മടിയനെന്ന് മമ്മൂക്ക വിളിച്ചതെന്തിന്

1 min read

ഞാന്‍ ഗന്ധര്‍വ്വനില്‍ ബിജു മേനോനോ…പത്മരാജന്‍ സെലക്ട് ചെയ്തത് ആരെ?

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ബിജു മേനോന്‍. ഇദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് റേഞ്ച് എത്ര കണ്ടാലും അനുഭവിച്ചാലും മതിയാവില്ല. കോമഡി, സീരിയസ്, നായകന്‍, വില്ലന്‍ എന്തുതന്നെയായാലും ആ കഥാപാത്രത്തിലേക്ക് ബിജു മേനോന്‍ ഇഴുകിചേരും. അവസാനമായി അദ്ദേഹത്തിന്റെ മികച്ച പ്രകടനം മലയാളികള്‍ കണ്ടത് ഗരുഡനിലാണ്.

തുണ്ട് എന്ന തന്റെ പുതിയ സിനിമയുമായി തിയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് ബിജു മേനോന്‍. സിനിമയുടെ പ്രമോഷനായി സജീവമായി താരവുമുണ്ട്. അടുത്തിടെയായി ഇടവേളകളെടുക്കാതെ  ഇത്രയേറെ സിനിമകള്‍ തുടരെ തുടരെ ചെയ്തിട്ടും എന്തുകൊണ്ടാണ് മമ്മൂട്ടി മടിയന്‍ എന്ന ടാഗ് നല്‍കിയത് ? ഈ ചോദ്യത്തിന് ബിജു മേനോന്‍ മറുപടി പറയുന്നത് വൈറലാകുന്നു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ കുറിച്ചും അന്തരിച്ച സംവിധായകന്‍ പത്മരാജനെ കുറിച്ചും ബിജു മേനോന്‍ സംസാരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഗന്ധര്‍വന്‍ സിനിമയുടെ ഡബ്ബിങ് ഓഡീഷന് പോയ അനുഭവവും ബിജു മേനോന്‍ പങ്കിട്ടു.

‘എന്തുകൊണ്ടാണ് എന്നെ മടിയന്‍ എന്ന് വിളിച്ചതെന്ന് ശരിക്കും മമ്മൂക്കയോടാണ് ചോദിക്കേണ്ടത്. പിന്നെ മമ്മൂക്കയുമായി കംപയര്‍ ചെയ്താല്‍ ബാക്കി എല്ലാവരും മടിയന്മാരാകും. കാരണം ഒരു നിമിഷം വിശ്രമിക്കാതെ ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുന്നയാളാണ്. അത്രയും ജോലി ഞാന്‍ ചെയ്യാത്തതുകൊണ്ടാകും എന്നെ അദ്ദേഹം മടിയനെന്ന് വിളിച്ചത്. അത്യാവശ്യം ജോലിയൊക്കെ ഞാന്‍ ചെയ്യുന്നുണ്ടെന്നാണ്’, ബിജു പറഞ്ഞത്.

പിന്നീട് പത്മരാജനുമായുള്ള അനുഭവമാണ് താരം പങ്കിട്ടത്. ‘പത്മരാജന്‍ സാറുമായുള്ള മീറ്റിങിന് ഒരു പോസ്റ്റ് കാര്‍ഡിലായിരുന്നു എനിക്കന്ന് വിളി വന്നത്. ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലെ കഥാപാത്രത്തിന് ശബ്ദം ടെസ്റ്റ് ചെയ്യാന്‍ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് വരണം എന്നായിരുന്നു ആ കാര്‍ഡിലുണ്ടായിരുന്നത്. വേറെ ആരോ എഴുതിയ കാര്‍ഡില്‍ പത്മരാജന്‍ സാറിന്റെ കയ്യൊപ്പ് ഉണ്ടായിരുന്നു. ഞാന്‍ ആ സമയം ഓള്‍ ഇന്ത്യാ റേഡിയോയില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. അങ്ങനെയാണ് അവര്‍ എന്നെ ഇതിനായി വിളിച്ചത്. ഞാന്‍ വളരെ എക്‌സൈറ്റഡായിരുന്നു. അച്ഛന്റെ ഫ്രണ്ടായിരുന്നു പത്മരാജന്‍ സാര്‍. പക്ഷെ വീട്ടില്‍ ഞാന്‍ ഇതിനെപ്പറ്റി പറഞ്ഞില്ല. നേരെ തിരുവനന്തപുരത്തേക്ക് പോയി. അവിടെ ചിത്രാഞ്ജലിയില്‍ ബാക്കിയുള്ള ഓള്‍ ഇന്ത്യാ റേഡിയോയില്‍ നിന്നുള്ളവരുമുണ്ടായിരുന്നു. ഡബ്ബിങ് എങ്ങനെയാണെന്ന് പഠിക്കാന്‍ വേണ്ടി ഞങ്ങളെ സ്റ്റുഡിയോയില്‍ കൊണ്ടിരുത്തി. ആ സമയത്ത് അവിടെ സോമേട്ടന്‍ വന്നു, ജയറാമേട്ടന്‍ വന്നു.’
‘അവര്‍ ചെയ്യുന്നത് കണ്ടിട്ട് ഓരോരുത്തരായി പോയി ഡബ് ചെയ്തു. പത്മരാജന്‍ സാര്‍ വൈകുന്നേരമാണ് വന്നത്. അദ്ദേഹം വന്ന ശേഷം ഞാനും പോയി ഡബ്ബ് ചെയ്തു. സെക്കന്‍ഡ് ഹാഫിലെ ഒരു പോര്‍ഷനാണ് ഞാന്‍ ചെയ്തത്. അത് ചെയ്ത് കഴിഞ്ഞശേഷം സാര്‍ എന്നെ കണ്‍സോളിലേക്ക് വിളിപ്പിച്ചു. എന്നിട്ട് എനിക്ക് അത് പ്ലെ ചെയ്ത് കാണിച്ച് തന്നിട്ട് ചോദിച്ചു… വോയ്‌സ് മാച്ച് ചെയ്യുന്നുണ്ടോയെന്ന്.’

‘ഞാന്‍ പറഞ്ഞു… ഒരു അവസരം കിട്ടിയത് മിസ്സാവാന്‍ പാടില്ലെന്ന് വിചാരിച്ചതുകൊണ്ടാണ് ഇത് ചെയ്തത്. ഒരു മുഖത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന വോയിസുണ്ട്. ബിജുവിന്റെ വോയിസ് ഈ കഥാപാത്രത്തിന് ചേരില്ല. പക്ഷെ നല്ല കഴിവുള്ളയാളാണ്. വേറെയും സിനിമകള്‍ ചെയ്യാന്‍ ബിജുവിന് പറ്റുമെന്ന് സാര്‍ പറഞ്ഞു’, ബിജു മേനോന്‍ കൂട്ടിചേര്‍ത്തു.

Related posts:

Leave a Reply

Your email address will not be published.