സുപ്രീംകോടതി നിർദ്ദേശിച്ചാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ

1 min read

ബാർ കോഴക്കേസ് കുത്തിപ്പൊക്കുന്നത് ആർ.എസ്.എസ് അജണ്ട : എം.വി.ഗോവിന്ദൻ

ന്യൂഡൽഹി : സുപ്രീംകോടതി ഉത്തരവിട്ടാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ. ഇത് സംബന്ധിച്ച സത്യവാങ്മൂലം സിബിഐ സുപ്രീംകോടതിയിൽ ഫയൽ ചെയ്തു. കൊച്ചി സിബിഐ യൂണിറ്റിലെ എസ്പി എ.ഷിയാസാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ബാർ കോഴക്കേസ്. 2014ൽ കെ.എം.മാണി ധനകാര്യമന്ത്രിയായിരിക്കെ സംസ്ഥാനത്തെ 418 ബാറുകൾ തുറക്കാൻ അഞ്ച് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് കേരള ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് കേസിനാധാരം. പിന്നാലെ പി.എൽ.ജേക്കബ് എന്നയാളാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലാണ് സിബിഐ നിലപാടറിയിച്ചത്.
രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാർ, കെ.ബാബു, ജോസ്.കെ.മാണി എന്നിവർക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
2014ൽ എക്‌സൈസ് മന്ത്രിയായിരുന്ന കെ.ബാബു ബാർ ലൈസൻസ് പുതുക്കുന്നതിനും ലൈസൻസ് തുക കുറയ്ക്കുന്നതിനും ഒരു കോടി രൂപ കൈപ്പറ്റിയെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി, ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിന് 25 ലക്ഷം, എക്‌സൈസ് മന്ത്രി കെ.ബാബുവിന് 50 ലക്ഷം എന്നിങ്ങനെ നൽകിയതായി ബിജു രമേശ് വെളിപ്പെടുത്തിയതായും കെ.എം.മാണിക്കെതിരായ അന്വേഷണം ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സിബിഐ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഇതിനിടെ ബാർ കോഴക്കേസ് കുത്തിപ്പൊക്കുന്നത് ആർ.എസ്.എസ് അജണ്ടയാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രംഗത്തെത്തി. ബാർ കോഴക്കേസിൽ സജീവമായി രംഗത്തുണ്ടായിരുന്ന സംഘടനയാണ് സിപിഎം. പക്ഷേ, കെ.എം.മാണിയുടെ പാർട്ടി ഇടതുപക്ഷത്ത് എത്തിയതോടെ ഇക്കാര്യത്തിൽ ഇനി അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സിപിഎം.

Related posts:

Leave a Reply

Your email address will not be published.