മുഖ്യമന്ത്രിക്ക് മുട്ടുവിറച്ചെന്ന് ചെന്നിത്തല
1 min read
മകളുടെ മാസപ്പടി കേസില്‍ കേന്ദ്ര അന്വേഷണം വന്നതോടെ മുഖ്യമന്ത്രിക്ക് മുട്ടുവിറച്ചെന്നും അതാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ സമരവുമായി പോയതെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ നടത്തുന്നത് സമരമാണോ പൊതുയോഗമാണോ എന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ തന്നെ ആശയക്കുഴപ്പമാണ്. കഴിഞ്ഞ ഏഴര വര്‍ഷമായി കേന്ദ്രത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ ഒരക്ഷരം മിണ്ടാത്ത മുഖ്യമന്ത്രി പൊടുന്നനെ ഒരു സമരത്തിനിറങ്ങിയത് എന്തുകൊണ്ടാണെന്ന് ജനത്തിനറിയാം. ഭയഭക്തി ബഹുമാനത്തോടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ മുന്നില്‍ നിന്നത് കേരളം കണ്ടതാണ്. കേരളത്തിന്റെ ആവശ്യത്തെപ്പറ്റി പ്രധാനമന്ത്രിയുടെ മുന്നില്‍ ഒരക്ഷരം സംസാരിക്കാന്‍ തയ്യാറാകാത്തയാളാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇപ്പോഴത്തെ ഡല്‍ഹി സമരം കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണെന്നും ചെന്നിത്തല ആരോപിച്ചു.