ഗണേഷ്‌കുമാറിനെതിരെ മുഖ്യമന്ത്രി; വാർത്തയാകുന്ന രീതിയിലല്ല പ്രശ്നങ്ങൾ ഉന്നയിക്കേണ്ടത്
1 min readതിരുവനന്തപുരം : സർക്കാരിനെതിരെ കേരളകോൺഗ്രസ് (ബി) ചെയർമാൻ കെ.ബി.ഗണേഷ്‌കുമാർ എംഎൽഎ കഴിഞ്ഞ എൽഡിഎഫ് നിയമസഭാ കക്ഷിയോഗത്തിൽ നടത്തിയ വിമർശനങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി. ഇന്ന് നടന്ന എൽഡിഎഫ് നിയമസഭാ കക്ഷിയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. വാർത്തയാകുന്ന രീതിയിലല്ല പ്രശ്നങ്ങൾ ഉന്നയിക്കേണ്ടത്. ആ ശൈലി ശരിയല്ല. സർക്കാർ പണം അനുവദിക്കാതെയാണോ ഗണേഷിന്റെ മണ്ഡലമായ പത്തനാപുരത്ത് വികസനം നടന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. പത്തനാപുരത്തിന് അനുവദിച്ച പദ്ധതികളുടെ കണക്കും അദ്ദേഹം വായിച്ചു. ഗണേഷ്‌കുമാർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു മുൻപു നടന്ന എൻഡിഎഫ് നിയമസഭാ കക്ഷിയോഗത്തിൽ മണ്ഡലങ്ങളിൽ വികസനമെത്തുന്നില്ലെന്ന് ഗണേഷ്‌കുമാർ പരാതിപ്പെട്ടിരുന്നു. ഭരണപക്ഷ എംഎൽഎമാരെപ്പോലും അവഗണിക്കുകയാണെന്നായിരുന്നു ഗണേഷ് പറഞ്ഞത്. തുറന്നു പറഞ്ഞതിന്റെ പേരിൽ നടപടിയെടുക്കാനാണെങ്കിൽ അത് ചെയ്‌തോളൂ എന്ന വെല്ലുവിളിയും ഗണേഷിന്റെ ഭാഗത്തുനിന്നുണ്ടായി.
‘കഴിഞ്ഞ ബജറ്റിൽ ഓരോ എംഎൽഎയ്ക്കും 20 പ്രവൃത്തി വീതം തരാമന്നു പറഞ്ഞ് എഴുതി വാങ്ങി. ഒരെണ്ണംപോലും തന്നില്ല. ഭരണപക്ഷക്കാരുടെ സ്ഥിതിതന്നെ ഇതാണ്. കിഫ്ബിയാണ് എല്ലാറ്റിനും പോംവഴി എന്നാണ് പറയുന്നത്. ഇപ്പോൾ കിഫ്ബി എഴുതി കൊടുക്കേണ്ടെന്നാണ് പുതിയ നിർദ്ദേശം. കിപ്ബിയുടെ പേരിൽ ഫ്ളക്സുകൾ വച്ചു എന്നല്ലാതെ ഒന്നും നടക്കുന്നില്ല. അതിന്റെ പഴിയും എംഎൽഎമാർക്കാണ്. എംഎൽഎമാർക്ക് മണ്ഡലത്തിലിറങ്ങി നടക്കാൻ സാധിക്കാത്ത സ്ഥിതിയാണ്’. രോഷത്തോടെ ഗണേഷ് പറഞ്ഞു. മുഖ്യമന്ത്രി യോഗത്തിൽ ഉണ്ടായിരുന്നില്ല.