ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപ്പിടുത്തം: സിപിഎം കോണ്‍ഗ്രസ് പരസ്പര സഹകരണത്തിന്റെ തെളിവ്: കെ.സുരേന്ദ്രന്‍
1 min readതിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തം സിപിഎം കോണ്‍ഗ്രസ് പരസ്പര സഹകരണത്തിന്റെ നേര്‍ചിത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇതിലെ മുഖ്യ കരാറുകാരന്‍ മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ മരുമകനാണ്. കെപിസിസി ജന.സെക്രട്ടറി വേണുഗോപാലിന്റെ മകനാണ് മറ്റൊരു കരാറുകാരന്‍. കേരളത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ നടത്തുന്ന പങ്ക് കച്ചവടത്തിന്റെ ഉദഹരണമാണിതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ കാര്യത്തിലായാലും എആര്‍ നഗര്‍ ബാങ്കിന്റെ കാര്യത്തിലായാലും ഇടത്‌വലത് മുന്നണികളുടെ അഴിമതി സഹകരണം കാണാം. ബ്രഹ്മപുരം സംഭവത്തില്‍ ഹൈക്കോടതി ശക്തമായ വിമര്‍ശനം നടത്തിയിട്ടും കോണ്‍ഗ്രസ് സമരം ചെയ്യാത്തത് ഇതുകൊണ്ടാണ്. കൊച്ചി നഗരസഭ അഴിമതി ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളെ കൊല്ലുന്ന മാലിന്യ പുകയില്‍ നിന്നും അഴിമതി നടത്തുകയാണ് ഇരുമുന്നണികളുടെയും ലക്ഷ്യം. കേരളത്തെ കോണ്‍ഗ്രസും സിപിഎമ്മും നശിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഇതുകൊണ്ട് തന്നെയാണ്. ആകസ്മികമായ തീപ്പിടുത്തമല്ല ബ്രഹമപുരത്ത് ഉണ്ടായിരിക്കുന്നത്. തീപ്പിടുത്തത്തെ കുറിച്ച് ശരിയായ അന്വേഷണം ആവശ്യമാണ്. കോടികളുടെ കൊടുക്കല്‍ വാങ്ങല്‍ നടന്നിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും നഗരവികസന മന്ത്രാലയത്തിന്റെയും എല്ലാ നിര്‍ദേശങ്ങളും മറികടന്നു കൊണ്ടാണ് കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യനിര്‍മ്മാര്‍ജന പദ്ധതി വര്‍ഷങ്ങളായി നടപ്പാക്കുന്നത്. 2016ന് ശേഷം മാറിയിട്ടുള്ള മാലിന്യനിര്‍മ്മാര്‍ജന നിയമങ്ങള്‍ നടപ്പിലാക്കാതെയും ന്യൂതനമായ മാര്‍ഗങ്ങള്‍ തേടാതെയും ഖരമാലിന്യങ്ങള്‍ കത്തിക്കുകയാണ് കേരളത്തില്‍ ചെയ്യുന്നത്. മാലിന്യ പ്ലാന്റ് കത്തിക്കലില്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ദേശീയതലത്തിലും സിപിഎമ്മും കോണ്‍ഗ്രസും അഴിമതിക്കാര്‍ക്കൊപ്പമാണ്. മനീഷ് സിസോദിയക്ക് വേണ്ടി ഇരു പാര്‍ട്ടികളും പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദില്ലി ഉപമുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടക്കുന്നത്. ദേശവ്യാപകമായ മാനങ്ങളുള്ള കേസാണ് ദില്ലിമദ്യനയ കേസ്. വലിയ അഴിമതിയാണ് നടന്നത്. ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്‌തെന്നാണ് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്. മനീഷ് സിസോദിയക്കെതിരായ അറസ്റ്റും ദില്ലി മദ്യനയ കേസും കേരളത്തിലെ മുഖ്യമന്ത്രിയെ വിറളിപിടിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നല്ലൊ. അന്വേഷണം തന്റെ ഓഫീസിലേക്ക് വന്നപ്പോഴാണ് മുഖ്യമന്ത്രി അന്വേഷണത്തെ എതിര്‍ക്കുന്നത്. ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വേവലാതി. രാജ്യത്ത് നടക്കുന്ന എല്ലാ അന്വേഷണങ്ങള്‍ക്കുമെതിരെ നരേറ്റീവ് സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി ഇറങ്ങുന്നത് അഴിമതിക്കാരെ എല്ലാവരെയും ഒരു കുടക്കീഴില്‍ നിര്‍ത്താനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എംവി ഗോവിന്ദന്‍ യാത്രയില്‍ ഓരോ ദിവസവും ഓരോ മണ്ടത്തരങ്ങള്‍ പറയുകയാണ്. കേരളത്തിലെ ദേശീയപാത വികസനം സംസ്ഥാന സര്‍ക്കാരാണ് നടത്തുന്നതെന്നാണ് അദ്ദേഹം പറയുന്നത്. കേരള സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കലിന് 25 ശതമാനം നല്‍കാമെന്ന് ആദ്യം പറഞ്ഞു. ഇപ്പോള്‍ പറയുന്നത് ഒന്നും തരില്ലെന്നാണ്. എന്നിട്ടും പ്രവൃത്തി അവസാനിപ്പിക്കാതെ കേന്ദ്രം മുഴുവന്‍ തുകയും നല്‍കി ദേശീയപാത വികസനം നടത്തുകയാണ്. എന്നിട്ടാണ് എല്ലാം ഞങ്ങളാണ് നടത്തുന്നതെന്ന് ഗോവിന്ദന്‍ വീമ്പിളക്കുന്നത്. നിര്‍മ്മലാ സീതാരാമന്‍ ക്ഷേപെന്‍ഷന്‍ കൊടുക്കരുതെന്ന് പറഞ്ഞെന്നാണ് ബിജു പറയുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേരളത്തിലേതിനേക്കാള്‍ കൂടുതല്‍ തുക പെന്‍ഷന്‍ കൊടുക്കുന്നുണ്ട്. മാദ്ധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള തന്ത്രമാണ് ഏഷ്യാനെറ്റിനെതിരെയുള്ള നടപടി. മുഖ്യമന്ത്രിക്കെതിരായ കേസുകള്‍ വരുമ്പോള്‍ അത് വാര്‍ത്തയാക്കാതിരിക്കാനുള്ള തന്ത്രമാണിത്. പിണറായി വിജയന്റെ രണ്ട് കൈകളാണ് സിഎം രവീന്ദ്രനും ശിവശങ്കരനും. ഈ രണ്ട്‌പേരും കുടുങ്ങിയിട്ടുണ്ടെങ്കില്‍ കാര്യങ്ങള്‍ മുഖ്യമന്ത്രി അറിയാതെ ആവില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയും കുടുംബവുമാണ് വിദേശത്ത് നിന്നും പണം കൊണ്ടുവന്നത്. അതില്‍ നിന്നാണ് അഞ്ച് കോടി കാണാതായിരിക്കുന്നത്. വിദേശത്ത് നിന്നും കൊണ്ട് വന്ന പാവങ്ങള്‍ക്ക് വീടുവെക്കാനുള്ള പണം നഷ്ടമായെങ്കില്‍ മുഖ്യമന്ത്രിക്ക് അതില്‍ ഉത്തരവാദിത്വമുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷും സംബന്ധിച്ചു.