കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി ഉദ്യോഗസ്ഥന്‍!

1 min read

ആശുപത്രിയിലെത്തിച്ച് തൊണ്ടി പുറത്തെടുത്ത് ലോകായുക്ത

കൈക്കൂലി വാങ്ങിയതിന് പിടി വീഴുമ്പോള്‍ രക്ഷപ്പെടാനായി വിവിധ മാര്‍ഗങ്ങളാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. തൊണ്ടി നശിപ്പിക്കാനായി ഏതറ്റം വരെ പോകാനും ചിലര്‍ ശ്രമിക്കാറുണ്ട്. ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയ പണം പിടി വീണതോടെ വിഴുങ്ങിയ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ച് തൊണ്ടി പിടിച്ചെടുത്ത് അഴിമതി വിരുദ്ധ സ്‌ക്വാഡ്. മധ്യപ്രദേശിലെ കട്‌നി എന്ന സ്ഥലത്ത് നിന്നുള്ളതാണ് വേറിട്ട കാഴ്ച.

ജബല്‍പൂരിലെ ലോകായുക്ത സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആണ് റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടിയത്. എന്നാല്‍ പിടിവീണതോടെ ഗജേന്ദ്ര സിംഗ് എന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലി പണം ചവച്ച് വിഴുങ്ങി. ഭൂമി സംബന്ധമായ പ്രശ്‌നവുമായി എത്തിയ ചന്ദന്‍ സിംഗ് ലോധി എന്ന കര്‍ഷകനോട് അയ്യായിരം രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം നല്‍കാന്‍ ഇല്ലാതിരുന്ന കര്‍ഷകന്‍ ജബല്‍പൂരിലെ ലോകായുക്ത ഓഫീസില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തില്‍ ലോകായുക്ത അംഗങ്ങള്‍ ബില്‍ഹരിയിലെ ഓഫീസിലെത്തി ഗജേന്ദ്ര സിംഗിനെ കയ്യോടെ പിടികൂടുകയായിരുന്നു. തന്റെ സ്വകാര്യ ഓഫീസില്‍ വച്ച് 4500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ ലോകായുക്ത ഓഫീസര്‍മാരാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ പണം വായിലിട്ട് ചവയ്ക്കുകയായിരുന്നു.

എന്നാല്‍ തൊണ്ടി മുതല് പോയെന്ന് കണ്ട് ഉദ്യോഗസ്ഥനെ വെറുതെ വിടാന്‍ ഒരുക്കമായിരുന്നില്ല ലോകായുക്ത ഉദ്യോഗസ്ഥര്‍. അവര്‍ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ച് ഇത്തിരി പാട് പെട്ടാണെങ്കിലും രൂപ പള്‍പ്പ് രൂപത്തില്‍ പുറത്തെടുക്കുകയായിരുന്നു. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുകയാണെന്നും തുടര്‍ നടപടികള്‍ ഉറപ്പാക്കുമെന്നും സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് എസ് പി സഞ്ജയ് സാഹു വിശദമാക്കി.

Related posts:

Leave a Reply

Your email address will not be published.