ഷട്ടര്‍ താഴ്ത്തിയ ശേഷം ദൃശ്യങ്ങള്‍
ഡിലീറ്റ് ചെയ്യാന്‍ ഭീഷണിപ്പെടുത്തിയെന്ന്
നടി അന്നാ രാജന്‍
1 min read
അങ്കമാലീ ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചി എന്ന നവായിക കഥാപത്രത്തിലൂടെ മലയാള സിനിമക്ക് സുപരിചിതയായ നടിയാണ് അന്നാ രാജന്‍.
ഒരു സ്വകാര്യ ടെലികോം കമ്പനിയുടെ ഓഫീസ് ജീവനക്കാരില്‍ നിന്ന് നടി അന്ന രാജന് ഉണ്ടായ ദുരനുഭവം കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഒരു സിം ഡൂപ്ലിക്കേഷനുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെത്തിയതായിരുന്നു നടി. പൊലീസില്‍ പരാതിയുമായി എത്തിയിരുന്നുവെങ്കിലും ജീവനക്കാര്‍ മാപ്പ് പറഞ്ഞതോടെ കേസുമായി മുന്നോട്ടുപോകേണ്ടെന്നും അന്ന രാജന്‍ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ യഥാര്‍ഥത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എന്തൊക്കെയെന്ന് വിവരിക്കുകയാണ് അന്ന രാജന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അന്നയുടെ പ്രതികരണം.
ദുരനുഭവം വിവരിച്ച് അന്ന രാജന്‍
എനിക്കുണ്ടായ ദുരനുഭവത്തെ പറ്റി നിങ്ങള്‍ എല്ലാവരും അറിഞ്ഞു കാണും എന്നു അറിയാം. എങ്കിലും ഞാന്‍ തന്നെ വിവരങ്ങള്‍ പങ്കുവെക്കുകയാണ്. ഒരു സ്വകാര്യ ടെലികോം സേവന കേന്ദ്രത്തില്‍ സിം ഡ്യൂപ്ലിക്കേറ്റ് എടുക്കാനായി ഞാന്‍ ഇന്നലെ അവരുടെ ആലുവ ഓഫീസില്‍ പോയിരുന്നു. അതിനോട് ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രോസസ്സ് ചെയ്യുന്നതിനോട് ബന്ധപെട്ടു അവിടത്തെ സ്റ്റാഫുകളില്‍ നിന്ന് എനിക്ക് വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നു.
അവിടുത്തെ ലേഡി മാനേജര്‍ എന്റെ സംശയങ്ങളോട് മോശമായി പ്രതികരിക്കുന്നത് കണ്ടപ്പോള്‍ അത് കസ്റ്റമര്‍ കെയറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഞാന്‍ അവിടെ നടന്നത് ഫോണില്‍ പകര്‍ത്തി. ഞാന്‍ എടുത്ത ഫോട്ടോ ഡിലീറ്റ് ആക്കാതെ എന്നെ പുറത്തു വിടില്ല എന്നും പറഞ്ഞു അവിടെ ഉണ്ടായിരുന്ന മാനേജര്‍ ലേഡി പറഞ്ഞതിനെ തുടര്‍ന്നു സ്റ്റാഫുകള്‍ ചേര്‍ന്നു ഷോറൂമിന്റെ ഷട്ടര്‍ താഴ്ത്തി. ഫോട്ടോ ഡിലീറ്റ് ചെയ്യാതെ പുറത്തുപോകാന്‍ ആവില്ലെന്ന് പറഞ്ഞ് എന്നെ പിടിച്ചുവലിച്ചു മാറ്റുകയും ചെയ്തു. തുടര്‍ന്നു ഷട്ടര്‍ തുറന്ന് എന്നെ പോകാന്‍ അനുവദിക്കണം എന്നും എന്നാല്‍ ഞാന്‍ ഫോട്ടോ ഡീലീറ്റ് ചെയ്‌തോളാം എന്നും അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ ഞാന്‍ പറഞ്ഞതൊന്നും വകവെക്കാതെ പുച്ഛഭാവത്തില്‍ ജീവനക്കാര്‍. മറ്റു കസ്റ്റമേഴ്‌സിന് ബുദ്ധിമുട്ടിക്കാതെ ഷട്ടര്‍ തുറന്ന് പ്രവര്‍ത്തിക്കണം എന്നും പോലീസ് വന്നിട്ടു ഞാന്‍ ഇറങ്ങിക്കോളാം എന്നും ഞാന്‍ അവരെ അറിയിക്കുകയും ചെയ്തു. ഉള്ളത് പറഞ്ഞാല്‍ പ്രതീക്ഷിക്കാതെ ഉണ്ടായ ഈ ഒരു അനുഭവത്തില്‍ ഞാന്‍ വല്ലാതെ പേടിച്ചു എന്നു തന്നെ പറയാം. സഹായത്തിനു ആരെ വിളിക്കും എന്നു പകച്ചു നിന്നപ്പോള്‍ തോന്നിയ ധൈര്യത്തിന് എന്റെ പിതാവിന്റെ കൂട്ടുകാരും സഹപ്രവര്‍ത്തകരുമായ രാഷ്ട്രിയ പ്രവര്‍ത്തകരെ വിളിച്ചു. തുടര്‍ന്ന് അവരുടെയെല്ലാം സഹായത്തോടെ ആലുവ പൊലീസ് സ്റ്റേഷനില്‍ ചെല്ലുകയും, രേഖാമൂലം പരാതി കൊടുക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷം ഷോറൂം ജീവനക്കാര്‍ നേരിട്ട് പോലീസ് സ്റ്റേഷനില്‍ എത്തി നടന്ന കാര്യങ്ങളില്‍ ഖേദം പ്രകടിപ്പികുകയും മാപ്പ് പറയുകയും ചെയ്തു.
എനിക്ക് സംഭവിച്ചത് ഇനി ഒരാള്‍ക്ക് സംഭവിക്കരുത്. ഒരു ആവശ്യത്തിനായി കസ്റ്റമര്‍ സമീപിക്കുമ്പോള്‍ ഇങ്ങനെ പെരുമാറുന്നത് മോശം ആണ്. അക്രമവും ഗുണ്ടായിസവും ഒന്നിനും പരിഹാരമല്ലല്ലോ. ഒരാള്‍ക്കും ഈ അവസ്ഥ നേരിടേണ്ടി വരരുത്. All Are Equal. ഒരു നടിയാണ് എന്നു വെളിപെടുത്തിക്കൊണ്ടല്ല ഞാന്‍ അവിടെ പോയത്, സാധാരണ കസ്റ്റമര്‍ ആയിട്ടാണ്. ആ നിമിഷം എനിക്കുണ്ടായ വേദന, അതു പൊലെ ഈ ചെയ്തത് തെറ്റാണെന്ന അവരുടെ തിരിച്ചറിവിന് വേണ്ടിയാണ് പരാതി കൊടുത്തത്. ഈ പ്രശ്‌നത്തിന്റെ പേരില്‍ അവിടെ ജോലി ചെയ്യുന്ന ആരുടെയും ജീവിതം തകര്‍ക്കണമെന്നോ അവരുടെ ജോലിയെ ഇതു ബാധിക്കണമെന്നോ എനിക്കില്ല. ഒരു നിമിഷത്തേക്ക് ഭയന്നുപോയെങ്കിലും എന്റെ അവകാശങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ പപ്പാടെ സ്ഥാനത്തു നിന്ന് എനിക്ക് കരുതല്‍ തന്നു കൂടെ നിന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വേണ്ട ലീഗല്‍ സപ്പോര്‍ട്ട് തന്ന പോലീസിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരുപാട് നന്ദി. At the end of the day, Equaltiy served well is a success to Humantiy.