മെത്രാനും മുഖ്യമന്ത്രിക്കും രാഷ്ട്രീയമുണ്ട്. എനിക്കായിക്കൂടെയെന്ന് മറിയക്കുട്ടി
1 min readഎന്റെ രാഷ്ട്രീയം കൊള്ളരുതായ്മകള്‍ക്കെതിരെ മുഖം നോക്കാതെ ശബ്ദമുയര്‍ത്തലെന്ന് മറിയക്കുട്ടി
മറിയക്കുട്ടി എന്ന് പേര് കേരള സര്‍ക്കാരിന് തലവേദനയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാര്‍ക്കും പാര്‍ട്ടി സെക്രട്ടറിക്കുമൊക്കെ. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ പരിണത പ്രജ്ഞരായ രാഷ്ട്രീയക്കാരെക്കാള്‍ മിടുക്കോടുകൂടി മറിയക്കുട്ടി തുറന്നു കാണിക്കുന്നു. ്‌സ്വാഭാവികമായും ഭരണത്തിലിരിക്കുന്നവര്‍ക്ക് മറിയക്കുട്ടി അവരുടെ കണ്ണിലെ കരടാണ്. മറിയക്കുട്ടി 78 കാരിയാണെന്നതും പാവപ്പെട്ടവളാണെന്നും പറയുന്നതൊക്കെ കാര്യമാണെന്നത് നാട്ടുകാര്‍ക്കറിയാമെന്നതും ആണ് മറിയക്കുട്ടിയെ കടന്നാക്രമിക്കുന്നതില്‍ നിന്നും ഭരണക്കാരെ പിന്തിരിപ്പിക്കുന്നത്. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ യുള്ളൂ മറിയക്കുട്ടിക്ക്. ജനിച്ചത് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത്. 12 വയസ്സുകഴി്ഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ക്കൊപ്പം ഇടുക്കിയിലേക്ക് കുടിയേറുന്നത്. അടിമാലി
ഇരുന്നൂറേക്കറിലെത്തിയ മറിയക്കുട്ടിയുടെ കുടുംബം കാട്ടിലെത്തി വന്യമുൃഗങ്ങളോട് പോരാടിയാണ് ജീവിച്ചത്. ആനയുടെ ആക്രമണമായിരുന്നു ജീവനുനേരെയുള്ള പധാന വെല്ലുവിളി. കൂലിപണിയായിരുന്നു ഉപജീവന മാര്‍ഗം. 36 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. തീയില്‍ കുരുത്ത മറിയക്കുട്ടി വാടിയില്ല. കൂലിപ്പണിയെടുത്ത് നാല് പെണ്‍മക്കളെയും വളര്‍ത്തി.
ചെറുപ്പം മുതലേ ചുറ്റിലുമുള്ള കൊള്ളരുതായ്മകള്‍ക്കെതിരെ മുഖം നോക്കാതെ ശബ്ദമുയര്‍ത്തിയിരുന്നു. നേരില്‍ കണ്ടിട്ടുള്ള തര്‍ക്കങ്ങളിലും അടിപിടിക്കേസുകളിലും പക്ഷംപിടിക്കാതെ പൊലീസില്‍ സാക്ഷി പറയാനും പരാതിപ്പെടാനും മടിയില്ല. ചുറ്റുവട്ടത്തുള്ള സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ പണ്ടുമുതലേ ഒപ്പം നില്‍ക്കാറുണ്ട്. ഇതോടെയാണ് ‘മജിസ്‌ട്രേറ്റ് മറിയക്കുട്ടി’ എന്ന പേര് വീണത്. ഇങ്ങനെ വിളിക്കുന്നതില്‍ യാതൊരുവിധ പരിഭവമോ വിഷമമോ ഇതുവരെ തോന്നിയിട്ടില്ല.
എപ്പോഴാണ് മറിയക്കുട്ടിയെ കേരളം ശ്രദ്ധിച്ചു തുടങ്ങിയത്. കോടികള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ നവകേരള സദസ്സിനുള്ള ഒരുക്കവുമായി മുന്നോട്ടുപോകുന്നു. ആ സമയത്താണ് ക്ഷേമപെന്‍ഷനുകള്‍ നാലുമാസമായി മുടങ്ങിയ കാര്യം ചര്‍ച്ചാ വിഷയമാവുന്നത്. ഏക വരുമാനമായ വിധവാ പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ മറിയക്കുട്ടി അന്ന ഔസേപ്പിനൊപ്പം അടിമാലി ടൗണില്‍ മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് സമരം നടത്തുന്നു. കേരളം മുഴുവന്‍ ആ വാര്‍ത്ത ശ്രദ്ധിച്ചു. പെന്‍ഷന്‍ കൊടുക്കാത്തത് അതോടെ ചര്‍ച്ചാ വിഷയമായി. എന്നാല്‍ വ്യാജ ആരോപണങ്ങളെയാണ് അതോടെ മറിയക്കുട്ടിക്ക് നേരിടേണ്ടിവന്നത്. കഞ്ഞി കുടിക്കാന്‍ വകയില്ലാത്ത ആളെകുറിച്ച് പത്രത്തില്‍ കോടീശ്വരനാണെന്ന് എഴുതിയാല്‍ എങ്ങനെയുണ്ടാകും. സി.പി.എം മുഖപത്രം ദേശാഭിമാനിയായിരുന്നു മറിയക്കുട്ടിക്കെതിരെ ആദ്യത്തെ നുണ ബോംബ് പൊട്ടിച്ചത്. തന്നെ തകര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് മറിയക്കുട്ടി പറയുന്നു. മന്നാങ്കണ്ടം വില്ലേജിലെ പഴമ്പിള്ളിച്ചാലില്‍ ഒന്നര ഏക്കര്‍ ഭൂമിയുണ്ടെന്നും രണ്ട് വീടുണ്ടെന്നും ഒരു വീടിന്റെ വാടക മാസം 5,000 രൂപയാണെന്നും വ്യാജ പ്രചാരണം നടത്തുകയായിരുന്നു അവര്‍ ചെയ്തത്. ഇത്ര കള്ളം പ്രചരിപ്പിക്കുമ്പോള്‍ . മിണ്ടാതിരിക്കേണ്ട ആവശ്യമില്ലല്ലോ. സ്ഥലമുണ്ടെങ്കില്‍ രേഖകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. മന്നാങ്കണ്ടം വില്ലേജില്‍ ഒരിടത്തും എനിക്ക് സ്വന്തമായി ഭൂമിയില്ലെന്ന് വില്ലേജ് അധികൃതര്‍ സാക്ഷ്യപത്രം നല്‍കി. ഇത് കോടതിയില്‍ ഹാജരാക്കി. വീടുകള്‍ തന്റെയല്ലെന്നും രേഖമൂലം തെളിയിച്ചു.
എനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച പത്രത്തിന്റെ ആളുകള്‍ ആളെവിട്ട് 20 ലക്ഷം രൂപ നല്‍കാമെന്നും മാപ്പുപറയാമെന്നും പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല. മാപ്പു പറയേണ്ടത് കോടതിയില്‍ ആണെന്ന് തനിക്ക് നല്ല ബോധ്യമുണ്ട്. എന്റെ മാത്രമല്ല നിരവധി പേരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയാണിത്.
സത്യത്തില്‍ മറിയക്കുട്ടിയുടെ കൂടെ ആരുമില്ല. മറിയക്കുട്ടിക്ക് ഇരുനൂറേക്കറില്‍ ഏത് വീട്ടില്‍ ചെന്നാലും ഭക്ഷണം ലഭിക്കും. എല്ലാ വീടുകളും സ്വന്തം വീടുപോലെയാണ്. അതു മാത്രം പോരല്ലോ. തന്റെ ഏകാശ്രയം പെന്‍ഷനാണെന്ന് മറിയക്കുട്ടി പറയുന്നു. എന്നാല്‍, പ്രായമായ എന്നെപോലുള്ളവരെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. നിത്യചെലവുകള്‍ക്ക് ആരുടെയെങ്കിലും മുന്നില്‍ എന്നും കൈനീട്ടാന്‍ സാധിക്കുമോ എന്ന മറിയക്കുട്ടിയുടെ ചോദ്യം നമ്മുടെ മനസാക്ഷിക്ക് നേരെയാണ്. മന്ത്രിപുംഗവന്‍മാര്‍ക്ക് ആ ചോദ്യം കേട്ടിട്ടും ഒരു അലട്ടലുമില്ല. എന്നാല്‍ സമരം തുടങ്ങുമ്പോള്‍ ഇത്ര വലിയ മാറ്റം ഉണ്ടാവുമെന്ന് മറിയക്കുട്ടിയ കരുതിയിരുന്നില്ല. പെന്‍ഷന്‍ കുടിശിക കിട്ടുക എന്ന ആവശ്യം ലഭിക്കാനായിട്ടാണ് സമരം ചെയതത്.
നാലു പെണ്‍മക്കളാണ് മറിയക്കുട്ടിക്കുള്ളത്. അടിമാലിയില്‍ ലോട്ടറി വില്‍പന നടത്തുന്ന ഇളയ മകള്‍ പ്രിന്‍സിയുടെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.മറ്റൊരാള്‍ ആയിരമേക്കറിലും ഒരാള്‍ പനമരത്തും നാലാമത്തെയാള്‍ ഡല്‍ഹിയിലും.
മറിയക്കുട്ടിക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ഭരണക്കാര്‍ പറയുന്നത്. എന്നാല്‍ എന്റെ പിന്നില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്ന് അവര്‍ പറയുന്നു.. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആര്‍എസ്എസിന്റെയും എല്ലാ പാര്‍ട്ടിക്കാരുടെയും പിന്തുണ എനിക്കുണ്ട്.
ആരുടെയും സഹായത്താലല്ല താന്‍ കാടതിയില്‍ പോയത്. വക്കീലിനെ പോയി കണ്ടു. കോടതിയില്‍ പോയി.
എല്ലാവര്‍ക്കും രാഷ്ട്രീയമില്ലേ? മെത്രാനും മുഖ്യമന്ത്രിക്കുമുണ്ട് രാഷ്ട്രീയം. ഞാന്‍ ഇന്ത്യന്‍ പൗരനല്ലേ? എനിക്ക് രാഷ്ട്രീയമുണ്ട്. അതില്‍ എന്ത് തെറ്റാണുള്ളത്?
എന്തിനും ഏതിനും ബക്കറ്റ് പിരിവുമായി നടക്കുന്നതല്ലാതെ എന്താണ് ഇവര്‍ ചെയ്യുന്നത്. മറ്റൊരു പാര്‍ട്ടിയുമിങ്ങനെ ബക്കറ്റ് പിരിവുമായി നടക്കുന്നത് താന്‍ കണ്ടിട്ടില്ല. ജനോപകാരപ്രദമായ ഒന്നും ഈ സര്‍ക്കാര്‍ ചെയ്തിട്ടില്ല. ഭരണത്തിന്റെ അഹങ്കാരമാണ് സര്‍ക്കാരിലുള്ളവര്‍ക്കുള്ളത്. ഈ അഹങ്കാരം വെച്ചുപൊറുപ്പിക്കേണ്ട ആവശ്യം ജനങ്ങള്‍ക്കില്ല. സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് താന്‍ പറയില്ല. അവര്‍ക്കു വേണ്ടത് അവര്‍ കൃത്യമായി ഉണ്ടാക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് സ്വപ്നക്കും സരിതയ്ക്കും വേണ്ടി മാത്രമാണെന്നും മറിയക്കുട്ടി കുറ്റപ്പെടുത്തുന്നു.
മറിയക്കുട്ടി കേരള ഭരണത്തെ വിലയിരുത്തുന്നതിങ്ങനെ
മാവേലി സ്റ്റോറുകളില്‍ സാധനങ്ങള്‍ ഇല്ല, സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുമില്ല.. ഡോക്ടര്‍മാര്‍ പരിശോധിക്കണമെങ്കില്‍ രോഗികള്‍ പണം നല്‍കി കോട്ടേഴ്‌സില്‍ പോയി ക്യൂ നില്‍ക്കണം. സാധാരണക്കാര്‍ എങ്ങനെ ജീവിക്കും. പാവപ്പെട്ടവര്‍ക്ക് കഞ്ഞിവെക്കാനുള്ള അരി വേണമെന്ന് ഞാന്‍ പറഞ്ഞതില്‍ എന്തു തെറ്റാണുള്ളത്. ഇപ്പോള്‍ രണ്ടു മന്ത്രിമാരെ മാറ്റിയിട്ടുണ്ട്. എന്തു ഗുണമാണ് ഉള്ളത്. കള്ളനെ തന്നെ പിടിച്ചു പിന്നെയും മന്ത്രിയാക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇനി ഭരണം കിട്ടില്ല. കേരളത്തെ നശിപ്പിച്ചു കുട്ടിച്ചോറാക്കി.
താന്‍ തുള്ളുകയാണെന്ന മന്ത്രി സജി ചെറിയാന്‍ രാജ്യത്തെ ഒറ്റിക്കൊടുത്തവനാണ്. അയാള്‍ക്ക് എന്നേക്കുറിച്ച് പറയാന്‍ യാതൊരുവിധ യോഗ്യതയുമില്ല. രാജ്യം ഒറ്റിക്കൊടുക്കുന്നത് കുരുതിയാണ്.
എനിക്ക് വീടുവെച്ചുതരുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. സുരേഷ് ഗോപിയും കൃഷ്ണകുമാറും സഹായം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. മറ്റാരും സഹായ വാഗ്ദാനങ്ങളും ആരും നല്‍കിയിട്ടില്ല.
കോടതി ഇടപ്പെടലില്‍ തൃപ്തയാണന്നും മറിയക്കുട്ടി പറയുന്നു..