കോണ്‍ഗ്രസിന്റെ ക്ഷണമില്ല, ചങ്കു തകര്‍ന്ന് ഇരട്ടച്ചങ്കന്‍: ഞങ്ങളുടെ ചെലവില്‍ ആളാകേണ്ട എന്ന് പിണറായിയോട് കോണ്‍ഗ്രസ്
1 min readകര്‍ണാടകയില്‍ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാത്തതില്‍ ചങ്കു തകര്‍ന്ന് ഇരട്ടച്ചങ്കന്‍. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും ആഹ്ലാദിച്ചത് ഇരട്ടച്ചങ്കനും മരുമോനുമായിരുന്നു. സന്തോഷത്താല്‍ ആറാടുകയായിരുന്നു ഇരുവരും . ബി.ജെ.പി.യെ തളച്ചു എന്നതായിരുന്നു സന്തോഷത്തിനു കാരണം. സി.പി.എമ്മിന്റെ സൈബര്‍ പോരാളികളും ആഹ്ലാദത്തിമര്‍പ്പിലായിരുന്നു. കര്‍ണാടകത്തില്‍ തങ്ങള്‍ക്ക് ഒരു തരി പോലുമില്ലെന്ന കാര്യമൊക്കെ അവര്‍ മറന്നു. കോണ്‍ഗ്രസിന്റെ വിജയം സ്വന്തം വിജയമാക്കി എല്ലാം മറന്ന് ആറാടി സി പി എം നേതാക്കള്‍.
അങ്ങനെയുള്ള സി പിഎമ്മിന്റെ നെഞ്ചില്‍ തന്നെ ആഞ്ഞുചവിട്ടിയിരിക്കുന്നു കോണ്‍ഗ്രസ്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് ക്ഷണമില്ലാത്ത ഏക ബി ജെ പിയിതര മുഖ്യമന്ത്രിയായിരിക്കുന്നു പിണറായി വിജയന്‍. രാഹുല്‍ജിയെ പ്രധാനമന്ത്രിയാക്കാന്‍ ഇന്ത്യയൊട്ടാകെ പ്രതിപക്ഷ ഐക്യവുമായി ഓടി നടക്കുന്ന യാളല്ലേ പിണറായി വിജയന്‍. അദ്ദേഹത്തെ ഇങ്ങനെ അവഗണിക്കാമോ? സഖാക്കള്‍ ഇതെങ്ങനെ സഹിക്കും?
കോണ്‍ഗ്രസിന്റെ ഈ തീരുമാനത്തില്‍ പകച്ചു പോയി സഖാക്കള്‍. ഇതങ്ങനെ വിട്ടു കൊടുക്കാമോ? ചാടി രംഗത്തിറങ്ങി പ്രകാശ് കാരാട്ടും ചിറ്റപ്പന്‍ ജയരാജനും . കോണ്‍ഗ്രസിന്റേത് അപക്വമായ തീരുമാനമാണെന്ന് അവര്‍ വിധിയെഴുതി. എന്നിട്ടും അടങ്ങിയില്ല ചിറ്റപ്പന്‍. ഇങ്ങനെയാണെങ്കില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ ഭരണം അധികകാലം കാണില്ല , ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ പറ്റിയ നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ല എന്നൊക്കെ പറഞ്ഞു കളഞ്ഞു ചിറ്റപ്പന്‍. ഇനി അപ്പം ഗോവിന്ദന്‍ എന്തു പറയുമോ ആവോ? കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെതിരെ ജനതാദളുമായി ചേര്‍ന്ന് മത്സരിച്ചവരാണ് സിപിഎം. എന്നിട്ടാണിപ്പോള്‍ ഉളുപ്പില്ലാതെ കിടന്നു മോങ്ങുന്നത്.
മമതാ ബാനര്‍ജി, നവീന്‍ പട്‌നായിക്, നിതീഷ് കുമാര്‍ ഇവരെയൊക്കെ വിളിച്ചു. എന്നെ മാത്രം ഒഴിവാക്കി എന്ന സങ്കടത്തിലാണ് പാവം പിണറായി. തൊട്ടുരുമ്മി കിടക്കുന്ന രണ്ടു സംസ്ഥാനങ്ങളല്ലേ? അതെങ്കിലും ഓര്‍ക്കേണ്ടേ കര്‍ണാടകം?
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഓടി നടന്ന ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നതിന്റെ പേരിലാണോ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാതിരുന്നത്. അതു മാത്രമല്ല കാരണമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. കര്‍ണാടകയിലെ വിജയം കേരളത്തിലെ കോണ്‍ഗ്രസിനു നല്‍കിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളും നേടാന്‍ കഴിയുമെന്നും അടുത്ത തവണ കേരളം പിടിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. അതിന്റെ കടയ്ക്കല്‍ കത്തി വെക്കുന്നതായിരിക്കും സി പി എമ്മുമായുള്ള ബാന്ധവം എന്ന് അവര്‍ ഭയക്കുന്നു. കോണ്‍ഗ്രസും സി പി എം കേരളത്തില്‍ ഗുസ്തിയും കേരളം വിട്ടാല്‍ ദോസ്തിയുമാണെന്ന് പണ്ടേ തന്നെ ബി ജെ പി ആരോപിക്കുന്നുണ്ട്. ആ ആരോപണത്തിന് വെള്ളവും വളവും നല്‍കേണ്ട എന്നാണ് കോണ്‍ഗ്രസ് തീരുമാനം. പിണറായിയെ തഴഞ്ഞതിനു പിന്നില്‍ കെ.സി വേണുഗോപാലാണ് എന്ന ആരോപണത്തിനു കാരണവും ഇതു തന്നെയാണ്. കേരളത്തില്‍ കൈവരാനിരിക്കുന്ന സൗഭാഗ്യം തട്ടിത്തെറിപ്പിക്കേണ്ട എന്ന ചിന്ത തന്നെ. പക്ഷേ, ഇതിലൂടെ തകര്‍ന്നത് പ്രതിപക്ഷ ഐക്യനിരയുടെ നേതൃസ്ഥാനം സ്വപ്നം കണ്ട ഇരട്ടച്ചങ്കന്റെ മോഹങ്ങളാണ്.