ജോഡോ യാത്ര വൻവിജയം; കിഴക്ക്-പടിഞ്ഞാറ് യാത്രയും പരിഗണനയിൽ : ജയ്റാം രമേശ്
1 min readറായ്പൂർ: രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ തെക്ക്-വടക്ക് നടത്തിയ ഭാരത് ജാഡോ യാത്ര വൻവിജയമായിരുന്നുവെന്ന് കോൺഗ്രസ് നേതൃത്വം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തിന്റെ കിഴക്കു നിന്ന് പടിഞ്ഞാറേക്ക് മറ്റൊരു യാത്ര കൂടി നടത്തുന്നതിന്റെ ആലാചനയിലാണെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.
ഭാരത് ജാഡോ യാത്രയുടെ തപസ്യയുമായി മുന്നോട്ടുപോകാൻ പ്ലീനറി സമ്മേളനത്തിൽ രാഹുൽഗാന്ധി ആഹ്വാനം ചെയ്തതിനെ തുടർന്നാണ് രണ്ടാമതൊരു യാത്രയെക്കുറിച്ച് നേതൃത്വം സൂചന നൽകിയത്. ഏപ്രിൽ, നവംബർ മാസങ്ങളിൽ ചില സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പു കൂടി പരിഗണിച്ചായിരിക്കും യാത്രയുടെ തീയതി തീരുമാനിക്കുന്നത്.
അരുണാചൽ പ്രദേശിലെ പാസിഘട്ട് മുതൽ ഗുജറാത്തിലെ പോർബന്തർ വരെയായിരിക്കും കിഴക്ക്-പടിഞ്ഞാറ് യാത്ര. എന്നാൽ തെക്ക്-വടക്ക് യാത്രയിൽ നിന്ന് വ്യത്യസ്തമായിരിക്കും ഈ യാത്ര. ഭാരത് ജാഡോ യാത്രയെപ്പോലെ വലിയ സന്നാഹങ്ങളുണ്ടാകാൻ സാധ്യതയില്ല. യാത്രികരുടെ എണ്ണത്തിലും കുറവു വന്നേക്കാം. കിഴക്ക്-പടിഞ്ഞാറ് പാത നദികളും കാടുകളും ധാരാളമുള്ള മേഖലയായതിനാൽ പദയാത്ര മാത്രമായിരിക്കില്ല എന്ന സൂചനയും പാർട്ടി നൽകുന്നു.