പിണറായി വിജയന് മക്കളുണ്ട്.  ചടയന്‍ ഗോവിന്ദനും മക്കളുണ്ടായിരുന്നു

1 min read

ചടയനും കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായിരുന്നു.

 രണ്ടു തവണ തുടര്‍ച്ചയായി  ഇടതുപക്ഷം അധികാരത്തിലേറിയതോടെ സി.പി.എമ്മിന്റെ എല്ലാ കള്ളികളും വെളിച്ചത്തുവന്നുകൊണ്ടിരിക്കുന്നു.  ഓരോ ദിവസവും സി.പി.എമ്മിന്റെ അറിയപ്പെടാത്ത മുഖമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബംഗാളില്‍ 1977 മുതല് മൂന്നു ദശാബ്ദത്തിലധികം അധികാരത്തിലിരുന്നതോടെ സി.പി.എം എടുക്കാനും തൊടാനും പറ്റാതെയായി. കേരളത്തില്‍ ഒന്നിടവിട്ട ഭരണമായിരുന്നു നടന്നുകൊണ്ടിരുന്നുത്. ബൂര്ഷ്വാ പാര്‍ട്ടികളുടെ എല്ലാ ജീര്‍ണതകളും സി.പി.എമ്മിനെ ഇപ്പോള്‍ ബാധിച്ചുകഴിഞ്ഞു.

 അഴിമതി, സ്വജനപക്ഷപാതം, വര്‍ഗീയ വിരുദ്ധ നിലപാടുകളില്‍ നിന്ന് പിന്നാക്കം പോക്ക്, പുരോഗമന നിലപാടുകള്‍ മാറ്റി പിന്തിരിപ്പന്‍ നിലപാടുകള്‍ക്ക് ന്യായികരണം കണ്ടെത്തല്‍,  അമിതമായി പണസമാഹരണം, വ്യക്തികളും പാര്‍ട്ടിയും. സ്ഥാപനവത്കരണം.

 മറ്റ് പാര്‍ട്ടികളുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍. . എല്ലാ ജനാധിപത്യ പാര്ട്ടികളിലും അല്ലെങ്കില്‍ കുടുംബാധിപത്യ പാര്ട്ടികളിലും അഴിമതി ഉണ്ടായിരുന്നെങ്കില്‍ അതിനൊക്കെ ഒരു അതിരുണ്ടായിരുന്നു.  അതിനെ ചോദ്യം ചെയ്തവരു ംപിന്നീട് അഴിമതിക്കാരും സ്വജനപക്ഷപാതികളുമായിരുന്നെങ്കിലും അവിടെയൊക്കെ ഒരു എതിര്പ്പ് ഉണ്ടായിരുന്നു. അവരത് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇവിടെ എതിര്പ്പില്ല. സി.പി.എമ്മില്‍ മുറുമുറുപ്പ് മാത്രം. പിണറായി വിജയനെതിരെ  ചെറുവിരലനക്കാന്‍ പാര്ട്ടി ബ്രാഞ്ചിലെ സാധാരണ അംഗം തൊട്ട് പൊളിറ്റ് ബ്യൂറോ അംഗവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ധൈര്യപ്പെടുന്നില്ല. വീണയുടെ മാസപ്പടി വെറും ഒരു ആരോപണമല്ല എന്നും സംശയാതീതമായി തെളിയിക്കപ്പെട്ടതും  ആദായനികുതി വകുപ്പിന്റെ അവസാനത്തെ ഏജന്‍സിയും നിയമപരമായി അത് ശരിവയ്ക്കുകയും ചെയ്തുവെന്നതും സീതാറാം യച്ചൂരിക്കും പ്രകാശ് കാരാട്ടിനും എം.വി.ഗോവിന്ദനും എം.എ ബേബിക്കും എ.കെ.ബാലനുമൊന്നും അറിയാഞ്ഞിട്ടല്ല. ഇലക്ഷനില്‍ ജയിക്കുമെങ്കിലും സി.പി.എം മരിച്ചുപോയിരിക്കുന്നു. അതിന്റെ ഭൗതിക ശരീരം മാത്രമാണ് ഇവിടയെുള്ളത്.

 മുഖ്യമന്ത്രിയുടെ , അതായത് ഏറ്റവും ഉന്നതനായ ഒരാളുടെ പേര് ഉപയോഗിച്ച് പിണറായി വിജയന്റെ മകള്‍ വീണ , ക്രമക്കേട് നടത്തിയ ഒരു കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന് ആദായ നികുതി വകുപ്പിന്റെ അപ്പലറ്റ് ട്രൈബ്യൂണല്‍ കണ്ടെത്തിയിട്ടും മുഖ്യമന്ത്രിക്കെതിരെ ചെറുവിരലനക്കാന്‍ പോലും ധൈര്യം സി.പി.എം സംസ്ഥാന സെക്രട്ടറിക്കോ കേന്ദ്രനേതൃത്വത്തിനോ ഇല്ല. എത്രമാത്രം ഈ പാര്‍ട്ടി സ്റ്റാലിനിസ്റ്റ് വത്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്.  മുഖ്യമന്ത്രിയുടെ മരുമകന്‍ ആയതുകൊണ്ട് മാത്രം ഒരു മന്ത്രി രണ്ടാം മന്ത്രി ചമയുകയാണ്. അധികാരം  ചിലയിടങ്ങളില്‍ കേന്ദ്രീകരിക്കപ്പെടുകയാണ്. ആര്‍ക്കും ഒന്നും ചോദിക്കാന്‍ ധൈര്യമില്ല. ഇതാണോ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം.  പണ്ട് ജനപിന്തുണയോടെ വി.എസ് മുഖ്യമന്ത്രിയാക്കിയപ്പോള്‍  അദ്ദേഹത്തിന്  നിന്നുതിരിയാന്‍ ഇടം നല്‍കാതെ ഇടതും വലത്തും മുമ്പിലും പിന്നിലുമെല്ലാം പാര്‍ട്ടിക്കാരെ നിരത്തി കൊച്ചാക്കിയ പാര്ട്ടിയാണിത്. ഇന്ന് ഒരു മുഖ്യമന്ത്രിയുടെ വാലാട്ടിയായി പാര്ട്ടി മാറിയിരിക്കുന്നു. എല്ലാം ജയജയ പാടല്‍ മാത്രം.

ഇത് ഒരു മുഖ്യമന്ത്രിയുടെ മാത്രം കാര്യമല്ല. താഴെക്കിടയില്‍ വരെ എല്ലാവരും സ്വന്തം കാര്യം നോക്കി അഴിമതിയും സ്വജനപക്ഷപാതവും പണസമാഹരണവും നടത്തി മുതലെടുക്കുന്നു. കക്കുന്നവന് എങ്ങനെ കളവിനെ ചോദ്യം ചെയ്യാന്‍ പറ്റും. അഴിമതി അടി മുതല്‍ മുടി വരെ സി.പി.എമ്മിനെ ബാധിച്ചു കഴിഞ്ഞു.

 ഇങ്ങനെയായിരുന്നില്ല സി.പി.എം. , ഇങ്ങനെ
ആയിക്കൊണ്ടിരിക്കുമ്പോഴും എടുത്തുപറയാന്‍ ചില മുത്തുകളവിടെ ഉണ്ടായിരുന്നു. അങ്ങനെ ഒരു മുത്തായിരുന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍.  ഇന്നത്തെ പാര്‍ട്ടിയിലായിരുന്നു അദ്ദേഹമെങ്കില്‍ തൂങ്ങിച്ചത്തേനെ.

 ചടയനെ ചികിത്സിച്ച ഡോക്ടറിലൂടെ ആ പാര്‍ട്ടി സെക്രട്ടറിയുടെ മഹത്വം നമുക്ക് മനസ്സിലാകുന്ന കുറിപ്പ് നേരത്തെ മാദ്ധ്യമങ്ങളില്‍ വന്നിരുന്നു. അത് നമുക്ക് ഒന്നുകൂടി കേള്‍ക്കാം.

കണ്ണൂരില്‍ നിന്നു തന്നെയുള്ള ചടയന്‍ ഗോവിന്ദന്‍ എന്നു പേരുള്ള ഒരു സംസ്ഥാന സെക്രട്ടറിയുണ്ടായിരുന്നു അല്പകാലം മുമ്പ് ,   അതായത് കാല്‍ നൂറ്റാണ്ട് മുമ്പ് ,കേരളത്തിലെ CPM ന്; സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചുവരുമ്പോള്‍ സഖാവ് ചടയന്‍ ഗോവിന്ദന്‍ കാന്‍സര്‍ ബാധിച്ച് മരണ മടഞ്ഞു.

അദ്ദേഹത്തെ  ചികിത്സിച്ച RCC ഡയറക്ടറായിരുന്ന ഡോ.കൃഷ്ണന്‍ നായര്‍ ചടയന്റെ അന്ത്യനാളുകളെ പറ്റി എഴുതിയിട്ടുണ്ട്.

ഒട്ടും മൃത്യു ഭയമില്ലാതിരുന്ന ആ ധീരസഖാവ് മരണാസന്ന ദിനങ്ങളില്‍ അങ്ങേയറ്റം മ്‌ളാന വദനനായിരുന്നു. വിഷമത്തിന്റെ കാരണം ഡോക്ടര്‍ ആവര്‍ത്തിച്ച് നിര്‍ബന്ധിച്ച് ചോദിച്ചപ്പോള്‍ മടിച്ചു മടിച്ച് ചടയന്‍ സഖാവ് മനസ്സു തുറന്നു

‘മക്കള്‍ക്കാര്‍ക്കും ജോലിയോ വരുമാനമോ ഒന്നുമായിട്ടില്ല. അവരുടെ കാര്യമാലോചിക്കുമ്പോള്‍ മനസ്സിനൊരു സമാധാനവുമില്ല.’

ഒരൊറ്റ ഫോണ്‍കോള്‍ വഴി മക്കള്‍ക്ക് മികച്ച ജോലി ഉറപ്പിക്കാനാകുമായിരുന്ന പാര്‍ട്ടി സെക്രട്ടറിയുടെ ധാര്‍മ്മിക വീര്യത്തിന് മുന്നില്‍ ഡോ.കൃഷ്ണന്‍ നായര്‍ കൈകൂപ്പി നിന്നുപോയി.

അവസാനം മുന്‍പ് ചികിത്സിച്ച് ഭേദമാക്കിയൊരാള്‍ മുഖേന സഖാവിന്റെ മകന് ഗള്‍ഫിലൊരു ജോലി ഡോക്ടര്‍ ശരിയാക്കി കൊടുത്തു.

ചടയന്‍ ഗോവിന്ദന്‍ ഒരു മിത്തല്ല. ഇതൊരു ഐതിഹ്യകഥയുമല്ല. 1998ലാണ് അദ്ദേഹം അന്തരിച്ചത്.

 ഇതാണ് പഴയ സി.പി.എം.

 ഇന്ന് ഒരു ചടയന്‍ ഗോവിന്ദനെ കാണിച്ചുതരാന്‍ കഴിയുമോ. ഒരു പക്ഷേ അണികളില്‍ കാണുമായിരിക്കും. ലോക്കല്‍ കമ്മിറ്റി മുതല്‍ മുകളിലോട്ട് ഒരു കമ്മിറ്റിയും ക്വാളിറ്റി ഉള്ള ഒരു കമ്യൂണിസ്റ്റുകാരനെ കാണാന്‍ കഴിയില്ല. ഇതാണ് സി.പി.എമ്മിന്റെ അധ:പതനം. ഇതില്‍ വിലപിച്ചിട്ട് കാര്യമില്ല. കാരണം ഈ വിലാപം ആരും കേള്‍ക്കില്ല. എല്ലാവരും ചക്കര കുടത്തില്‍ നിന്ന് കയ്യിട്ട് വാരാനുള്ള തിരക്കിലാണ്.

ReplyForward

Related posts:

Leave a Reply

Your email address will not be published.