കർണാടക പിടിക്കാൻ ബിജെപി : നന്ദിനി പാൽ മുതൽ ഏകീകൃത സിവിൽ കോഡ് വരെ വാഗ്ദാനം

1 min read

ബെംഗളുരു : കർണാടകയിൽ അങ്കം മുറുകിക്കൊണ്ടിരിക്കെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. അന്നം, അഭയം, അക്ഷരം, ആരോഗ്യം, അഭിവൃദ്ധി, ആദായം എന്നിങ്ങനെ ആറു വിഭാഗങ്ങൾ അക്കമിട്ടു നിരത്തിയാണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
1. അന്ന വിഭാഗം
ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി ഓരോ വർഷവും 3 പാചക വാതക സിലിണ്ടർ, എല്ലാ മുനിസിപ്പൽ കോർപ്പറേഷൻ വാർഡുകളിലും അടൽ ആഹാര കന്ദ്രം വഴി ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഭക്ഷണം, ബിപിഎൽ കുടുംബത്തിന് ദിവസവും സൗജന്യമായി അര ലിറ്റർ നന്ദിനി പാൽ, പോഷണ എന്ന പേരിൽ എല്ലാ മാസവും 5 കിലോ ചെറുധാന്യം സൗജന്യം
2. അഭയ വിഭാഗം
ഭൂ രഹിതർക്കും ഭവന രഹിതർക്കും 10 ലക്ഷം ഹൗസിങ് സൈറ്റുകൾ, എസ്.സി – എസ്.ടി വിഭാഗം വനിതകൾക്ക് 5 വർഷത്തേക്ക് 10,000 രൂപയുടെ സ്ഥിരനിക്ഷേപം.
3. അക്ഷര വിഭാഗം
സർക്കാർ സ്‌കൂളുകളുടെ നിലവാരം ഉയർത്തൽ, ഐടിഐ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് മികച്ച യുവ പ്രഫഷണലുകളെ സൃഷ്ടിക്കൽ, ഐഎഎസും ബാങ്കിങ്ങും സർക്കാർ ജോലിയും ആഗ്രഹിക്കുന്ന യുവാക്കൾക്ക് സാമ്പത്തിക-കരിയർ സഹായങ്ങൾ.
4. ആരോഗ്യ വിഭാഗം
മുനിസിപ്പൽ കോർപ്പറേഷനിലെ എല്ലാ വാർഡുകളിലും നമ്മ ക്ലിനിക്ക്, മുതിർന്ന പൗരൻമാർക്ക് വാർഷിക സൗജന്യ മെഡിക്കൽ ചെക്കപ്പ്
5. അഭിവൃദ്ധി വിഭാഗം
കൃഷിയും ടെക്‌നോളജിയും സംയോജിപ്പിക്കാൻ പദ്ധതി തയ്യാറാക്കും, അടുത്ത തലമുറയ്ക്കായി ബെംഗളുരുവിനെ അത്യാധുനിക രീതിയിൽ വികസിപ്പിക്കുക, ഡിജിറ്റൽ ഇന്നവേഷന്റെ ആഗോള ഹബ്ബായി ബെ്ഗളുരുവിനെ മാറ്റുക, ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും, കാർഷിക മേഖലയ്ക്കായി 30,000 കോടിയുടെ കെ-അഗ്രിഫണ്ട്, 5 പുതിയ അഗ്രോ-ഇൻഡസ്ട്രി ക്ലസ്റ്റർ
6. ആദായ വിഭാഗം
കല്യാൺ സർക്യൂട്ട്, പരശുരാമ സർക്യൂട്ട്, ഗണഗാപുര ഇടനാഴി തുടങ്ങിയവയിലൂടെ സംസ്ഥാനത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കുക, നിർമാണ മേഖലയിൽ 10 ലക്ഷം തൊഴിൽ ലഭ്യമാക്കുക.

സംസ്ഥാനത്ത് എല്ലായിടത്തും സന്ദർശിച്ച് ശേഖരിച്ച വിവരങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുത്താണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് ബിജെപി ദേശിയ അദ്ധ്യക്ഷൻ ജെ.പി നഡ്ഡ പറഞ്ഞു. ഏകീകൃത സിവിൽ കോഡ്, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

Related posts:

Leave a Reply

Your email address will not be published.