അട്ടപ്പാടി മധു കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍, രണ്ട് പേരെ ഒഴിവാക്കി, ശിക്ഷ നാളെ

1 min read

പാലക്കാട്: അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവായി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. രണ്ടു പേരെ വെറുതെവിട്ടു. മധു കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിനു ശേഷമാണ് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതി കേസില്‍ വിധി പറഞ്ഞത്.

ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. 14 പ്രതികള്‍ക്കുമെതിരെ നരഹത്യ കുറ്റം തെളിഞ്ഞുവെന്ന് കോടതി കണ്ടെത്തി. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുല്‍ കരീം എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചെന്നായിരുന്നു അനീഷിന് എതിരായ കുറ്റം. മധുവിനെ കള്ളന്‍ എ്ന്നു വിളിച്ച് ആക്ഷേപിച്ചെന്നാണ് അബ്ദുല്‍ കരീമിന് എതിരായ കുറ്റം.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. അരി മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

പതിനൊന്നു മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കേസില്‍ വിധി വന്നത്. 127 പേരായിരുന്നു സാക്ഷികള്‍. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. മാര്‍ച്ച് പത്തിനാണ് കേസിന്റെ അന്തിമ വാദം പൂര്‍ത്തിയായത്. വിധി പ്രസ്താവത്തോട് അനുബന്ധിച്ച് കോടതി പരിസരത്ത് കനത്ത സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.

കൂറുമാറിയ വനം വകുപ്പിലെ താത്കാലിക ജീവനക്കാരായ നാല് പേരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ ചില സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവത്തിനും മണ്ണാര്‍ക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി.

Related posts:

Leave a Reply

Your email address will not be published.