‍ ആരോപിച്ചു. ഇതിനിടെ, മറ്റൊരു റേഡിയോ അഭിമുഖത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും പുറത്തു വന്നു.

Related posts:

Leave a Reply

Your email address will not be published.