ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ
വാതില്‍ തനിയെ തുറന്നു,
വിദ്യാര്‍ഥിനിക്ക് പരിക്ക്
1 min read
കൊട്ടാരക്കരയില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സില്‍നിന്നു വിദ്യാര്‍ഥിനി തെറിച്ച് റോഡില്‍ വീണു. തലയ്ക്കും കൈമുട്ടിനും കാലിനും പരിക്കേറ്റ തോട്ടംമുക്ക് നെടിവിള താഴതില്‍ അല്‍ക്ക ബി.സന്തോഷി(16)നെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
തിങ്കളാഴ്ച വൈകീട്ട് നാലേമുക്കാലോടെ ചന്തമുക്ക്-ഓയൂര്‍ റോഡില്‍ അമ്മന്‍കോവിലിനു സമീപമായിരുന്നു അപകടം. നെല്ലിക്കുന്നം-ചെപ്ര റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി.ബസ്സില്‍ ടി.ബി.ജങ്ഷനില്‍നിന്നാണ് അല്‍ക്ക കയറിയത്. ബസ്സില്‍ നല്ല തിരക്കായിരുന്നതിനാല്‍ ഫുട്‌ബോഡില്‍ വാതിലിനോടുചേര്‍ന്നാണ് അല്‍ക്ക നിന്നിരുന്നത്. അമ്മന്‍കോവിലിനുമുന്നില്‍ വളവു തിരിയുന്നതിനിടെ ബസ്സിന്റെ വാതില്‍ തുറന്ന് പുറത്തേക്കു വീഴുകയായിരുന്നു.
അപകടമറിയാതെ ബസ് മുന്നോട്ട് നീങ്ങിയെങ്കിലും യാത്രക്കാര്‍ ബഹളംവെച്ചതോടെ ബസ് നിര്‍ത്തി. ഓടിക്കൂടിയ നാട്ടുകാരാണ് ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.