ബിഹാറില്‍ ബി.ജെ.പി എം.എല്‍.എയെ സഭയില്‍ നിന്ന് പുറത്തേക്കെറിഞ്ഞു.
1 min read ബിഹാറില്‍ ബി.ജെ.പിയുടെ നിയമസഭാംഗത്തെ മാര്‍ഷലുകള്‍ തൂക്കിയെടുത്ത് പുറത്തേക്കിട്ടു. ബി.ജെ.പി അംഗം സഞ്ജയ് സിംഗിനെയാണ് സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരം തൂക്കിയെടുത്ത് പുറത്തേക്കിട്ടത്.
കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയ മാര്‍ച്ചിന് നേരെ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ് ബി.ജെ.പി ജില്ലാ സെക്രട്ടറി വിജയ്കുമാര്‍ മരിച്ചിരുന്നു. ഇതിനെതിരെ നിയമസഭയില്‍ പ്രതിഷേധിക്കുമ്പോഴാണ് സ്പീക്കര്‍ അവധ് ബിഹാറി ചൗധുരി, സഞ്ജയ് സിംഗിനെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതേ തുടര്‍ന്നായിരുന്നു മാര്‍ഷലുകള്‍ സഞ്ജയസിംഗിനെ തൂക്കിയെടുത്ത് വെളിയിലേക്കിട്ടത്. വാര്‍ത്താ ഏജന്‌സിയായ എ.എന്‍.ഐ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.
അഴിമതി ക്കേസില്‍ കുറ്റപത്രം നല്‍കപ്പെട്ട ഉപമുഖ്യമന്ത്രി തേജസ്വിയാദവിനെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി പ്രക്ഷോഭത്തിനിറങ്ങിയത്. അഴിമതിക്കേസില്‍ കുറ്റപത്രം നല്‍കപ്പെട്ടിട്ടും ഒരാള്‍ മന്ത്രിയായി തുടരുന്നത് നാടിന് അപമാനമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ബിഹാറില്‍ ഇപ്പോള്‍ അടിയന്തരാവസ്ഥയാണ് നടക്കുന്നതെന്ന് സഞ്ജയ് സിംഗ് കുറ്റപ്പെടുത്തി.
ഡാര്‍ക്ക് ബംഗ്ലോ ചൗരയില്‍ നടന്ന ബി.ജെ.പി പ്രതിഷേധത്തിനിടയിലാണ് വിജയകുമാര്‍ സിംഗ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ് മരിച്ചത്. മഹര്‍ഗഞ്ജില്‍ നിന്നുള്ള ബി.ജെ.പി എം.പി ജനാര്‍ദ്ദന്‍ സിംഗ് സിഗ്രിവാളിനും ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റിരുന്നു.