അനാര്‍ക്കലിയില്‍ നായകനാകേണ്ടിയിരുന്നത് ബിജുമേനോന്
1 min readഅയ്യപ്പനും കോശിയും ഈഗോ ഇല്ലാതെ അഭിനയിച്ചു പൃഥ്വിരാജ്
സച്ചി ആദ്യമായി സംവിധാനം ചെയ്ത അനാര്‍ക്കലി എന്ന ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്ത നായകവേഷം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചത് ബിജുമേനോനായിരുന്നു. എന്നാല്‍ ആ റോളില്‍ നിന്നും അദ്ദേഹം പിന്മാറി. അതിനു കാരണം ബിജുമേനോന് തന്നെ പറയുന്നു:
”സച്ചി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹമാണ് അനാര്‍ക്കലി എന്ന ചിത്രത്തില്‍ എന്നെ എത്തിച്ചത്. അവിടെ നിന്നാണ് ഞാന്‍ പൃഥ്വിരാജുമായി അടുത്ത് ഇടപഴകുന്നത്. അനാര്‍ക്കലി എഴുതിയപ്പോള്‍ അതില്‍ പൃഥ്വിരാജിന്റെ റോള്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു സച്ചി ആദ്യം എന്നെ വിളിച്ചത്. പിന്നീട് ആ കഥയില്‍ കടലിലുള്ള നീന്തലും പ്രണയരംഗങ്ങളും വന്നപ്പോള്‍ ഞാന്‍ അതില്‍ നിന്ന് പിന്മാറി. കാരണം അത്തരം കാര്യങ്ങള്‍ ധൈര്യപൂര്‍വം സമീപിക്കാനുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ടായിരുന്നില്ല.”
അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ കോശി എന്ന കഥാപാത്രത്തെയാണ് സച്ചി ബിജുമേനോന് നല്‍കിയത്. എന്നാല്‍ തുടര്‍ന്നുണ്ടായ ചര്‍ച്ചയില്‍ അയ്യപ്പന് നായരായി ബിജുവും കോശിയായി പൃഥ്വിരാജും എത്തി. നായകനപ്പുറം നല്ല സിനിമകള്‍ മാത്രമാണ് ഞങ്ങള്‍ ചിന്തിക്കാറുള്ളത് എന്നാണ് ബിജുമേനോന് പറയുന്നത്.
” അയ്യപ്പനും കോശിയിലും പല സീനിലും എന്റെ കഥാപാത്രത്തിന് പ്രാധാന്യം കിട്ടിയപ്പോള്‍ പൃഥ്വി ഈഗോ ഇല്ലാതെ അഭിനയിച്ചു. അതെല്ലാം സിനിമയോടുള്ള അവന്റെ കമ്മിറ്റ്മെന്റാണ് കാണിക്കുന്നത്. അഭിനയിക്കുന്ന സിനിമ ഓടണം എന്നല്ലാതെ എന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം വേണമെന്നവന്‍ ചിന്തിച്ചിട്ടില്ല. ഞാനും അത്തരത്തില്‍ ചിന്തിക്കുന്ന ആളാണ് അങ്ങനെ ചെയ്യുമ്പോള്‍ സിനിമ നന്നാവും.” ബിജു മേനോന് പറഞ്ഞു.
സംവിധായകന് സച്ചിയെക്കുറിച്ചുള്ള ബിജുമേനോന്റെ ഓര്‍മ്മകള്‍ ഇങ്ങനെയാണ്: ”ചെറിയ കഥയില്‍ നിന്ന് പ്രേക്ഷകരെ തിയറ്ററില്‍ പിടിച്ചിരുത്തുന്ന വലിയ ചിത്രമൊരുക്കാനുള്ള ബ്രില്യന്‍സുണ്ട് സച്ചിക്ക്. അടുപ്പവും സൗഹൃദവും ഉണ്ടെങ്കിലും ചില കാര്യത്തില്‍ സച്ചി വലിയ പിടിവാശിക്കാരനാണ്. ചിത്രത്തിലെ ഫൈറ്റ് സീനുകള്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ തനിമയോടെ അവതരിപ്പിക്കണമെന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. അത് ചിത്രത്തിന് അനിവാര്യമായതിനാല്‍ പ്രായത്തിന്റെ പ്രശ്നങ്ങളൊന്നും വകവെക്കാതെയാണ് ഞങ്ങള്‍ ഫൈറ്റ് സീന്‍ ചെയ്തത്.” ബിജുമേനോന് ഓര്‍ക്കുന്നു.
അയ്യപ്പനും കോശിയും ക്ലൈമാക്സില്‍ ബിജുമേനോനും പൃഥ്വിരാജും തമ്മിലുള്ള ഒരു ഫൈറ്റ് സീനുണ്ട്. അതിലെ മല്പിടുത്തത്തില് ഇരുവര്‍ക്കും ശരീരത്തില്‍ കുറേ മുറിവുകളും ചതവുകളുമുണ്ടായിരുന്നു. ഇത്തരം കഥാപാത്രങ്ങള്‍ അപൂര്‍വമായി തേടിയെത്തുന്ന സൗഭാഗ്യമാണെന്നും, സിനിമ കണ്ട ഒരുപാട് പേര് വിളിച്ച് അഭിനന്ദിച്ചുവെന്നും പറയുന്നു ബിജുമേനോന്.