ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സ് നിർബന്ധം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ
1 min readന്യൂഡൽഹി: ഒന്നാം ക്ലാസ് പ്രവേശനത്തിന് കുറഞ്ഞ പ്രായം ആറു വയസ് നിർബന്ധമാക്കിയ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. കേരളത്തിൽ കേന്ദ്രീയ വിദ്യാലയങ്ങൾ മാത്രമാണ് ആറ് വയസ് നിർദ്ദേശം നടപ്പാക്കിയത്.
എന്നാൽ സംസ്ഥാന സിലബസ് പിന്തുടരുന്ന സർക്കാർ എയ്ഡഡ് സ്കൂളുകളിലും സിബിഎസ്സ്സി സ്കൂളുകളിലും അഞ്ച് വയസിൽ തന്നെ പ്രവേശനം നൽകുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് പൂർത്തിയായിരിക്കണം. എന്നാൽ കേരളത്തിൽ അഞ്ച് വയസ് പൂർത്തിയായാൽ തന്നെ ഒന്നാം ക്ലാസ് പ്രവേശനം സാധ്യമാകുന്നു. ഇതിനെത്തുടർന്നാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
മൂന്നു വയസ്സു മുതൽ എട്ടു വയസ്സു വരെയുള്ള കുട്ടികൾക്ക് പഠനത്തിനുള്ള അവസരം ഒരുക്കുന്നതാണ് അടിസ്ഥാന വിദ്യാഭ്യാസം. 5 വർഷത്തെ കാലയളവിൽ ആദ്യ മൂന്നു വർഷം പ്രീസ്കൂളും തുടർന്ന് ഒന്ന്, രണ്ട് ക്ലാസ്സുകളും ഉൾപ്പെടുന്നതാണ് അടിസ്ഥാന വിദ്യാഭ്യാസം എന്ന് ദേശീയ വിദ്യാഭ്യാസ നയം വ്യക്തമാക്കുന്നു. മൂന്നു വയസ്സു മുതലുള്ള കുട്ടികൾക്ക് ഗുണമേൻമയേറിയ പ്രീ സ്കൂൾ പഠനം ഉറപ്പാക്കുന്നതിനായി അംഗനവാടികളും സർക്കാർ, സ്വകാര്യ തലത്തിൽ പ്രീസ്കൂളുകളും സജ്ജമാക്കണം. ഒന്നാം ക്ലാസ് പ്രവശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസ്സാക്കണം. ഇതനുസരിച്ച് പ്രവേശന നടപടികളിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.