ബാങ്കില്‍ കത്തി കാട്ടി പണം തട്ടാന്‍ വന്ന കള്ളനെ വിരട്ടിയോടിച്ച് വനിതാ ബാങ്ക് മാനേജര്‍

1 min read

രാജസ്ഥാനില്‍ നടന്ന ഒരു ബാങ്ക് കവര്‍ച്ചാ ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ വന്ന മുഖംമൂടിധാരിയായ കള്ളനെ ഒറ്റയ്ക്ക് നേരിടുന്ന ബാങ്ക് ജീവനക്കാരിയാണ് ദൃശ്യങ്ങളില്‍.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ മരുധാര ഗ്രാമീണ്‍ ബാങ്കിലാണ് കവര്‍ച്ചാശ്രമം നടന്നത്. മുഖംമൂടി ധരിച്ച കള്ളന്‍ ബാങ്കിലെത്തി ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുമ്പോള്‍ ആണ് ബാഗ് മാനേജര്‍ പൂനം ഗുപ്ത തന്റെ ക്യാമ്പിനില്‍ നിന്നും പുറത്തേക്ക് വരുന്നത്. ഈ സമയം കള്ളന്‍ ബാങ്ക് മാനേജര്‍ക്ക് നേരെ തിരിയുന്നു. എന്നാല്‍ ധൈര്യം കൈവിടാതെ അവര്‍ തന്റെ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത് തടയാന്‍ കള്ളന്‍ അവര്‍ക്കു നേരെ കത്തി വീശുന്നു. ആ സമയം കള്ളനെ ബാങ്കിലെ മറ്റു ജീവനക്കാര്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. അപ്പോള്‍ കള്ളന്റെ പോക്കറ്റില്‍ നിന്നാകണം നിലത്ത് വീണ പ്ലെയര്‍ എടുത്ത് ബാങ്ക് മാനേജര്‍ കള്ളന് നേരെ ആക്രമിക്കാനായി ചെല്ലുന്നു. ഒരു നിമിഷം പകച്ചുപോയ കള്ളനുമായി ബാങ്ക് മാനേജര്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു. ഇതിനിടയില്‍ കിട്ടിയ അവസരത്തില്‍ കള്ളന്‍ ബാങ്കില്‍ നിന്നും ഇറങ്ങിയോടുന്നു. ഉടന്‍തന്നെ ബാങ്ക് മാനേജര്‍ ഫോണ്‍ എടുത്ത് ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നതും കാണാം.

ഏതായാലും ബാങ്ക് മാനേജര്‍ പൂനം ഗുപ്തയുടെ ധീരമായ ഇടപെടലില്‍ വലിയൊരു മോഷണ ശ്രമമാണ് പരാജയപ്പെട്ടത്. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം, സംഭവസമയത്ത്, 30 ലക്ഷം രൂപയാണ് ബാങ്കില്‍ സൂക്ഷിച്ചിരുന്നത്. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടി. ചൂടേറിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വനിതാ ബാങ്ക് മാനേജരുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണ്.

Related posts:

Leave a Reply

Your email address will not be published.