മുഖ്യമന്ത്രിയും കുടുംബവും കേരളം വിറ്റു തുലയ്ക്കാൻ ഇറങ്ങിത്തിരിച്ചവർ – സ്വപ്ന സുരേഷ്
1 min readബെംഗളുരു : ലൈഫ് മിഷൻ കേസിൽ വമ്പൻ സ്രാവുകൾ ഇപ്പോഴും പുറത്ത് തന്നെയാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇടപാടിൽ പ്രധാന പങ്കുണ്ട്. കേസിൽ താൻ കൂടി പ്രതിയായാലേ പൂർണത വരൂ. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എൻ.രവീന്ദ്രനെ ചോദ്യം ചെയ്താൽ എല്ലാ വമ്പൻമാരുടെയും പങ്ക് പുറത്താകും. സ്വപ്ന പറഞ്ഞു.
ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിൽ ദുഃഖമുണ്ട്. എന്നാൽ ഇതുകൊണ്ട് അവസാനിക്കുന്നില്ല. കേരളം മൊത്തം വിറ്റു തുലയ്ക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ച മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ എല്ലാവരും പുറത്തു വരണം. കേസിൽ കടലിനടിയിലെ എല്ലാ വമ്പൻ ഇറങ്ങി തിരിച്ചിരിക്കുന്നത്. എനിക്ക് ജയിലിൽ കിടക്കേണ്ടി വന്നാലും ഇതിൽ ഉൾപ്പെട്ട ഓരോരുത്തരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഈ ആളുകൾക്ക് വേണ്ടിയാണ് ഞാനടക്കമുള്ളവർ ഉപകരണമായത്. വാട്ട്സ്ആപ്പ് സന്ദേശങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റ് -സ്വപ്ന പറഞ്ഞു.
വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയെക്കൂടി ഇതിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. അതാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ സി.എൻ.രവീന്ദ്രൻ. അദ്ദേഹത്തെ ചോദ്യം ചെയ്താൽ ഒരുപാട് കാര്യങ്ങൾ പുറത്തുവരും. എല്ലാ പ്രൊജക്റ്റിലും കൈയിട്ട് വാരുന്നയാളാണ് രവീന്ദ്രൻ. ചോദ്യം ചെയ്യാൻ വിളിക്കുമ്പോഴെല്ലാം ഒഴിഞ്ഞുമാറുന്നത് അതുകൊണ്ടാണ്.
മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെയും മകൾ വീണയുടെയും യുഎഇയിൽ ഇരുന്ന് പ്രവർത്തിക്കുന്ന മകന്റെ പങ്കും പുറത്തു വരും. ബിരിയാണി ചെമ്പ്, മുഖ്യമന്ത്രിയുടെ ബാഗേജ്, ഷാർജ ഭരണാധികാരിയുടെ സന്ദർശനം എല്ലാം പുറത്തു വരിക തന്നെ ചെയ്യും.
യുഎഇയിൽ ബാക്കിയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് മുഖ്യമന്ത്രിയുടെ മകനാണ്. വാങ്ങിക്കുന്ന ശമ്പളത്തിനായി അനുസരിക്കുക മാത്രമാണ് ഞാൻ ചെയ്തത്. അതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ശിവശങ്കറുമായി ഒരു പ്രത്യേക ബന്ധമുളളതു കൊണ്ട് എതിർക്കാൻ പറ്റിയില്ല.
ഞാനും ഇതിൽ പ്രതിയായാലേ ഈ കേസ് പൂർണമാവുകയുള്ളൂ. അടുത്ത മണിക്കൂറിൽ അതുണ്ടായേക്കും. ഇഡിയുടെ അന്വേഷണം ശരിയായ പാതയിലാണെന്നും സ്വപ്ന കൂട്ടിച്ചേർത്തു.