മാമുക്കോയ അഭിനയ കലാരംഗത്തെ വിലപ്പെട്ട പാഠപുസ്തകം – മുഖ്യമന്ത്രി പിണറായി വിജയൻ
1 min readഅന്തരിച്ച നടൻ മാമുക്കോയയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാമുക്കോയയുടെ മരണം കേരള സാംസ്‌കാരിക രംഗത്തിന് നികത്താവാത്ത നഷ്ടമാണെന്നും മലയാളിയുടെ ഒരു കാലഘട്ടത്തിലെ ചിരിയാണ് മാഞ്ഞുപോയതെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
“നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയ. കോഴിക്കോടൻ തനിമയുള്ള അഭിനയരീതിയും സംഭാഷണ ചാതുര്യവും നർമ്മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കി. നാടകരംഗത്തു കൂടി ചലച്ചിത്ര രംഗത്തെത്തി ആസ്വാദക ഹൃദയങ്ങളിൽ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേർപാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്. മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെ തന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നത്. കേരളീയ ജീവിതത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന അനേകം കഥാപാത്രങ്ങളെ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.
കെ.ടി.മുഹമ്മദിന്റെ അടക്കമുള്ള പ്രസിദ്ധ നാടങ്ങളിലൂടെ തന്നെ ജനമനസ്സിൽ പതിഞ്ഞ കലാകാരനായിരുന്നു. റാംജീറാവ് സ്പീക്കിംഗ്, നാടോടിക്കാറ്റ്, തലയണമന്ത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി. നാലര പതിറ്റാണ്ട് നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തിലൂടെയും അതിനു മുമ്പത്തെ നാടക പ്രവർത്തനത്തിലൂടെയും മാമുക്കോയ അഭിനയ കലാരംഗത്തെ വിദ്യാർത്ഥികൾക്കു മുന്നിൽ വിലപ്പെട്ട പാഠപുസ്തകമായി മാറി. ചലച്ചിത്ര പ്രേമികളുടെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു“.