വെടിക്കെട്ടുപുരയിൽ വൻസ്‌ഫോടനം; ഒരാൾക്ക് പരുക്ക്

1 min read

തൃശൂർ : വടക്കാഞ്ചേരിക്കടുത്ത് കുണ്ടന്നൂരിൽ വെടിക്കെട്ടു പുരയിൽ സ്‌ഫോടനം. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ രണ്ടു തവണയായാണ് സ്‌ഫോടനമുണ്ടായത്. സംഭവ സമയത്ത് വെടിക്കെട്ടു പുരയിൽ ഉണ്ടായിരുന്ന ചേലക്കര സ്വദേശി മണിക്ക് (55) ഗുരുതരമായ പരുക്കേറ്റു. ഇയാളെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണി മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. മറ്റുജോലിക്കാർ പുറത്തായതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
കിലോമീറ്ററുകൾ അകലേക്ക് സ്‌ഫോടനത്തിന്റെ പ്രകമ്പനങ്ങളെത്തി. സെക്കന്റുകൾ നീണ്ടു നിന്ന കുലുക്കമാണ് അനുഭവപ്പെട്ടത്. അത്താണി മേഖലയിലും കുലുക്കമുണ്ടായി. ഓട്ടുപാറയിൽ കെട്ടിടങ്ങളുടെ വാതിലുകൾ ശക്തമായ സമ്മർദ്ദത്തിൽ അടഞ്ഞു. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. പ്രദേശത്ത് ഇനിയും പൊട്ടാത്ത പടക്കങ്ങൾ ഉണ്ടോ എന്ന് പരിശോധന നടത്തുന്നു.
ശ്രീനിവാസൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അപകടമുണ്ടായത്. തൃശൂർ പൂരത്തിനടക്കമുള്ള വെടിക്കെട്ട് സാമഗ്രികൾ ഇവിടെ തയ്യാറാക്കുന്നുണ്ട്. നിരവധി കുടുംബങ്ങൾ ഇവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.