വരാപ്പുഴയിൽ പടക്കശാലയിൽ പൊട്ടിത്തെറി: ഒരു മരണം; 6 പേർക്ക് പരുക്ക്
1 min read
കൊച്ചി : വരാപ്പുഴയിലെ പടക്കനിർമ്മാണശാലയിൽ ഉണ്ടായ ഉഗ്ര സ്‌ഫോടനത്തിൽ ഒരു മരണം. പടക്കശാലയുടെ ഉടമയുടെ ബന്ധുവാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. സമീപ വീടുകളിലെ കുട്ടികൾക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
വൈകിട്ട് 4 മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. 10 കിലോമീറ്റർ അകലേക്ക് സ്‌ഫോടനശബ്ദം കേട്ടതായാണ് വിവരം. ഏലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ തോതിലുള്ള ശബ്ദമുണ്ടായി. അടുത്തുള്ള വീടുകൾക്കും കേടുപാടുണ്ടായി.
ജനവാസമേഖലയിലാണ് പടക്കനിർമ്മാണശാല പ്രവർത്തിച്ചിരുന്നത്. സ്‌ഫോടനത്തിൽ പടക്കനിർമ്മാണശാല പൂർണമായും തകർന്നു. അപകട കാരണം വ്യക്തമായിട്ടില്ല. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകളും പൊലീസും സംഭവസ്ഥലത്തെത്തി. പ്രദേശത്തുണ്ടായിരുന്ന മരങ്ങളും കത്തി. പ്രദേശത്തേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചു.