മഹാരാഷ്ട്രയില്‍ 48ല്‍ 42 ഉം നേടുമെന്ന് ബി.ജെ.പി

1 min read

മഹായുതി സഖ്യത്തില്‍ ബി.ജെ.പി 26 സീറ്റിലും എന്‍.സി പി-ശിവസേന 22 സീറ്റിലും മത്സരിക്കും.

അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷട്രയില്‍ നിന്നുള്ള 48 സീറ്റുകളില്‍ 42 ലും ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വിജയിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്രഫട്നാവിസ് പറഞ്ഞു.
സഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മിലുള്ള സീറ്റ് വിഭജനം ഏതാണ്ട് പൂര്‍ത്തിയായി. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ശിവസേനയും സഖ്യമായാണ് മത്സരിച്ചത്. 25 സീറ്റില്‍ മത്സരിച്ച ബി.ജെ.പി 23 സീറ്റിലും 23 സീറ്റില്‍ മത്സരിച്ച ശിവസേന 18 സീറ്റും നേടി. അതായത് 48ല്‍ 41 ഉം നേടി.

ജയസാദ്ധ്യത തന്നെയാവും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രധാന പരിഗണനയെന്ന് ഘടകകക്ഷികള്‍ തമ്മിലുള്ള അനൗപചാരിക യോഗത്തില്‍ തീരുമാനമാിയിട്ടുണ്ട്. 48 ലോകസഭ മണ്ഡലങ്ങളിലും മുന്നണിയുടെ സര്‍വേ പൂര്‍ത്തിയായി. സര്‍വേയാണ് ജയസാദ്ധ്യത ഉറപ്പുവരുത്തിയത്. 2019ലെ തിരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ക്ക് സാധാരണഗതിയില്‍ വീണ്ടും മത്സരിക്കാന്‍ അവസരം കിട്ടും. എന്നാല്‍ ഇത് അവസാന വാക്കല്ല. പല തലത്തില്‍ ചര്‍ച്ച നടത്തിയേ അവസാന തീരുമാനമെടുക്കൂ.

നാഗ്പൂരില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തിന് ശേഷമേ ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങൂ.
ഫട്നാവിസിന്റെ നേതൃത്വത്തില്‍ 2014-19ലുണ്ടായിരുന്ന സര്‍ക്കാര്‍ മറാത്ത സംവരണം കൊണ്ടുവന്നിരുന്നുവെങ്കിലും സുപ്രീംകോടതി അത് റദ്ദാക്കുകയായിരുന്നു. സുപ്രീംകോടതി ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു ഉപസമിതിയെ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഒ.ബി.സിക്കുള്ള സംവരണം ഒരിക്കലും മുടക്കില്ലെന്നും ഫട്നാവിസ് പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യം വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചിരുന്നത്. ആകെയുള്ള 2359 ഗ്രാമപഞ്ചായത്തുകളില്‍ ബി.ജെ.പി മാത്രം 724 എണ്ണം നേടിയപ്പോള്‍ സഖ്യകക്ഷികളായ ശിവസേന 263ഉം എന്‍സി.പി 412 ഉം സീറ്റ് നേടിയിരുന്നു. കോണ്‍ഗ്രസിനും ഉദ്ദവ് താക്കറെയുടെ ശിവസേനയ്ക്കും ശരദ പവാറിന്റെ എന്‍.സി.പിക്കും കാര്യമായ തിരിച്ചടി നേരിട്ടു. പവാറിന്റെ ശക്തികേന്ദ്രമായ ബാാരമതിയില്‍ പോലും അജിത് പവാറിന്റെ എന്‍സി.പിയാണ് ജയിച്ചിരുന്നത്. ബാരാമതി താലൂക്കിലെ 32ല്‍ മത്സരം നടന്ന 31ല്‍ 29 എണ്ണവും അജിത് പവാറിന്റെ എന്‍സി.പി നേടിയപ്പോള്‍ ബി.ജെ.പി രണ്ടെണ്ണം നേടി. 2022 ജൂണിലാണ് ശിവസേനയിലെ ഏകനാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ 39 എം.എല്‍.എ മാര്‍ ബി.ജെ.പി സഖ്യത്തിലേക്ക് വന്നത്. അതോടെ കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യത്തിലൂടെ അധികാരത്തിലേറിയ ശിവസേന മുഖ്യമന്ത്രി ഉദ്ദവ് താക്കറേക്ക് രാജിവയ്ക്കേണ്ടി വന്നു. നാടകീയ നീക്കത്തിലൂടെ ബി.ജെ.പി, വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയുമാക്കി.

2019 നവംബറിലായിരുന്നുകോണ്‍ഗ്രസ് – എന്‍സി.പി പിന്തുണയോടെ ശിവസേന നേതാവ് ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. അതുവരെ ശിവസേനയെ കടുത്ത വര്‍ഗീയ പാര്‍ട്ടിയായാണ് കോണ്‍ഗ്രസും എന്‍.സി.പിയും കണ്ടിരുന്നത്. എന്നാല്‍ വലിയ രാഷ്ട്രീയ നാടകങ്ങളും മലക്കം മറിച്ചിലുകളുമാണ് അന്ന് കണ്ടത്. 2022 ജൂലായില്‍ എന്നാല്‍ ശിവസേനയില്‍ കടുത്ത പിളര്‍പ്പുണ്ടായി. ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായതോടെ എന്‍.സി.പി പ്രതിപക്ഷത്തായി. ഈ സാഹചര്യത്തിലാണ് 2023 ജൂലായില്‍ എന്‍.സി.പിയിലെ അജിത് പവാര്‍ വിഭാഗം ബി.ജെ.പിയോടൊപ്പം ചേര്‍ന്നത്. ദേശീയ തലത്തില്‍ എന്‍.സി.പി നേതാവ് ശരദ പവാര്‍ കോണ്‍ഗ്ര്സിന്റെ കൂടെ നിന്ന് ദേശീയ പ്രതിപ്ക്ഷ മുന്നണി ഉണ്ടാക്കുന്നതിനിടിയിലാണ് പവാറിന്റെ മരുമകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ പാര്‍ട്ടിയെ തന്നെ ഹൈജാക്ക് ചെയ്തത്. കോണ്‍ഗ്രസ് മുന്നണിക്ക് മഹാരാഷ്ട്രയില്‍ നിന്ന് കാര്യമായി ഒന്നും നേടാന്‍ കഴിയില്ലെന്ന സൂചനകളാണ് ഇപ്പോള്‍ വരുന്നത്.

Related posts:

Leave a Reply

Your email address will not be published.